ബോൺസായ് വളർത്തൽ കേരളത്തിൽ. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ബോൺസായ്, നിങ്ങൾക്കും അനായാസം വളർത്താൻ സാധിക്കും. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ കലാരൂപം പണ്ടു മുതലേ വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനങ്ങൾ ഇതു വളരെ താല്പര്യമുള്ള ഹോബിയായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും കാലാവസ്ഥക്ക് അനുയോജ്യമായ മരങ്ങൾ ഇതിനായി തിരഞ്ഞെടുക്കണം എന്നു മാത്രം.ഏതായാലും കേരളത്തിൽ വളരുന്ന ധാരാളം മരങ്ങൾ നമുക്ക് ബോൺസായ് ആയി വളർത്താൻ സാധിക്കും. ശരിക്കും ഒരു ഹോബി എന്നതിലുപരി ഒരു വരുമാന മാർഗ്ഗമായും ഇതിനെ നമുക്ക് മാറ്റിയെടുക്കാം. ദിവസവും കുറച്ചു സമയം ഇതിനായി മാറ്റി വച്ചാൽ മതി.കേരളത്തിൽ ബോൺസായ് ആയി വളർത്താൻ അനുയോജ്യമായ മരങ്ങൾ ഏതെല്ലാമാണെന്നു നോക്കാം. തീർച്ചയായും ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന മിക്കവാറും എല്ലാ മരങ്ങളും നമുക്ക് കേരളത്തിലും പരീക്ഷിച്ചു നോക്കാം.അതിൽ തന്നെ, ആൽ ( Ficus ) കുടുംബത്തിൽ പെട്ട മരങ്ങൾ ഏറ്റവും അനുയോജ്യമായവയാണ്. ഏകദേശം 800 ൽ അധികം തരത്തിലുള്ള ആൽ മരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നമ്മുടെ സ്വന്തം മരങ്ങളായ കണിക്കൊന്ന,വാളൻ പുളി എന്നിവയും യോജിച്ചവ തന്നെ. ബോഗെയ്ൻവില്ല , തെറ്റി മുതലായ പൂച്ചെടികളും മനോഹരമായ ബോൺസായ് ആയി നമുക്ക് വളർത്തിയെടുക്കാം. പല നിറങ്ങളിലുള്ള പൂക്കളോടു കൂടിയ അഡീനിയം, കേരളത്തിലെ കാലാവസ്ഥക്കു ഏറ്റവും യോജിച്ച ബോൺസായ് ആണ്.
പിങ്ക് പൂക്കളോടു കൂടിയ അഡീനിയം ബോൺസായ്.
ആൽ കുടുംബത്തിൽ പെട്ട ഏതാനും മരങ്ങളെ ഇവിടെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്താം .
അരയാൽ ( Ficus religiosa ). ബോൺസായ് വളർത്തൽ കേരളത്തിൽ .
അരയാൽ ബോൺസായ്
തീർച്ചയായും, അരയാൽ മരങ്ങൾക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . കാരണം, കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളുടെയും സമീപത്തു ആൽ മരങ്ങളെ നമുക്ക് കാണാം. മനോഹരമായ ഇലകളും ബോൺസായ്‌ക്ക് അനുയോജ്യമായ ശിഖരങ്ങളുമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിന്റെ തൈകൾ നമുക്ക് വില കൊടുത്തു വാങ്ങേണ്ട ആവശ്യം തന്നെ വരുന്നില്ല. കാരണം, വലിയ മരങ്ങളുടെ ചുവട്ടിൽ നിന്നും തൈകൾ ശേഖരിക്കാം.
പേരാൽ (Ficus benghalensis ).
പേരാൽ ബോൺസായ്
കൂടുതലായും വടക്കേ ഇന്ത്യയിലാണ് പേരാൽ മരങ്ങൾ കണ്ടുവരുന്നത്. കേരളത്തിലും ഇവ നന്നായി വളരുന്നു. മുകളിൽ നിന്ന് താഴേക്ക് തൂങ്ങി വളരുന്ന വേരുകളാണ് പേരാൽ മരങ്ങളുടെ പ്രത്യേകത. തിളക്കമുള്ള ഇലകളും പേരാൽ ബോൺസായ് മരങ്ങളെ ആകർഷകമാക്കുന്നു. ഇതിന്റെ വേരിൽ നിന്ന് മുളച്ചു വരുന്ന തൈകൾ അടർത്തിയെടുത്തു നമുക്ക് ചട്ടികളിൽ വളർത്താം.
ഫൈക്കസ് റട്ടൂസ ( Ficus retusa ) ബോൺസായ് വളർത്തൽ കേരളത്തിൽ.
ഫൈക്കസ് റട്ടൂസ ബോൺസായ്
ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ഗാർഡൻ ഡിസൈൻ ചെയ്യുന്നതിന് ഈ മരങ്ങൾ ധാരാളമായി ഉപയോഗിച്ച് വരുന്നു.പേരാൽ, അരയാൽ എന്നീ മരങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ബോൺസായ് രൂപം കൈവരിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.കടും പച്ച നിറത്തിലുള്ള ഇലകളും പേരാലിനെപ്പോലെ താഴേക്ക് വളരുന്ന വേരുകളും ഈ ബോൺസായിയെ മനോഹരമാക്കുന്നു.കമ്പുകൾ മുറിച്ചു നട്ട് അനായാസം ഇവയെ നമുക്ക് വളർത്താൻ സാധിക്കും. തന്നെയല്ല, തുടക്കക്കാരായ ബോൺസായ് പ്രേമികൾക്ക് എന്തുകൊണ്ടും യോജിച്ച മരമാണ് ഫൈക്കസ് റട്ടൂസ.
ഫൈക്കസ് ആലി ( Ficus alii ).
ഫൈക്കസ് ആലി
ആൽ കുടുംബത്തിൽപ്പെട്ട മറ്റൊരു മരമാണ് ഫൈക്കസ് ആലി. നീളമുള്ള ഇലകളാണ് ഇതിനെ മറ്റുള്ള ആൽ മരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതും കമ്പ് മുറിച്ചു നട്ടു നമുക്ക് വളർത്തിയെടുക്കാം . ശരിക്കും വളരെ മനോഹരമായ ഈ ബോൺസായ് എല്ലാവരും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
ബോധി ആൽ ( Ficus rumphii ).
ബോധി ആൽ
കാഴ്ച്ചയിൽ അരയാലിനെപ്പോലെ തോന്നിക്കുമെങ്കിലും ഇവ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും ഇലകളുടെ ഘടനയിലുള്ള വ്യത്യാസമാണ്. ഇതും കമ്പ് മുറിച്ചു നട്ടു നമുക്ക് വളർത്താൻ സാധിക്കും. ഈ മരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായി ഇരുന്നപ്പോഴാണ് ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. മുകളിൽ വിവരിച്ചിരിക്കുന്ന മരങ്ങൾ എല്ലാം കേരളത്തിൽ സുലഭമായി ലഭിക്കുന്നവയാണ്. പ്രതേകിച്ച് പണം മുടക്കാതെ തന്നെ. അതുകൊണ്ടു നിങ്ങളും തീർച്ചയായും ഇതിൽ ഏതെങ്കിലും ബോൺസായ് മരങ്ങൾ വളർത്താൻ ശ്രമിക്കുമല്ലൊ.മറ്റു ചെടികൾ വളർത്തുന്നതിനോടൊപ്പം ഒരു ബോൺസായ് മരം കൂടി ഉൾപ്പെടുത്തുക. അതിനായി അധിക അദ്ധ്വാനം ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. ഓരോ മരങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും നടീൽ രീതികളും അടുത്ത പ്രാവശ്യം ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാം.( ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾക്ക് കടപ്പാട് – Tamarind Bonsai, Kottayam )
വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ. വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കാൻ താല്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ, സ്ഥല പരിമിതി തന്നെയാണ് പലരെയും ഇതിൽ നിന്നും പിൻതിരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം . പ്രതേകിച്ച്, ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ. അല്പം മനസ്സു വച്ചാൽ ഇത് ആർക്കും സാധിക്കും. വീട്ടിനുള്ളിൽ അനായാസം വളർത്താവുന്ന മനോഹരമായ ധാരാളം ചെടികളുണ്ട്.വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ – അതായതു ഇൻഡോർ പ്ലാന്റ്സ് ( Indoor plants).വാസ്‌തവത്തിൽ, ഒരു ചെടിക്കു പോലും വീട്ടിനുള്ളിൽ ദീർഘ കാലം അതിജീവിക്കാൻ കഴിയില്ല. പക്ഷെ, കുറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു നന്നായി വളരുന്ന ധാരാളം ചെടികളുണ്ട്. ഇത്തരം ചെടികൾക്കു ദിവസം രണ്ടു മൂന്നു മണിക്കൂർ വെയിൽ മതിയാകും. ബാൽക്കണി, ജനാലയുടെ സമീപം തുടങ്ങി എവിടെ വേണമെങ്കിലും ഇവയെ നമുക്ക് വളർത്താം. തീർച്ചയായും, കുറച്ചു ദിവസത്തേക്ക് വീടിനുള്ളിലും ഈ ചെടികൾ സൂക്ഷിക്കാം.ഇൻഡോർ പ്ലാന്റ്സ് ആയി വളർത്താൻ അനുയോജ്യമായ ഏതാനും ചെടികളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.
