വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര.


വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര. അടുത്ത കാലത്തായി കേരളത്തിൽ മൺസൂൺ ടൂറിസത്തിന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശരിക്കും കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രതൃേകത തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ജൂൺ മാസം ആദ്യം തുടങ്ങി നവംബർ പകുതി യോടെ അവസാനിക്കുന്ന മഴക്കാലമാണല്ലൊ കേരളത്തിൽ. ഇതിൽ കനത്ത മഴ അനുഭവപ്പെടുന്ന ജൂലൈ ഒഴികെ മറ്റെല്ലാ സമയത്തും സന്ദർശിക്കാൻ അനുയോജ്യമായ ധാരാളം സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടു്.

ഉദാഹരണത്തിന്:

1. തീരപ്രദേശങ്ങളായ കോവളം, വർക്കല, കോഴിക്കോട് തുടങ്ങി മനോഹരമായ ബീച്ചുകൾ.

2. കൊല്ലം ജില്ലയിലെ അഷ്ടമുടി, കോട്ടയം ജില്ലയിലെ കുമരകം, കൊച്ചി മുതലായ കായലുകൾ. ഹൗസ് ബോട്ടുകളിലെ സവാരിയാണ് ഇവിടങ്ങളിലെ ഏറ്റവും വലിയ ആകർഷണം.

3. പശ്ചിമ ഘട്ട മല നിരകളിലെ മനോഹരമായ പ്രദേശങ്ങളായ മൂന്നാർ, ഗവി, വാഗമൺ തുടങ്ങിയ പ്രദേശങ്ങൾ.

അടുത്തിടെ ഞാൻ നടത്തിയ യാത്ര കളിൽ വളരെയധികം ആസ്വദിച്ച ഒന്നായിരുന്നു വാഗമൺ എന്ന സ്ഥലത്തേക്കുള്ളത്.

ഈ സ്ഥലത്തെക്കുറിച്ച് ഒരു ചെറു വിവരണം- വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര.

ഇടുക്കി ജില്ലയിലാണ് വാഗമൺ എന്ന മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്ന ത്.

1.മൊട്ടക്കുന്നുകൾ.

മൊട്ടക്കുന്നുകൾ

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത്രയധികം മൊട്ടക്കുന്നുകൾ ഒരുമിച്ചു മറ്റെവിടെയെങ്കിലും കാണാൻ സാധിക്കുമോ എന്നകാര്യം സംശയമാണ്. ഇടയ്ക്കിടെ തെന്നിനീങ്ങുന്ന കോടമഞ്ഞും ഇളം കാറ്റും പെട്ടെന്നു വന്നു പോകുന്ന ചാറ്റൽ മഴയും എല്ലാം ഇവിടെ ഒത്തു ചേരുന്നു. ശരിക്കും ഈ പ്രദേശം ഏതൊരു സഞ്ചാരിയുടെയും മനം കവരുക തന്നെ ചെയ്യും.

2.പൈൻ മരക്കാടുകളാണ് ഇവിടത്തെ മറ്റൊരു പ്രതൃേകത.

ഇട തൂർന്നു നില്ക്കുന്ന ഈ മരങ്ങളുടെ തണലിൽ എത്ര നേരമിരുന്നാലും യാതൊരു വിരസതയും തോന്നില്ല എന്നതാണു സത്യം. മനുഷ്യനിർമ്മിതമാണ് ഈ കാടുകൾ എന്ന കാര്യം വിശ്വസിക്കാൻ അല്പം പ്രയാസം തോന്നാം.എങ്കിലും അതു തന്നെയാണ് വാസ്തവം.

3.പ്രകൃതി സൗന്ദര്യം

സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം പ്രകൃതി സൗന്ദര്യം തന്നെയാണ് . ചെറുതും വലുതുമായ ധാരാളം വെള്ളച്ചാട്ടങ്ങൾ ഇവിടെ നമുക്കു കാണാൻ സാധിക്കും. അതുപോലെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചിട്ടുള്ള തെയില തോട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

4.പാരാഗ്ളൈഡിംഗ്.

അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പാരാഗ്ളൈഡിംഗ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. പക്ഷേ കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമായാൽ മാത്രമേ ഇതു നടത്താറുള്ളു.വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര.