1. മണി പ്ലാന്റ് .( Money Plant ) – വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.
കടും പച്ച നിറത്തിലുള്ള ഇലകളോടു കൂടിയ മണി പ്ലാന്റുകൾ.
ഇൻഡോർ പ്ലാന്റ്സ് , എന്നു പറയുമ്പോൾ മണിപ്ലാന്റ് തന്നെയാണ് ആദ്യം മനസ്സിലേക്കോടിയെത്തുക. വളരുന്നതിനു മണ്ണ് തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിനുള്ളിൽ വളർത്തുന്ന ചെടികൾക്ക് വെള്ളം വാർന്നു പോകുന്നതിനുള്ള സൗകര്യം അത്യാവശ്യമാണ്. എന്നാൽ മണിപ്ലാന്റിനെ സംബന്ധിച്ച് ഈയൊരു പ്രശനം തീരെയില്ല. വിവിധ തരത്തിലുള്ള മണി പ്ലാന്റുകളുണ്ട്. മറ്റു ഇൻഡോർ പ്ലാന്റുകൾക്ക് ആവശ്യമുള്ള അത്ര പോലും സൂര്യപ്രകാശം ഇവക്കു ആവശ്യമില്ല. അതുകൊണ്ടു തന്നെ കൂടുതൽ ദിവസം ഇവക്കു വീട്ടിനുള്ളിൽ വളരാൻ സാധിക്കും.വാസ്തു ശാസ്ത്രത്തിൽ ഈ ചെടികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പേരു സൂചിപ്പിക്കും പോലെ, ഈ ചെടി വീട്ടിലുണ്ടെങ്കിൽ സമ്പത്തു താനെ വരും എന്നൊരു വിശ്വാസം പരക്കെയുണ്ട്. കൂടാതെ, വിഷാംശത്തെ വലിച്ചെടുത്തു വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. വീട്ടിനുള്ളിൽവളർത്താൻ യോജിച്ച ചെടികൾ.
2. കലേഡിയം ( Caladium ).
കലേഡിയം ചെടികൾ.
ചേമ്പു വർഗ്ഗത്തിൽപെട്ട മനോഹരമായ ചെടികളാണിവ. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം. പല നിറങ്ങളിലുള്ള ആയിരത്തിലധികം ഇനങ്ങൾ ഈ കുടുംബത്തിലുണ്ട്. കുറഞ്ഞ പ്രകാശത്തിൽ ഈ ചെടികൾ വളരെ നന്നായി വളരുന്നു. മാത്രമല്ല, നേരിട്ട് സൂര്യപ്രകാശമേറ്റാൽ ഇവ കരിഞ്ഞു പോകാനും സാധ്യതയുണ്ട് .
3. ആഗ്ളോനിമ അഥവാ ചൈനീസ് എവർഗ്രീൻ – വീട്ടിനുള്ളിൽ വളർത്താൻ യോജിച്ച ചെടികൾ.
( Aglaonema or Chinese Evergreen ).
ആഗ്ളോനിമ ചെടികൾ.
വിവിധ നിറങ്ങളിലുള്ള ഇലകളോടു കൂടിയ ഈ ചെടികൾ നമ്മുടെ ബാൽക്കണികൾക്കു ശരിക്കും അലങ്കാരം തന്നെയാണ്. നമ്മുടെ നാട്ടിൽ വിവിധ നിറങ്ങളിലുള്ള ആഗ്ളോനിമ ചെടികൾ ലഭ്യമാണ്. വലിയ രീതിയിലുള്ള സംരക്ഷണം ആവശ്യമില്ലാത്ത ഈ ചെടികളുടെ വളർച്ച സാവധാനത്തിലാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ സ്ഥലത്തു അനുയോജ്യമായ ചട്ടികളിൽ ഇവ നമുക്ക് വളർത്താം.
4. സ്കേഫ്‌ളേറെ അഥവാ ഹവായിയൻ അംബ്രല്ല .
( Schefflera or Hawaiian Umbrella ).
സ്കേഫ്ളേറെ ചെടികൾ.
സാധാരണയായി വളരെ പൊക്കത്തിൽ വളരുന്ന ചെടികളാണിവ. എന്നാൽ, ഇതിന്റെ പൊക്കം കുറഞ്ഞ ഇനങ്ങൾ നമുക്കു ചട്ടികളിൽ വളർത്താം. തിളങ്ങുന്ന പച്ച നിറത്തോടു കൂടിയ ഇലകളാണ് ഈ ചെടിയുടെ ഏറ്റവും വലിയ ആകർഷണം. പച്ചയും വെള്ളയും കലർന്ന ഇലകളോടു കൂടിയ ചെടികളും വീട്ടിനുള്ളിൽ വളർത്താൻ വളരെ നല്ലതു തന്നെ. കട്ടിയുള്ള തണ്ടുകളോട് കൂടിയ ചെടികളായ സ്കേഫ്‌ളേറെ, ബോൺസായ് ആയും വളർത്താം.മുകളിൽ കൊടുത്തിരിക്കുന്നത് ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. കൂടുതൽ ചെടികളെ അടുത്ത പ്രാവശ്യം ഞാൻ പരിചയപ്പെടുത്താം. ഈ ചെടികളുടെ നടീൽ രീതികൾ, സംരക്ഷണം ഇവയും പങ്കു വയ്ക്കാം. ശരിക്കും, മനോഹരമായ ഈ ചെടികളുടെ പ്രത്യേകത, വളരെ കുറഞ്ഞ പരിചരണം മാത്രം മതി എന്നുള്ളതാണ്. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ചവയാണ് ഈ ചെടികൾ. ഇവയുടെ തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങുകയോ, മറ്റു രീതികളിലൂടെ സംഘടിപ്പിക്കുകയോ ചെയ്യാം.എന്തായാലും, സ്ഥല പരിമിതി മൂലം ഇനി ചെടികളോടുള്ള സ്നേഹം ഉപേക്ഷിക്കേണ്ടി വരില്ല. നിങ്ങൾക്കും വീട്ടിനുള്ളിൽ ചെടികൾ വളർത്താം. അതുപോലെ, ബാൽക്കണിയിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ചെടികൾ കൊണ്ട് മനോഹരമാക്കുക. അതായതു നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച്. വീട്ടിൽ പോസിറ്റീവ് എനർജി വേണ്ടുവോളം നിറയട്ടെ.
ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം, വളരെ എളുപ്പത്തിൽ
ജെയ്ഡ് ബോൺസായ് – Jade by the door poor no more.
ഒരുജെയ്ഡ്മരംകൈവശമുണ്ടെങ്കിൽഎല്ലാവിധസൗഭാഗ്യങ്ങളുംനിങ്ങളെത്തേടിയെത്തും എന്നുള്ള ഒരു വിശ്വാസം പരക്കെയുണ്ട്. അതുകൊണ്ടാണ് Money Tree , Lucky Tree എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നത്. Jade by the door ,poor no more എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലു തന്നെയുണ്ട്. വാസ്തു , ഫെങ് ഷുയി തുടങ്ങിയ എല്ലാ ശാസ്ത്രങ്ങളും ഒരു ജെയ്ഡ് ബോൺസായ് വീട്ടിൽ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . മാത്രമല്ല ജോലി സ്ഥലത്തും ഈ ബോൺസായ് നിങ്ങൾക്കു് അനായാസം പരീക്ഷിച്ചു നോക്കാവുന്നതാണ്.
അടുത്ത കാലത്തായി വാസ്തുവിദ്യ വളരെയധികം പ്രചാരത്തിൽ വന്നതോടെ ജെയ്ഡ് മരങ്ങൾ കേരളത്തിലും ധാരാളമായി വളർത്താൻ തുടങ്ങിയിട്ടുണ്ട്.
ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന ജെയ്ഡ് മരങ്ങൾ ആനകളുടെ ഇഷ്ട ഭക്ഷണം കൂടിയാണ്. അതുകൊണ്ടു തന്നെ ഈ മരത്തിന് Elephant bush എന്നും പേരുണ്ട്.
ജെയ്ഡ് ബോൺസായ് – Slanting style.
ഏതായാലും ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജൃമായ മരമാണ് ജെയ്ഡ് എന്ന കാരൃത്തിൽ ഒട്ടും സംശയമില്ല. ജെയ്ഡ് കുടുംബത്തിൽ പെട്ട ധാരാളം മരങ്ങളുണ്ടെങ്കിലും ചെറിയ ഇലകളോടും മനോഹരമായ ശിഖരങ്ങളോടും കൂടിയ Portulacaria afra എന്ന ഇനമാണ് വൃാപകമായി ഉപയോഗിച്ചു വരുന്നത്. അല്പം വലിയ ഇലകളോടുകൂടിയ Crassula ovata എന്ന ഇനവും ഇതിനായി ഉപയോഗിക്കാറുണ്ട്.
തിളങ്ങുന്ന പച്ച നിറത്തിലുള്ള ജെയ്ഡ് ഇലകൾ
ശരിയ്ക്കും ഹൃദയാകൃതിയും തിളക്കവുമുള്ള ഇലകൾക്ക് ‘ജെയ്ഡ് ‘എന്ന ഭാഗൃ രത്നത്തോട് ഏറെ സാമൃമുണ്ട്. അതു കൊണ്ടുതന്നെയാണ് ഈ മരത്തിനു ജെയ്ഡ് എന്ന പേരു ലഭിച്ചത്.
ജെയ്ഡ് മരം ബോൺസായ് ആയി വളർത്തിയെടുക്കുന്നതെങ്ങനെ എന്നു നോക്കാം.
മറ്റു മരങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ബോൺസായ് ആയി രൂപപ്പെടുത്താൻ സാധിക്കും എന്നതാണ് പ്രത്യേകത
1. ജെയ്ഡ് ബോൺസായ് – തൈകൾ വളർത്തിയെടുക്കുന്നതെങ്ങനെ.
ജെയ്ഡ് ബോൺസായ് തൈകൾ
പ്രധാനമായും കമ്പുകൾ മുറിച്ചു നട്ടാണ് ജെയ്ഡ് മരത്തിന്റെ തൈകൾ വളർത്തിയെടുക്കുന്നത്. പ്രായമായ, കേടുപാടുകൾ ഒന്നും തന്നെയില്ലാത്ത മാതൃ വൃക്ഷത്തിൽ നിന്നു വേണം കമ്പുകൾ മുറിച്ചെടുക്കാൻ. ഏകദേശം ആറിഞ്ച് വലുപ്പമുള്ള കമ്പുകൾ ഇതിനായി ഉപയോഗിക്കാം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നടുന്നതി നുള്ള മണ്ണു തയ്യാറാക്കുക എന്നതാണ്. നല്ല നീർ വാർച്ചയുള്ള മണ്ണായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതൃാവശൃമാണ്. കാരണം, സക്കുലന്റ് ഇനത്തിൽ പെട്ട മരമായതിനാൽ വെള്ളം കെട്ടി നിന്ന് അഴുകി പോകാൻ സാധ്യതയേറെയാണ്. ആറ്റുമണൽ 40% മണ്ണ് 30% ഉണങ്ങിയ ചാണകപ്പൊടി 30% എന്ന അനുപാതത്തിൽ വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ.
ഇനി ഈ മിശ്രിതം ചട്ടിയിൽ മുക്കാൽ ഭാഗം നിറയ്ക്കുക. തീർച്ചയായും മണ്ണു നിറയ്ക്കുന്നതിനു മുൻപായി ഏതാനും ഓടിൻ കഷണങ്ങൾ ഇട്ട് ചട്ടിയുടെ ദ്വാരം അടഞ്ഞു പോകാതെ ശ്രദ്ധിക്കുക. പിന്നീട് ഇതിലേക്ക് ജെയ്ഡ് മരത്തിന്റെ കമ്പ് നടുക. എന്നിട്ടു സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്തു സൂക്ഷിക്കുക.
ചട്ടിയിലെ മണ്ണ് പൂർണ്ണമായി ഉണങ്ങി പോകാതെ നനച്ചു കൊടുക്കേണ്ടതാണ്. എന്നാൽ വെള്ളം അധികമാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഏകദേശം രണ്ടു മാസത്തിലൊരിക്കൽ ഏതെങ്കിലും ജൈവ വളം വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ നിങ്ങളുടെ ജെയ്ഡ് ബോൺസായ് ആദ്യം ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.
കൃതൃമായ പരിചരണമുണ്ടെങ്കിൽ വളരെ പെട്ടെന്നു തന്നെ വേരു പിടിച്ച് പുതിയ ഇലകൾ വളരാൻ തുടങ്ങും. ഈ ഘട്ടത്തിൽ ചെടിയെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്തു തന്നെ വെയ്ക്കുക.
ശരിക്കും ഇനി മുതലാണ് നിങ്ങളുടെ ജേഡ് മരത്തിന്റെ ബോൺസായ് രീതി യിലേക്കുള്ള പരിണാമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചെടിയെ മുകളിലത്തെ ചിത്രത്തിൽ കാണുന്നതു പോലെയുള്ള ആഴം കുറഞ്ഞ ബോൺസായ് ട്രെയിനിംഗ് പോട്ടിലേക്കു മാറ്റുക. പ്രൂണിംഗ്, വയറിംഗ്, തുടങ്ങിയ ലളിതമായ പ്രക്രിയകളിലൂടെ ഇതു വളരെ മനോഹരമായ ഒരു കലാരൂപമായി മാറ്റിയെടുക്കാം.
ഇനി മുതൽ നിങ്ങൾക്ക് സ്വന്തം ഭാവനയ്ക്കനുസരിച്ച് ബോൺസായ് രൂപപ്പെടുത്തി യെടുക്കാനുള്ള സമയമാണ്. ആവശ്യമുള്ള ശിഖരങ്ങൾ മാത്രം നിലനിർത്തി ബാക്കി യുള്ളവ നീക്കം ചെയ്യുന്നതാണ് പ്രൂണിംഗ്. തീർച്ചയായും നല്ല മൂർച്ചയുള്ള കത്തിയോ ബ്ളേഡോ ഉപയോഗിച്ച് ശിഖരങ്ങൾ മുറിച്ചു മാറ്റാവുന്നതാണ്. കൂടാതെ ഇതിനു വേണ്ടിയുള്ള പ്രത്യേക ഉപകരണങ്ങൾ ഓൺലൈൻ സ്റ്റോറുകളിൽ നിന്നു വാങ്ങാൻ കിട്ടും. ശിഖരങ്ങൾ മുറിച്ചു മാറ്റിയതിനു ശേഷം പാടുകളിൽ ഏതെങ്കിലും ആന്റി ഫംഗൽ മരുന്നു പുരട്ടുന്നത് നന്നായിക്കും.
ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം.
5. ജെയ്ഡ് ബോൺസായ് – വയറിംഗ്.
പ്രൂണിംഗിനു ശേഷം അവശേഷിക്കുന്ന ശിഖരങ്ങൾ മൃദുവായകമ്പികളുപയോഗിച്ച് വളച്ച് രൂപപ്പെടുത്തുന്ന ഘട്ടമാണിത്. സാധാരണ യായി അലൂമിനിയം അല്ലെങ്കിൽ ചെമ്പു കമ്പികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശിഖരങ്ങളിൽ കമ്പി ചുറ്റുന്നത് ശ്രദ്ധ യോടെ ചെയ്യേണ്ട കാര്യമാണ്. കൂടുതൽ മുറുകെ ചുറ്റുന്നത് ശിഖരങ്ങളിൽ പാടുകളുണ്ടാക്കുന്നതിനും തന്മൂലം ഭംഗി നഷ്ടപ്പെടുന്നതിനും സാദ്ധ്യതയുണ്ട്.
ഇങ്ങനെ പ്രൂണിംഗ് വയറിംഗ് എന്നിവ പൂർത്തിയായതിനു ശേഷം, ബോൺസായ് വളർത്തലിന്റെ ഏറ്റവും പ്രധാന ഭാഗമായ റീ പോട്ടിംഗ് ചെയ്യാവുന്നതാണ്.
ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം വളരെ എളുപ്പത്തിൽ
6. ജെയ്ഡ് ബോൺസായ് – റീ പോട്ടിംഗ്.
ഇനി നിങ്ങളുടെ ജെയ്ഡ് മരത്തെ ഒരു ആഴം കുറഞ്ഞ ഭംഗിയുള്ള ബോൺസായ് ചട്ടിയിലേക്കു മാറ്റാം. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചട്ടികൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടും.
ആദൃം റീപോട്ടിംഗിനു വേണ്ടി ബോൺസായ് മരത്തെ മണ്ണോടു കൂടി ചട്ടിയിൽ നിന്നും ഇളക്കിയെടുക്കുക. പിന്നീട് അതിന്റെ വേരുകൾ മൂന്നിൽ രണ്ടു ഭാഗം നിലനിർത്തി ബാക്കി ഭാഗം മുറിച്ചു മാറ്റുക. ചട്ടിയിൽ ആദ്യം സൂചിപ്പിച്ച അതേ അനുപാതത്തിൽ തന്നെയുള്ള മിശ്രിതം നിറക്കുക. റീ പോട്ടിംഗിനും നേരത്തെ സൂചിപ്പിച്ച നടീൽ രീതി തന്നെ ആവർത്തിക്കുക. കുറച്ചു ദിവസം നേരിട്ടു സൂര്യപ്രകാശം ഏല്ക്കാത്ത സ്ഥലത്തു സൂക്ഷിക്കുക. പിന്നീട് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്കു മാറ്റി വയ്ക്കുക. പതിവായി നനയ്ക്കുകയും ഏതെങ്കിലും ജൈവ വളം നേർപ്പിച്ച് മാസത്തിൽ ഒരിക്കൽ നല്കുകയും ചെയ്യേണ്ടത് അതൃാവശൃമാണ്.
നിങ്ങളുടെ മനോഹരമായ ജെയ്ഡ് ബോൺസായ് തയ്യാറായിക്കഴിഞ്ഞു.