എങ്ങനെ ഇവിടെ എത്തിച്ചേരാം

യഥാർത്ഥത്തിൽ ഇടുക്കി ജില്ലയിലാണെങ്കിലും, കോട്ടയത്തു നിന്നു വളരെ സൗകര്യപ്രദമായി ഇവിടെ എത്തിച്ചേരാം. അതായത് ഏകദേശം 60 കിലോമീറ്റർ മാത്രമാണ് കോട്ടയത്തു നിന്ന് ഇവിടേക്കുള്ളദൂരം. കെ എസ് ആർ ടി സി കോട്ടയം ഡിപ്പോയിൽ നിന്നു കട്ടപ്പനയിലേക്കുള്ള ബസ്സിൽ കയറിയാൽ വാഗമൺ മൊട്ടക്കുന്നുകളുടെ സമീപം ഇറങ്ങാം.ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയാണ്.

ഈ വർഷത്തെ മഴക്കാലത്തിന്റെ ആരംഭത്തിൽ വാഗമണ്ണിലേക്കു നടത്തിയ ഹൃസ്വ യാത്രയുടെ അനുഭവങ്ങൾ ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാം.

പല പ്രാവശ്യം അവിടേക്കു യാത്ര ചെയ്തിട്ടുള്ള എന്നെ സംബന്ധിച്ചു വാഗമൺ എന്നാൽ മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും മാത്രമായിരുന്നു. എന്നാൽ, ഈ തവണത്തെ യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. മഴക്കാല യാത്രയുടെ മനോഹാരിത നമ്മൾ നേരിട്ടു കണ്ടു മനസ്സിലാക്കണം എന്നാണ് എനിക്കു പറയാനുള്ളത്.

സാധാരണ ഞങ്ങൾ കോട്ടയത്തു നിന്നു വാഗമണ്ണിലേക്കു രാവിലെ പുറപ്പെട്ടാൽ വൈകുന്നേരം തിരിച്ചെത്താറാണ് പതിവ്. എന്നാൽ ഇതിനു വിപരീതമായി, ഈ പ്രാവശ്യം ഒരു ദിവസം അവിടെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. താമസസൗകര്യത്തിനു വേണ്ടി ഇന്റർനെറ്റിൽ പരതി. ധാരാളം റിസോർട്ടുകളും ഹോം സ്റ്റേകളും ഉണ്ടെന്നുള്ള കാര്യം മനസ്സിലാക്കി. അങ്ങനെ, തരക്കേടില്ലെന്നു തോന്നിയതു കൊണ്ടു Kissing Mountains എന്ന റിസോർട്ടിൽ ഒരു മുറി ബുക്കു ചെയ്തു. Pet friendly എന്നു കൂടി കണ്ടതോടെ മറ്റൊരു തീരുമാനം കൂടി എടുത്തു. അതായതു ഞങ്ങളുടെ പ്രിയപ്പെട്ട ‘കുഞ്ചി’യെ കൂടെ കൂട്ടാൻ. മാൾട്ടീസ് ഇനത്തിൽപ്പെടുന്ന പട്ടിക്കുട്ടിയാണ്, യാത്രകൾ വളരെ യധികം ഇഷ്ടപ്പെടുന്ന കുഞ്ചി.

കുഞ്ചി

ഞങ്ങളുടെ യാത്ര – വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര .

വാഗമണ്ണിലേക്കുള്ള വഴി.

കോട്ടയത്ത് നിന്ന് രാവിലെ ഏകദേശം 9 മണിയോടു കൂടി കാറിൽ ഞങ്ങൾ വാഗമണ്ണിലേക്കു പുറപ്പെട്ടു . ഈരാറ്റുപേട്ട വഴി, ഏതാണ്ട് പതിനൊന്നരയോടെ റിസോർട്ടിൽ എത്തിച്ചേർന്നു. ഹൃദ്യമായ പുഞ്ചിരിയോടെ ഉടമ ദിലീപ് ഞങ്ങളെ സ്വീകരിച്ചു.ചെക് ഇൻ സമയം രണ്ടുമണി ആണെങ്കിലും, മുറി ഒഴിവുണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ അനുവദിച്ചു കിട്ടി.സുദാമാ എന്ന നേപ്പാളി സ്വദേശിയായ ചെറുപ്പക്കാരൻ, സാധനങ്ങൾ എടുത്തു വെക്കുന്നതിനും മറ്റും ഞങ്ങളെ സഹായിച്ചു. അത്യധികം വിനയവും മര്യാദയോടെയുള്ള പെരുമാറ്റവും കൈമുതലായുള്ള സുദാമാ സത്യത്തിൽ ഭഗവാൻ ശ്രീ കൃഷ്ണന്റെ ഉറ്റ സുഹൃത്തിനെത്തന്നെയാണ് ഓർമ്മിപ്പിച്ചത്. പിന്നെ അവിടെയുള്ളത് സുജാത ആയിരുന്നു. നമ്മുടെ ഇഷ്ടം ചോദിച്ചറിഞ്ഞു ആഹാരം തയാറാക്കി നൽകുന്നതിൽ അവർ കാണിച്ച താല്പര്യം തീർച്ചയായും എടുത്തുപറയേണ്ടതാണ്. അത്യാവശ്യം വേണ്ട സൗകര്യങ്ങളും വൃത്തിയുമുള്ള മുറിയായിരുന്നു. അങ്ങനെ എന്തുകൊണ്ടും ഒരു’ ഹോംലി അറ്റ്മോസ്ഫിയർ’ തന്നെ ആയിരുന്നു.