ജെയ്ഡ് ബോൺസായ് നിങ്ങൾക്കും വളർത്താം വളരെ എളുപ്പത്തിൽ
ഓർക്കുക, നമ്മുടെ ശ്രദ്ധയും പരിചരണവും അനുസരിച്ചായിരിക്കും ബോൺസായ് മരത്തിന്റെ ആരോഗ്യവും സൗന്ദര്യവും.
ഈ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ചു കൊണ്ട് ഒരു ജെയ്ഡ് ബോൺസായ് വളർത്തുന്നതിനെപ്പറ്റി ആലോചിക്കുക. ഭാഗൃം നിങ്ങളെ തേടിയെത്തട്ടെ!
മഹാബലിപുരം ചരിത്രം ഇവിടെ ഉറങ്ങുന്നു. മാമല്ലപുരം എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഈ സ്ഥലത്തെ കാഴ്ചകൾ അതിശയിപ്പിക്കുന്നവയാണ്. അതിൽ ഏറ്റവും പ്രധാനം ഗുഹാ ക്ഷേത്രങ്ങളും കല്ലിലെ നിർമ്മിതികളുമാണ്. കൂടാതെ മനോഹരമായ കടൽ തീരം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശരിക്കും ഇവിടേക്കുള്ള യാത്ര പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ആസ്വദിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല .
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
അല്പം ചരിത്രം
ഇവിടുത്തെ പ്രധാന നിർമ്മിതികളെല്ലാം 7 – 8 നൂറ്റാണ്ടുകളിലാണ് ഉണ്ടായിട്ടുള്ളത്. പല്ലവ രാജ വംശത്തിലെ പ്രധാനിയായിരുന്ന നരസിംഹവർമൻ ആയിരുന്നു അന്ന് ഇവിടം ഭരിച്ചിരുന്നത്. അദ്ദേഹം ഒരു നല്ല ഗുസ്തിക്കാരൻ കൂടി ആയിരുന്നത്രെ. അങ്ങനെ മല്ലൻ എന്ന വാക്കിൽ നിന്നാണ് മാമല്ലപുരം എന്ന പേര് ലഭിച്ചത് എന്ന് ചരിത്ര രേഖകൾ പറയുന്നു.ഗുഹാക്ഷേത്രം
മഹാബലിപുരം സന്ദർശിക്കുന്നതിന് ഏറ്റവും യോജിച്ച സമയം.
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
സാധാരണയായി ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വളരെ നല്ല കാലാവസ്ഥയായിരിക്കും. അതുകൊണ്ടു ഇവിടം സന്ദർശിക്കാൻ ഈ സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം
ഏറ്റവും അടുത്ത വിമാനത്താവളം ചെന്നൈ ആണ്. അവിടെനിന്നും ബസ്സിലോ ടാക്സിയിലോ മഹാബലിപുരത്തു എത്തിച്ചേരാം . അതുപോലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്കൽപെട്ട് ആണ് . ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലത്തേക്കും ഇവിടെ നിന്നു ട്രെയിൻ ലഭിക്കും. ഇവിടെ എത്തിക്കഴിഞ്ഞാൽ കാഴ്ചകൾ കാണുന്നതിന് ടാക്സി, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിക്കാവുന്നതാണ്. മിക്കവാറും ഡ്രൈവർമാർ എല്ലാവരും തന്നെ നല്ല ഗൈഡുകൾ കൂടിയാണ്. അതുകൊണ്ടു കൂലി നേരത്തെ പറഞ്ഞുറപ്പിച്ച ശേഷം ഏതെങ്കിലും വാഹനം വാടകക്കെടുത്തു എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നതായിരിക്കും നല്ലത്.
ഗണേശരഥംസാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ ദിവസം കൊണ്ട് പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും കാണാൻ സാധിക്കും. എന്നാൽ ഗവേഷകർക്കും മറ്റും ഇവിടം വിജ്ഞാനത്തിന്റെ നല്ല ഒരു ഉറവിടമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
എവിടെ താമസിക്കാം
വിവിധ നിരക്കുകളിലുള്ള റിസോർട്ടുകൾ മുതൽ സാധാരണ ലോഡ്ജുകൾ വരെ ഇവിടെ ലഭ്യമാണ്. എന്നാൽ ചെന്നൈയിൽ നിന്നു വരുന്നവർക്ക് പ്രധാന കാഴ്ച കൾ എല്ലാം കണ്ട് അന്നു തന്നെ മടങ്ങി പോകണമെങ്കിൽ അങ്ങനയാകാം.
എവിടെ നിന്ന് ആഹാരം കഴിക്കാം.
വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ധാരാളം ഹോട്ടലുകൾ ഇവിടെയുണ്ട്. എങ്കിലും ഇവിടത്തെ കടൽ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
ചരിത്രം ഉറങ്ങുന്ന മഹാബലി പുരം.
ഇനി പ്രധാന കാഴ്ചകൾ എന്തെല്ലാമെന്നു നോക്കാം.
നേരത്തെ പറഞ്ഞതുപോലെ ഇവിടത്തെ ശിലാ നിർമ്മിതികൾ ശരിക്കും അത്ഭുതം തന്നെയാണ്.
1. പഞ്ച രഥങ്ങൾ.പഞ്ച രഥങ്ങൾപഞ്ച രഥങ്ങൾ എന്നറിയപ്പെടുന്ന മനോഹരമായ അഞ്ചു നിർമ്മിതി കൾ തന്നെയാണ് ഏറ്റവും അധികം ആ ആകർഷകമായിട്ടുള്ളത്. പഞ്ച പാണ്ഡവന്മാരുടെ രഥങ്ങളാണ് ഇതെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഹിന്ദു ക്ഷേത്രങ്ങളോടാണ് ഇവയ്ക്ക് കൂടുതൽ സാമൃം.
2. ഗുഹാ ക്ഷേത്രങ്ങൾ.ഗോവർദ്ധന ഗിരി ഉയർത്തി നില്ക്കുന്ന കൃഷ്ണന്റെ രൂപംഅർജ്ജുനന്റെ തപസ്സ്, ഗോവർധന ഗിരി കുടയാക്കിയ കൃഷ്ണൻ തുടങ്ങി മഹാഭാരതത്തിലെ ധാരാളം മുഹൂർത്ത ങ്ങൾ മനോഹരമായി കല്ലിൽ കൊത്തി വച്ചിരിക്കുന്നതു കാണാം.
3. കൃഷ്ണന്റെ വെണ്ണയുരുള ( Krishna’sButter ball).കൃഷ്ണന്റെ വെണ്ണയുരുളതീർച്ചയായും ഇവിടത്തെ മറ്റൊരു അത്ഭുതമാണിത്. ഒരു പാറപ്പുറത്ത് ഇപ്പോൾ ഉരുണ്ടു പോകുമോ എന്നു തോന്നുന്ന തരത്തിൽ നില്ക്കുന്ന വലിയ മറ്റൊരു പാറയാണിത്. ബ്രിട്ടീഷ് കാരുടെ കാലത്തു സുരക്ഷ മുൻനിർത്തി, ആനകളെ ഉപയോഗിച്ച് ഈ പാറകൾ ഇളക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. പക്ഷെ പൂർണ്ണമായും പരാജയപ്പെടുകയാണുണ്ടായത് എന്നതു മറ്റൊരു ചരിത്രം.
4. ഗണേശ രഥം.
കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ക്ഷേത്ര മാതൃകയിലുള്ള ഈ നിർമ്മിതിയും വളരെ ആകർഷകമാണ്.
5. ഇതിനടുത്തായി തന്നെ ലെറ്റ് ഹൗസ്, ഈശ്വര ക്ഷേത്രം എന്നിവയും കാണാം.ലൈറ്റ് ഹൗസ്6. മനോഹരമായ കടൽത്തീരം. ശാന്തമായ തിരകളോടു കൂടിയ കടലും മണൽത്തരികൾ മിന്നിത്തിളങ്ങുന്ന തീരവും ഇവിടത്തെ ഏറ്റവും വലിയ പ്രതേകതയാണ്. യാതൊരു മടുപ്പുമില്ലാതെ എത്ര സമയം വേണമെങ്കിലും നമുക്കിവിടെ ചിലവഴിക്കാം. 7. കടൽക്കരൈ കോവിൽ. ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ഈ ക്ഷേത്രവും പല്ലവ രാജവംശത്തിന്റെ സംഭാവനയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ ക്ഷേത്രവും പരിസരവും വളരെ മനോഹരമാണ് .
8. സീ ഷെൽ മൃൂസിയം.
മഹാബലിപുരത്തെ മറ്റൊരു വിസ്മയമാണ് സീ ഷെൽ മൃൂസിയം. കടലിൽ നിന്നും ശേഖരിച്ച ഏതാണ്ട് അഞ്ഞൂറിലധികം തരത്തിലുള്ള കക്കകളും മറ്റും വളരെ മനോഹരമായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാ മുഹമ്മദ് എന്നയാൾ 33 വർഷം കൊണ്ട് ഒറ്റയ്ക്ക് ശേഖരിച്ചവയാണ് ഇതെല്ലാം എന്നതാണ് ഈ മൃൂസിയത്തെ സംബന്ധിച്ച ഏറ്റവും വലിയ അതിശയം.
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
മഹാബലിപുരത്തേക്കുള്ള വഴിയിലുടനീളം ഇരു വശത്തും ധാരാളം കൽപ്രതിമകളുടെ നിർമ്മാണ ശാലകൾ കാണാം. ശരിക്കും പല്ലവ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശില്പികളുടെ പിൻഗാമികളാണ് ഇവിടെയുള്ളത്. മറ്റൊന്നുമല്ല, ഇവർ നിർമ്മിച്ച പ്രതിമകൾ തന്നെയാണ് ഇതിനുള്ള യഥാർത്ഥ തെളിവായി നമുക്കു കാണാൻ കഴിയുന്നത്.കൽ പ്രതിമകൾഏതായാലും കുടുംബത്തോടൊപ്പം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് മഹാബലിപുരം. അടുത്ത അവധി ക്കാലത്തു രണ്ടു ദിവസം ഇതിനായി കൂടി മാറ്റി വയ്ക്കുക.
കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം ആസ്വദിക്കാം. വേമ്പനാട്ടു കായലിന്റെ പ്രധാന ഭാഗമായ കുമരകത്തിന്റെ ഏറ്റവും വലിയ ആകർഷണീയത പ്രകൃതി സൗന്ദര്യം തന്നെയാണ്.
കൂടാതെ പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം വളരെ പ്രശസ്തമാണ്. ഇവിടെ എത്തിച്ചേരുന്നവർക്ക് ആസ്വദിക്കാനായി മറ്റു പല വിനോദങ്ങളുമുണ്ട്. ചെറുവള്ളങ്ങൾ തുഴഞ്ഞു നടക്കുന്നതിനും ചൂണ്ടയിടുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനതായ ഗ്രാമീണ സൗന്ദര്യം നുകരുന്നതിന് ഇത്രയും യോജിച്ച മറ്റൊരു സ്ഥലം കേരളത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. അതിലുപരി ഇവിടെയുള്ള കള്ളുഷാപ്പുകൾ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ്. ശുദ്ധമായ ഇളം കള്ളിനോടൊപ്പം രുചിയൂറുന്ന കേരളീയ വിഭവങ്ങൾ ഇവിടത്തെ ഷാപ്പുകളുടെ പ്രത്യേകതയാണ്.
ഏതായാലും അടുത്ത അവധിക്കാലത്തു സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കുമരകം കൂടി ഉൾപ്പെടുത്തുക. രണ്ടു ദിവസം ഇതിനായി മാറ്റിവെക്കുക.
കുമരകം സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയം.
ഓഗസ്റ്റ് മാസം മുതൽ ഇവിടം സന്ദർശിക്കുന്നതിനു യോജിച്ച കാലാവസ്ഥയാണ്. എന്നാൽ മഴക്കാലത്തും മൺസൂൺ ടൂറിസം ആസ്വദിക്കുന്നതിനായി ധാരാളം പേർ എത്തിച്ചേരാറുണ്ട്.
എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം?
കോട്ടയം പട്ടണത്തിൽ നിന്നും കുമരകത്തേക്കുള്ള ദൂരം വെറും പതിനൊന്നു കിലോമീറ്റർ മാത്രമാണ്. മിക്കവാറും എല്ലാ സമയത്തും ഇവിടേക്കുള്ള ബസ്സുകൾ ലഭിക്കും. കൂടാതെ ഓട്ടോറിക്ഷ, ടാക്സി എന്നീ മാർഗ്ഗങ്ങളെയും ആശ്രയിക്കാവുന്നതാണ്. എന്തായാലും പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള ഈ യാത്ര നിങ്ങൾക്കു വേറിട്ടൊരു അനുഭവം തന്നെയായിരിക്കും .
കൂട്ടത്തിൽ പറയട്ടെ, ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചിയാണ്. ഇവിടെ നിന്നും ഏകദേശം എഴുപതു കിലോമീറ്റർ ദൂരമുണ്ട്.
എവിടെ താമസിക്കാം?
കുമരകത്തെ ഹോട്ടലുകൾ
ഏതു തരത്തിലുള്ള താമസ സൗകര്യവും ലഭിക്കുമെന്നുള്ളത് കുമരകത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ എന്നിവ കൂടാതെ സാധാരണക്കാർക്കു വേണ്ടിയുള്ള ബഡ്ജറ്റ് ഹോട്ടലുകളും ലഭിക്കും. ഇതിനു പുറമേ ധാരാളം ഹോംസ്റ്റേകളും ഇവിടെയുണ്ട്.
എന്തെല്ലാമാണ് ഇവിടുത്തെ വിനോദങ്ങൾ? കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം.
1 . ഹൗസ് ബോട്ടുകൾ
ഇവിടുത്തെ ഏറ്റവും പ്രധാനമായ ആകർഷണം ഹൗസ് ബോട്ടുകൾ അഥവാ പുര വഞ്ചികൾ തന്നെയാണ്. ശരിക്കും പഴയ കാലത്തേ കെട്ടുവള്ളങ്ങളുടെ പരിഷ്കരിച്ച രൂപമാണിത്. പക്ഷെ, ഇതിലെ യാത്രയുടെ കൗതുകം അനുഭവിച്ചു തന്നെ മനസ്സിലാക്കണം എന്നുള്ളതാണ് വാസ്തവം.
പുര വഞ്ചിയിലെ യാത്ര.
ഹൗസ് ബോട്ട് അഥവാ പുരവഞ്ചി
ഒഴുകി നടക്കുന്ന ഒരു നക്ഷത്ര ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇതിനുള്ളിലെ സൗകര്യങ്ങൾ. ഒന്ന് മുതൽ പത്തും പന്ത്രണ്ടും വരെ കിടക്ക മുറികളോടു കൂടിയ പുരവഞ്ചികളുണ്ട്. കുടുംബത്തോടൊത്തു ഉല്ലസിക്കുന്നതിനും, ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും ( കോൺഫറൻസുകൾക്കും മറ്റും ) സൗകര്യമുള്ള ബോട്ടുകൾ ഇവിടെയുണ്ട്.
കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം – ഭക്ഷണം.
രുചികരമായ മീൻ, ഇറച്ചി വിഭവങ്ങളാണ് പ്രധാനമായും ഇതിൽ വിളമ്പുന്നത്. എങ്കിലും വെജിറ്റേറിയൻ ഭക്ഷണം ആവശ്യമുള്ളവർക്ക് അതും ലഭിക്കും. തീർച്ചയായും വേമ്പനാട്ടു കായലിൽ നിന്നുള്ള കരിമീൻ പൊള്ളിച്ചത് പുര വഞ്ചിയിലെ വിശേഷപ്പെട്ട വിഭവമാണ്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിന്റെ രുചി അറിഞ്ഞിരിക്കണം.
കരിമീൻ മോളി
സാധാരണയായി രാവിലെ പതിനൊന്നു മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് യാത്രയുടെ സമയം. വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ഇളം കാറ്റേറ്റുള്ള യാത്ര ശരിക്കും നിങ്ങൾ ആസ്വദിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. പാതിരാമണൽ എന്ന ചെറു ദ്വീപും യാത്രക്കിടയിൽ കാണാൻ സാധിക്കും.
കൂടാതെ ഒരു രാത്രി ബോട്ടിൽ താമസിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യവുമുണ്ടു്. മുൻകൂട്ടി ബുക്കുചെയ്യണമെന്നു മാത്രം.
ഇനി അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതുമാവാം. ഹൗസ് ബോട്ടിൽ നിന്നും നേരെ സ്പീഡ് ബോട്ടിൽ കയറിയുള്ള യാത്ര. പ്രത്യേകിച്ചു ചെറുപ്പക്കാരെ ഇത് വളരെയധികം ആകർഷിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
2 . പക്ഷി നിരീക്ഷണം- കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം.
സാധാരണയായി, സൈബീരിയൻ കൊക്കുകളുൾപ്പടെ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നിനെത്താറുണ്ട് . ഇവരെ കൂടാതെ നാട്ടുകാരായ വിവിധ തരത്തിലുള്ള പക്ഷികൾ വേറെയും.
3 . രുചികളിലെ വൈവിധ്യം.
ഇവിടെയുള്ള മിക്കവാറും എല്ലാ കള്ളു ഷാപ്പുകളും ഫാമിലി റസ്റ്റോറന്റുകൾ തന്നെയാണ് . കുടുംബവുമൊത്തു ഭക്ഷണം കഴിക്കാനായി മാത്രം ധാരാളം പേർ ഇവിടെയെത്താറുണ്ട്.
4 . ഷോപ്പിംഗ്.
ആറൻമുള കണ്ണാടി
മറ്റെല്ലാ വിനോദയാത്ര കേന്ദ്രങ്ങളിലും ഉള്ളതു പോലെ ഇവിടെയും കൗതുക വസ്തുക്കളും മറ്റും വിൽക്കുന്ന കഥകളുണ്ട്. പക്ഷെ, വില കേൾക്കുമ്പോൾ ഇതു വിദേശികളെ മാത്രം ഉദ്ദേശിച്ചുള്ളവയാണോ എന്നു ചിന്തിച്ചു പോകും.