റിസോർട്ടിൽ നിന്നുള്ള ഒരു ദൃശൃം

വാഗമണ്ണിലെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്നതും ഈ റിസോർട് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നാണെന്നു തോന്നുന്നു. വരാന്തയിലിരുന്നു നോക്കിയാൽ ഇളം നീല ക്യാൻവാസിൽ വരച്ച മനോഹരമായ ഒരു പ്രകൃതി ചിത്രം കാണും പോലെയാണ്. ദൂരത്തായി കാണുന്ന മലകളും തേയില തോട്ടവും പൈൻ കാടുകളും വെള്ളച്ചാട്ടവും ഒഴുകി നീങ്ങുന്ന കോടമഞ്ഞും……ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്നു മഴ ഇതിന്റെ സൗന്ദര്യം ഇരട്ടിയാക്കി. മഴ തോർന്നു കഴിഞ്ഞാൽ കുറെ സമയത്തേക്ക് കോടമഞ്ഞല്ലാതെ യാതൊന്നും കാണാനില്ല.വാഗമണ്ണിലെ ഈ കാഴ്ചകൾ എന്നിൽ ഗൃഹാതുരത്വം ഉണർത്തിയതിൽ യാതൊരു അതിശയത്തിനും സ്ഥാനമില്ല. കാരണം, അച്ഛൻ ജോലി ചെയ്തിരുന്ന ചിക്കമംഗ്ലൂരിലെ തേയില തോട്ടത്തിലായിരുന്നു എന്റെ ബാല്യകാലം.

വൈകുന്നേരം വെറുതെ വാഗമൺ പട്ടണത്തിലേക്കു പോയി. അപ്പോഴും മഴയും കോടമഞ്ഞും ഇടവിട്ട് വന്നുകൊണ്ടിരുന്നു. മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്ന യാത്രക്കാരെയും കൊണ്ട് വാഹനങ്ങൾ വാഗമണ്ണിലേക്കു വരുന്നുണ്ടായിരുന്നു.രാത്രിയിൽ സുജാത തയ്യാറാക്കിത്തന്ന ചൂട് ചപ്പാത്തിയും വെജിറ്റബിൾ കുർമയും കഴിച്ചു. സാമാന്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ ഉറങ്ങിപ്പോയത് അറിഞ്ഞതേയില്ല.

അടുത്ത ദിവസം രാവിലെ മടക്ക യാത്ര യ്ക്കു തയാറായി. പ്രഭാത ഭക്ഷണം കഴിഞ്ഞു റിസോർട്ടിൽ നിന്നും യാത്ര പറഞ്ഞു പുറപ്പെട്ടു.

പാലൊഴുകുംപാറ വെള്ളച്ചാട്ടം.

നേരെ പോയത് പാലൊഴുകും പാറ വെള്ളച്ചാട്ടം കാണാനായിരുന്നു. പേരു പോലെതന്നെ അതി മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്.തമിഴ്‌നാട്ടിൽ നിന്നും, അടുത്തിടെ കല്യാണം കഴിഞ്ഞ ദമ്പതിമാർ ഫോട്ടോ ഷൂട്ടിനു വേണ്ടി അവിടെ എത്തിയിരുന്നു. ശരിക്കും വളരെ ഭംഗിയുള്ള സ്ഥലം തന്നെയാണ് അവർ തിരഞ്ഞെടുത്തത്. കുറെ സമയം അവിടെ ചിലവഴിച്ചതിനു ശേഷം മടക്കയാത്ര ആരംഭിച്ചു. അവിടെയുള്ള മിക്കവാറും വീടുകളെല്ലാം തന്നെ ഹോംസ്റ്റേകളാണ്. സീസൺ ആയിക്കഴിഞ്ഞാൽ എല്ലായിടവും നല്ലതിരക്കു തന്നെ ആയിരിക്കും. അവിടെ വച്ചു നാട്ടുകാരെ പലരെയും പരിചയപ്പെട്ടു. അവരൊക്കെ വർഷങ്ങൾക്കു മുൻപ് കോട്ടയത്ത് നിന്നും മറ്റും വന്നു താമസമാക്കിയവരാണ്.