ഒരു യഥാർത്ഥ കേരളീയഗ്രാമത്തിന്റെ സൗന്ദര്യവും ഗ്രാമീണരുടെ നന്മയും ഒത്തുചേർന്ന ഈ സ്ഥലം ഒരിക്കലെങ്കിലും സന്ദർശിക്കാൻ ശ്രമിക്കുക. അതുപോലെ അടുത്ത അവധിക്കാലത്തു രണ്ടു ദിവസം കുമരകത്തിനായി മാറ്റി വെക്കുക.
ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്രയ്ക്കു യോജിച്ച സ്ഥലം. പശ്ചിമ ഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗവി എന്ന സ്ഥലത്തെക്കുറിച്ചു അറിയാൻ തുടങ്ങിയിട്ടു വളരെ നാളുകളായി. എങ്കിലും 2013 ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഇതിന്റെ മനോഹാരിത മലയാളികൾ കൂടുതൽ മനസ്സിലാക്കിയത്. കുടുംബസമേതം പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനും കാടിനെ അടുത്തറിയാനും ഇതിനേക്കാൾ സൗകര്യപ്രദമായ ഒരു സ്ഥലം കേരളത്തിൽ വളരെ വിരളമായിരിക്കും. വെറുമൊരു വിനോദയാത്ര എന്നതിലുപരി ഇവിടേക്കുള്ള യാത്ര വിജ്ഞാനപ്രദവുമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
യഥാർത്ഥത്തിൽ പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലാണ് ഗവി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . കോട്ടയത്തു നിന്നും വളരെ സൗകര്യപ്രദമായി ഇവിടെ എത്തിച്ചേരാൻ സാധിക്കും. കേരള സർക്കാർ വനം വകുപ്പിൽ ഉൾപ്പെടുന്ന KFDC ( കേരള ഫോറെസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ) യുടെ പൂർണ നിയന്ത്രണത്തിലാണ് ഗവിയിലേക്കുള്ള യാത്ര. അതുകൊണ്ടു തന്നെ മുൻകൂട്ടി അനുമതി വാങ്ങിയിട്ടുള്ളവർക്കു മാത്രമേ അങ്ങോട്ടേക്കു യാത്ര ചെയ്യാൻ സാധിക്കൂ.
ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര.
എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം?
1. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 6 .30 നു പുറപ്പെടുന്ന കുമളി ബസ്സിൽ കയറിയാൽ ഗവിയിൽ എത്തിച്ചേരാൻ സാധിക്കും. 11 .30 നു ഗവിയിൽ എത്തിച്ചേരുന്ന ഈ യാത്രക്ക് പാസ് നിർബന്ധമാണ്. കുമളിയിൽ നിന്നും ഉച്ച തിരിഞ്ഞു 3 മണിക്കു ഗവിയിൽ എത്തുന്ന ബസ്സിൽ മടക്ക യാത്രയും ആവാം. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ചു യാത്ര ചെയ്യാമെന്നല്ലാതെ മറ്റു പ്രയോജനമൊന്നും ഉണ്ടാവില്ല. കാരണം മുൻകൂട്ടി ബുക്ക് ചെയ്തു വരുന്നവർക്ക് മാത്രമേ ഇക്കോ ടൂറിസം പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമുണ്ടാകുകയുള്ളു.
തന്നെയുമല്ല പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനമില്ലാതെ നമുക്കു ഗവി സന്ദർശിക്കാനാവില്ല. എന്തായാലും ഈ രീതിയിൽ ബസ്സിൽ വരുന്നവർ അത്യാവശ്യം ഭക്ഷണ സാധനങ്ങളും വെള്ളവും കരുതുന്നതു നന്നായിരിക്കും. ഗവി എന്ന കൊച്ചു ഗ്രാമത്തിൽ ഹോട്ടലുകൾ ഒന്നും തന്നെയില്ല. എങ്കിലും ചില വീടുകളിൽ അത്യാവശ്യക്കാർക്കു ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.
2. പത്തനംതിട്ട ജില്ലയിലെ തന്നെ ആങ്ങമൂഴി എന്ന സ്ഥലത്തു നിന്നും ഏകദേശം 65 കിലോമീറ്റർ യാത്ര ചെയ്താലും ഗവിയിൽ എത്തിച്ചേരാം. കാട്ടിലൂടെയുള്ള യാത്രയിൽ ഭൂരിഭാഗവും ഓഫ് റോഡ് ആയതിനാൽ ജീപ്പു പോലെയുള്ള വാഹനങ്ങളെ ആശ്രയിച്ചു വേണം യാത്ര ചെയ്യാൻ. പക്ഷെ ഈ യാത്രയും വളരെ ആസ്വാദ്യകരമാണെന്ന കാര്യത്തിൽ സംശയമില്ല.
3 . കുടുംബവുമൊത്തു ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോട്ടയത്തു നിന്നുള്ള യാത്രയാണ് സൗകര്യപ്രദം. വണ്ടിപ്പെരിയാർ വഴി വള്ളക്കടവ് എന്ന സ്ഥലത്തു എത്തിച്ചേരാം. അവിടെയുള്ള ചെക്പോസ്റ്റിൽ നിന്നും പാസ് വാങ്ങി കാട്ടിലൂടെ പത്തൊൻപതു കിലോമീറ്റർ സഞ്ചരിച്ചാൽ ഗവിയിലെത്താം.
വണ്ടി പ്പെരിയാ൪ തേയില തോട്ടങ്ങളുടെ മനോഹാരിത
ഏതായാലും കെ എഫ് ഡി സി യുടെ പാക്കേജ് അനുസരിച്ചുള്ള രണ്ടു ദിവസത്തെ പരിപാടിക്കായി തയാറെടുക്കുന്നതാണ് അഭികാമ്യം. ഓഗസ്റ്റു മാസം മുതൽ അനുകൂലമായ കാലാവസ്ഥയായിരിക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ സാമാന്യം നല്ല തണുപ്പുണ്ടാകും. അതിനാൽ ഈ സമയത്തു ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ അത്യാവശ്യം കമ്പിളി വസ്ത്രങ്ങൾ കരുതുന്നതു നന്നായിരിക്കും.
ഞങ്ങൾ അടുത്തയിടെ ഗവിയിലേക്കു നടത്തിയ യാത്രയുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ശ്രമിക്കാം. എന്തുകൊണ്ടും യാത്ര വളരെയധികം ആസ്വദിക്കാൻ സാധിച്ചു. അതിലുപരി കുറഞ്ഞ സമയം കൊണ്ട് കാടിനെ ഇത്രയധികം അടുത്തറിയാൻ കഴിഞ്ഞു എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.
ഗവി ഇക്കോ ടൂറിസം – കുടുംബത്തോടൊപ്പം യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. എല്ലാവരെയും ഞാൻ യാത്രയ്ക്കായി സ്വാഗതം ചെയ്യുന്നു
ഗവിഇക്കോടൂറിസം – കാട്ടിലേക്കൊരു യാത്ര
യാത്രയുടെതുടക്കം.
ടീവിയിലൂടെ ഓർഡിനറി എന്ന സിനിമ വീണ്ടും കണ്ടപ്പോൾ വെറുതെ തോന്നിയതാണ് ഗവി സന്ദർശിച്ചാലോ എന്ന്. അപ്പോൾ തന്നെ സൈറ്റിൽ നിന്നും ഫോൺ നമ്പർ തപ്പിയെടുത്തു കെ എഫ് ഡി സി യുമായി ബന്ധപ്പെട്ടു. രണ്ടു ദിവസത്തേക്ക് ഒരു കുടുംബത്തിനുള്ള സൗകര്യം ലഭ്യമാണെന്നുള്ള മറുപടി കിട്ടി . അങ്ങനെ ജനുവരി ഇരുപത്തി ആറാം തീയതി രാവിലെ എട്ടര മണിയോടുകൂടി ഞങ്ങൾ കോട്ടയത്തു നിന്നും കാർ മാർഗം ഗവിയിലേക്കുള്ള യാത്ര ആരംഭിച്ചു.
പന്ത്രണ്ടു മണിയോടുകൂടി, തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനു നടുവിലൂടെ വണ്ടിപ്പെരിയാർ എന്ന ചെറു പട്ടണത്തിലെത്തി . അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം പൊതിഞ്ഞു വാങ്ങിയതിനു ശേഷം വള്ളക്കടവെന്ന സ്ഥലത്തേക്കു പുറപ്പെട്ടു. റോഡിനിരുവശവും കാപ്പി, ഏലം, തേയില എന്നിവയെല്ലാം ധാരാളമായി കൃഷി ചെയ്തിരിക്കുന്നു. വള്ളക്കടവു ചെക്പോസ്റ് വരെയുള്ള എട്ടു കിലോമീറ്റർ യാത്രയിൽ യഥാർത്ഥത്തിൽ ഞാൻ എന്റെ ബാല്യത്തിലേക്കൊരു മടക്ക യാത്ര നടത്തുകയായിരുന്നു. കാരണം, ഒന്നാം ക്ലാസ്സിൽ ചേരാനായി നാട്ടിലേക്കു വരുന്നത് വരെ ഞാൻ അച്ഛൻ ജോലി ചെയ്തിരുന്ന, കർണാടകത്തിലുള്ള എസ്റ്റേറ്റിൽ ആയിരുന്നല്ലോ.