മൊട്ടക്കുന്നിൽ.

വാഗമണ്ണിൽ വന്നിട്ട് മൊട്ടക്കുന്നിൽ കയറാതെ പോകാനാവില്ലല്ലോ. തന്നെയുമല്ല, തിരികെ വരുന്നത് അതുവഴിയാണ്. ഇടയ്ക്കിടെ വേനൽമഴ പെയ്തതിനാൽ കുന്നുകളെല്ലാം പച്ച പുതച്ചു കഴിഞ്ഞിരുന്നു. ഒരിക്കൽ മാർച്ചു മാസത്തിൽ ഇവിടെവന്നപ്പോൾ വല്ലാത്ത നിരാശ തോന്നിയിരുന്നു.കാരണം, കുന്നുകളെല്ലാം ഒരു പുൽക്കൊടി പോലുമില്ലാതെ ഉണങ്ങി വരണ്ട നിലയിലായിരുന്നു.മൊട്ടക്കുന്നിൽ കയറി അല്പം കഴിഞ്ഞപ്പോഴേക്കും ശക്തമായ മഴ തുടങ്ങി. കുടയെടുത്തിരുന്നെങ്കിലും കാറ്റിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. മുൻപ് ഇവിടെ ഇടിമിന്നലേറ്റ് ധാരാളം അപകടങ്ങൾ ഉണ്ടായതു പത്രങ്ങളിൽ നമ്മൾ വായിച്ചിരുന്നല്ലോ. എന്നാൽ, ഇപ്പോൾ എല്ലാ കുന്നുകളിലും ലൈറ്റനിംഗ് കണ്ടക്ടർ സ്ഥാപിച്ചിട്ടുണ്ട്. മഴ കാരണം അപ്പോൾ തന്നെ ഞങ്ങൾ തിരികെ പോന്നു.

മടക്കയാത്ര- വാഗമൺ മൊട്ടക്കുന്നിലേക്കൊരു മഴയാത്ര.

കോടമഞ്ഞിൽ മുങ്ങിയ പ്രകൃതി.

മൊട്ടക്കുന്നിൽ നിന്നും ഇറങ്ങി നേരെ ഏലപ്പാറ, കുട്ടിക്കാനം വഴി മടക്ക യാത്ര ആരംഭിച്ചു. ശരിക്കും മറക്കാനാവാത്ത ഒരു യാത്ര തന്നെ ആയിരുന്നു അത് . മാറി മാറി വരുന്ന ചാറ്റൽ മഴയും കോട മഞ്ഞും. യാതൊന്നും തന്നെ കാണാൻ കഴിയാതിരുന്ന ഒന്നുരണ്ടു പ്രാവശ്യം വഴിയരുകിൽ വണ്ടി ഒതുക്കിയിട്ടു. വെറുതെ മൂടൽ മഞ്ഞു കണ്ടിരിക്കാൻ വല്ലാത്ത കൗതുകം തോന്നി. അങ്ങനെ മനോഹരമായ തേയിലക്കാടുകൾക്കു നടുവിലൂടെ യാത്ര തുടർന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിജനമായ സ്ഥലത്തു ഒരു ചായക്കട. ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു ചൂടു ചായ കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അവിടെ നിന്ന് ചൂട് ചായയും ബജിയും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.

കുട്ടിക്കാനത്തിനു സമീപമുള്ള വളഞ്ഞങ്ങാനം വെള്ളച്ചാട്ടമാണ് ഈ വഴി മടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. അതും പിന്നിട്ടു കാഞ്ഞിരപ്പള്ളിയിലെത്തി ഉച്ച ഭക്ഷണം കഴിച്ചു. ഏകദേശം നാലു മണിയോടുകൂടി കൂടി വീട്ടിൽ മടങ്ങിയെത്തി.ശരിക്കും വളരെ നന്നായി ആസ്വദിച്ച ഒരു മഴ യാത്രയായിരുന്നു അത്.

നമ്മൾ വിദേശ യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണല്ലോ. എന്നാൽ വല്ലപ്പോഴും നമ്മുടെ നാട്ടിലെ കൊച്ചു കൊച്ചു സ്ഥലങ്ങൾ കൂടി കാണാൻ ശ്രമിക്കുക. തീർച്ചയായും, ദൈവത്തിന്റെ സ്വന്തം നാടിനെ നമുക്ക് മറക്കാതിരിക്കാം.