ഏകദേശം പന്ത്രണ്ടരയോടുകൂടി ഞങ്ങൾ വള്ളക്കടവു ചെക്പോസ്റ്റിലെത്തി. നേരത്തെ ഫോണിലൂടെ പരിചയപ്പെട്ട ഗൈഡ് ബിജു അന്ന് ചെക്പോസ്റ്റിൽ ഓഫീസ് ഡ്യൂട്ടിയിലായിരുന്നതു ഞങ്ങൾക്ക് വളരെ അനുഗ്രഹമായി. അന്നത്തെ യാത്രക്കു ബുക്ക് ചെയ്തിരുന്ന മറ്റുള്ളവർ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. ബിജു എല്ലാവർക്കും പാസ് നൽകി, ഉച്ചഭക്ഷണവും കഴിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ഗവിയിലേക്കു പുറപ്പെട്ടു.
ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര .
കാട്ടിലൂടെ..
കാടിനു നടുവിലൂടെ എത്ര യാത്ര ചെയ്താലും യാതൊരു മടുപ്പും തോന്നില്ല എന്നുള്ളതു വാസ്തവം തന്നെയാണ്. ഏറെ ദൂരം റോഡിന്റെ അവസ്ഥ വളരെ മോശമായിരുന്നത് ഒരനുഗ്രഹമായാണ് എനിക്ക് തോന്നിയത്. കാരണം സാവധാനത്തിലുള്ള യാത്രയായതിനാൽ കാടിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിച്ചു. കൂടാതെ പതിനെട്ടു വർഷമായി ഇതേ വകുപ്പിൽ ജോലി ചെയ്യുന്ന ബിജുവിന് കാട്ടിലുള്ള ഓരോ ജീവികളെയും സസ്യങ്ങളെയും കുറിച്ച് നല്ല അറിവാണ്. യാത്രയിലുടനീളം അതെല്ലാം കഴിയുന്നത്ര വിസ്തരിച്ചു ഞങ്ങൾക്കും പകർന്നു തന്നുകൊണ്ടിരുന്നു.
ധാരാളം ആനകളുണ്ടെന്നു ബിജു പറഞ്ഞെങ്കിലും ഒന്നിനെപ്പോലും കാണാൻ സാധിച്ചില്ല. പക്ഷെ റോഡിലുടനീളം കണ്ട ആനപ്പിണ്ടം ആനകളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കുരങ്ങ്, മാൻ, മലയണ്ണാൻ, കാട്ടുപന്നി മുതലായ ചെറു ജീവികളെ ധാരാളമായി കാണാൻ സാധിച്ചു. കാറിന്റെ ഹോൺ മുഴക്കി അവറ്റകൾക്കു ശല്യമുണ്ടാക്കാതെ സാവധാനം പോകാൻ ഞങ്ങൾ പാമാവധി ശ്രദ്ധിച്ചിരുന്നു. എങ്കിലും, അവരുടെ സാമ്രാജ്യത്തിൽ കടന്നുകയറിയെന്ന കുറ്റബോധം തോന്നാതിരുന്നില്ല.
ഉൾക്കാടുകൾ വെട്ടി നശിപ്പിച്ചു റിസോർട്ടുകളും മറ്റും പണിയുന്നവർ ഇവരെപ്പറ്റി ചിന്തിക്കാറേയില്ലായിരിക്കും. അതുപോലെ, ഏതെങ്കിലും ഒരു കാട്ടുമൃഗം നാട്ടിലിറങ്ങിയാൽ മനുഷ്യനുണ്ടാകുന്ന അസ്വസ്ഥത നമ്മൾ കാണാറുണ്ടല്ലോ. ഏതായാലും കാടിനെ ആസ്വദിച്ചു മൂന്നുമണിയോടു കൂടി ഞങ്ങൾ ഇക്കോ ടൂറിസം ഓഫീസിലെത്തി. അവിടുത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾക്കു വേണ്ടി അനുവദിച്ചിരുന്ന കോട്ടേജിലേക്കു പോയി.
വളരെ കർശനമായും നിയന്ത്രണങ്ങളോടെയും നടത്തുന്ന പാക്കേജ് ആണ്. ഒരു ദിവസം എത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും കൃത്യതയുണ്ടാകും. ആകെ പതിനേഴു കോട്ടേജുകളാണ് അവിടെയുള്ളത്. അല്ലാതെയുള്ള മുറികളും രണ്ടു ഡോർമിറ്ററികളും ലഭ്യമാണ്. കോട്ടേജിൽ താമസിച്ചു പാക്കേജിൽ പങ്കെടുക്കുന്നതിന് ആളൊന്നിന് മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. അല്ലാത്തവർക്ക് മൂവ്വായിരവും. യാത്രക്കാരുമായി വരുന്ന ഡ്രൈവർമാർക്കു൦ താമസ സൗകര്യം ലഭ്യമാണ്.
ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര
കോട്ടേജ്
കോട്ടേജ്
കോട്ടേജ് എന്നാൽ കാൻവാസ് വലിച്ചുകെട്ടി നിർമിച്ചിട്ടുള്ള ടെന്റുകളാണ്. കാട്ടിനു നടുവിൽ കോട്ടേജിനുള്ളിലെ താമസം എന്നെ സംബന്ധിച്ചു പുതിയ അനുഭവമായിരുന്നു. അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങളെല്ലാം തന്നെ അതിനുള്ളിലുണ്ടായിരുന്നു. വൃത്തിയുള്ള കിടക്ക, കമ്പിളി, വാഷ് റൂം, ചൂടു വെള്ളം അങ്ങനെയെല്ലാം. പിന്നെ, ചുറ്റുമുള്ള കമ്പിവേലി വൈദ്യുതീകരിച്ചിട്ടുള്ളതിനാൽ വന്യ മൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാണ്.
( മൃഗങ്ങൾ കമ്പിവേലിയിൽ തൊടാനിടയായാൽ ഭയന്നു പിന്മാറും. അവയുടെ ജീവനു കുഴപ്പമൊന്നും ഉണ്ടാവില്ല എന്നതു കേട്ടപ്പോൾ ആശ്വാസമായി ).
പാക്കേജിന്റെ ഭാഗമായി പ്രധാനമായും മൂന്നു പരിപാടികളാണുള്ളത്. ബോട്ടിംഗ്, ട്രെക്കിങ്ങ്, സഫാരി.
1 . ബോട്ടിങ് – ഗവി ഇക്കോ ടൂറിസം കാട്ടിലേക്കൊരു യാത്ര.
പമ്പാ നദിയിലൂടെയുള്ള ബോട്ടി൦ഗ്
നാലുമണിയോടുകൂടി ഞങ്ങൾ ഭക്ഷണശാലയിലെത്തി. ചൂടു ചായ കുടിച്ചതിനു ശേഷം ബോട്ടിങ്ങിനു പുറപ്പെട്ടു. പമ്പാനദിയിലൂടെ, വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ചെറുബോട്ടുതുഴഞ്ഞുള്ള
യാത്ര വളരെയേറെ രസകരമായിരുന്നു. നാലു വശവും കാട്. ഈ സമയത്തു ആനകൾ ധാരാളമായി വെള്ളം കുടിക്കാനായി വരാറുണ്ടെന്നു ബിജു പറഞ്ഞു. എങ്കിലും ഞങ്ങൾക്കൊന്നിനെയും കാണാൻ സാധിച്ചില്ല. അതിൽ യാതൊരു നിരാശയും തോന്നിയില്ല . കാരണം, മനുഷ്യരുടെ സാമീപ്യം അവർക്കും അത്ര താല്പര്യമൊന്നും കാണില്ലല്ലോ.
ആറുമണിയോടു കൂടി ബോട്ടിങ് അവസാനിപ്പിച്ച് ഞങ്ങൾ കരയിലേക്കു മടങ്ങി. ഇരുട്ടിത്തുടങ്ങിയതോടെ കോട്ടേജിലേക്കു പോയി. കുറച്ചു സമയം വരാന്തയിലിരുന്നു ‘കാടിന്റെ സംഗീതം’, അതായതു ചീവീടുകളുടെ ശബ്ദം ആസ്വദിച്ചു. ഏഴരയോടുകൂടി ഭക്ഷണം കഴിക്കാനായി ബിജു ഫോണിലൂടെ വിളിച്ചു. ബി എസ് എൻ എൽ ടവർ ഉള്ളതിനാൽ കാട്ടിനുള്ളിലും ഫോൺ പ്രവർത്തിക്കുമെന്നുള്ളത് അനുഗ്രഹമായി. ബുഫെ രീതിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണവും നല്ല ആതിഥ്യ മര്യാദയുള്ള ജോലിക്കാരുമെല്ലാമുള്ള വൃത്തിയുള്ള ഭക്ഷണശാല. ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിയാറായപ്പോഴേക്കും ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു.
അടുത്തു തന്നെ ക്യാമ്പ് ഫയർ സജ്ജീകരിച്ചിരുന്നു. അസഹ്യമായ തണുപ്പില്ലെങ്കിലും തീയുടെ സാമീപ്യം നന്നായി തോന്നി.
കൃാ൦പ് ഫയർ
അങ്ങനെ എല്ലാവരും ക്യാമ്പ്ഫയറിനു ചുറ്റും ഒത്തുകൂടി. കുട്ടികൾ പാട്ടും ഡാൻസും തുടങ്ങി. മുതിർന്നവർ പരസ്പരം പരിചയപ്പെട്ടും കുട്ടികളോടൊപ്പം പാട്ടു പാടിയും രാത്രി അതീവ ഹൃദ്യമാക്കി . രാവിലെ കൃത്യം ആറു മണിക്കു സഫാരിക്കു തയാറാകണമെന്നുള്ള നിർദ്ദേശം നൽകി ബിജു റൂമിലേക്കും ഞങ്ങൾ ടെന്റിലേക്കും പോയി. കമ്പിളി പുതച്ചു സുഖമായ ഉറക്കം.
2. ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര- ജംഗിൾ സഫാരി.
കൃത്യം ആറുമണിക്കു ഞങ്ങൾ എത്തുമ്പോഴേക്കും ജീപ്പുമായി ഡ്രൈവറും റെഡി. ദീപം എന്ന വിളിപ്പേരുള്ള രാജേശ്വരൻ ഡ്രൈവറെന്നതിലുപരി നല്ല ഗൈഡുകൂടിയാണ്. ഈ പ്രദേശത്തു ജനിച്ചുവളർന്ന അദ്ദേഹത്തിനു കാടിന്റെ ഓരോ മുക്കും മൂലയും പരിചിതമാണെന്നുള്ളതിൽ യാതൊരു അതിശയത്തിനും സ്ഥാനമില്ലല്ലോ. അടുത്തിടെ വിവാഹം കഴിഞ്ഞെത്തിയ നാലു ദമ്പതിമാരും ഞങ്ങളോടൊപ്പം ജീപ്പിലുണ്ടായിരുന്നു. കൂട്ടത്തിൽ സീനിയർ ആയ ഞാൻ മുൻസീറ്റിലും മറ്റുള്ളവരെല്ലാം പിന്നിലും. യാത്ര തുടങ്ങി.
വനത്തിനുള്ളിൽ പമ്പയുടെ മനോഹാരിത
ആദ്യമായി കാട്ടുപോത്തിന്റെ ഒരു കൂട്ടത്തെ ദൂരെയായി കണ്ടു. പിന്നീട് മാൻ ( Sambar deer ), കാട്ടുപന്നി, കാട്ടുകോഴി, മലയണ്ണാൻ, കുരങ്ങന്മാർ അങ്ങനെ പലതിനെയും കണ്ടു. ഇവിടെയും വഴിയിലുടനീളം ആനപ്പിണ്ടം കണ്ടെങ്കിലും ആനകളെ ഒന്നും തന്നെ കണ്ടില്ല.
പമ്പാ നദിക്കു കുറുകെയുള്ള ഏഴു ഡാമുകൾ ഈ പ്രദേശത്തുതന്നെയുണ്ട്. അതിൽ അഞ്ചെണ്ണവും ഞങ്ങൾക്കു കാണാൻ സാധിച്ചു. കൊടും കാട്ടിലൂടെയുള്ള യാത്ര വളരെ രസകരമായി തോന്നി. കാട്ടുപോത്തും കടുവയും എല്ലാമുള്ള കാടാണെന്നോർത്തപ്പോൾ അൽപ്പം ഭയം തോന്നാതിരുന്നില്ല. പക്ഷെ, കാട്ടുമൃഗങ്ങൾ ഒരു കാര്യവുമില്ലാതെ ഒരിക്കലും നമ്മളെ ഉപദ്രവിക്കില്ല എന്നാണ് ദീപം തറപ്പിച്ചു പറഞ്ഞത്.
ചുരുങ്ങിയ സമയം കൊണ്ട്, തമിഴുകലർന്ന മലയാളത്തിൽ വളരെയധികം കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്കു പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിൽ നിന്നും ഈ പ്രദേശത്തു കുടിയേറിയവരാണ്. അദ്ദേഹത്തിന്റെ മൂത്ത മകൾ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. ഇതു പറയുമ്പോൾ ആ പിതാവിന്റെ മുഖം അഭിമാനം കൊണ്ടു വിടർന്നിരുന്നു.
ആദിവാസികൾ, ശ്രീലങ്കയിൽ നിന്നു കുടിയേറിയ അഭയാർത്ഥികൾ എന്നിവരെയെല്ലാം പുനരധിവസിപ്പിച്ചിട്ടുള്ള കോളനികൾക്കു സമീപത്തു കൂടിയാണു ഞങ്ങൾ പോയത്. ഇവരിൽ പലരും വനത്തിനുള്ളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. പക്ഷെ പുതിയ തലമുറയിൽപ്പെട്ട പലരും വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ പല കാര്യങ്ങൾക്കായി മറ്റു നാടുകളിലാണത്രെ. ആദിവാസികൾക്കു സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ള കോളനികൾക്കു സമീപം തീരെ ചെറിയ കുടിലുകൾ കണ്ടു. ഇവർക്കൊക്കെ എത്ര വീടുകൾ കിട്ടിയാലും ഇതിനുള്ളിലേ കിടക്കു എന്നു ദീപം തെല്ലു നിരാശയോടെ പറയുന്നതു കേട്ടു.
കോളനിക്കു മുന്നിൽ യാതൊരു സങ്കോചവുമില്ലാതെ ഒരു മാനിന്റെ കുട്ടി മേഞ്ഞു നടക്കുന്നതു കണ്ടു. കൂട്ടത്തിൽ പറയട്ടെ, അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്ന പൊന്നമ്പല മേട്ടിലേക്കുള്ള വഴിയും ഞങ്ങൾ കണ്ടു. അവിടെനിന്നും നാലര കിലോമീറ്ററേയുള്ളു പൊന്നമ്പലമേട്ടിലേക്ക്.
അങ്ങനെ ഏതാണ്ടു രണ്ടു മണിക്കൂർ നീണ്ട സഫാരി അവസാനിപ്പിച്ചു ഞങ്ങൾ തിരികെയെത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു ട്രെക്കിങ്ങിനായി ബിജുവിനോടൊപ്പം പുറപ്പെട്ടു.
3. ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര -ട്രെക്കിങ്ങ്.
തുടക്കത്തിൽ മൃഗങ്ങളുടെ അസ്ഥികൂടവും കൊമ്പും മറ്റും പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം കാണാൻ കയറി. ഏറ്റവും അത്ഭുതകരമായി തോന്നിയത് ആനയുടെ അസ്ഥികൂടം മുഴുവനായി പ്രദർശിപ്പിച്ചിരിക്കുന്നതാണ്. മലയുടെമുകളിൽ നിന്നു പരസ്പരം പോരാടിയ കൊമ്പന്മാരിൽ ഒരുവൻ താഴേക്കു വീണു ചരിഞ്ഞതാണത്രേ. പക്ഷെ അതിലുള്ള കൊമ്പുകൾ കൃത്രിമമായി നിർമിച്ചതാണ്.
പിന്നീടു പതുക്കെ ട്രെക്കിങ്ങ് പാതയിലൂടെ മുകളിലേക്ക് .
ആനകൾ പതിവായി സഞ്ചരി��്കുന്ന വഴിയായ ആനത്താരകളാണ് ട്രെക്കിങ്ങിനായും തിരഞ്ഞെടുക്കാറ്. കാടിന്റെ സൗന്ദര്യം നുകർന്ന് മൃഗങ്ങൾ, പാറകൾ മരങ്ങൾ എന്നിങ്ങനെ സകലതിനെയും കുറിച്ചുള്ള ബിജുവിന്റെ വിവരണങ്ങൾ കേട്ടു മലമുകളിൽ എത്തിയത് അറിഞ്ഞതേയില്ല. അവിടെനിന്നു നോക്കിയാൽ ദൂരെയായി കാണുന്ന വെള്ളനിറത്തിലുള്ള കെട്ടിടസമുച്ചയം ശബരിമല ക്ഷേത്രവും ചുറ്റുപാടുമാണെന്നുള്ള അറിവ് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. പതിനെട്ടു മലകൾക്കു നടുവിലായാണ് ശബരിമല എന്നുള്ള സത്യം കണ്ടുമനസ്സിലാക്കാൻ തന്നെ സാധിച്ചു.
ആനയുടെ അസ്തി കൂട൦
കടുവകൾ ധാരാളമായി എത്തുന്ന സ്ഥലത്താണു ഞങ്ങൾ നിൽക്കുന്നത് എന്നുള്ള കാര്യം അല്പം ഭയത്തോടെയാണു മനസ്സിലാക്കിയത് . അവ കൊന്നു തിന്നുന്ന മാനുകളുടെയും മറ്റും രോമം ദഹിക്കാതെ പുറത്തേക്കു പോയത് അവിടെയെല്ലാം ധാരാളമായി കിടക്കുന്നതു കണ്ടു. തെളിവിനായി ബിജു കാണിച്ചു തന്നു എന്നു പറയുന്നതാണു കൂടുതൽ ശരി.
ഉച്ചക്കു ഏകദേശം 12 . 30 നു ഞങ്ങൾ തിരികെയെത്തി. ഉച്ച ഭക്ഷണം കഴിച്ചു ഓഫീസ് നടപടികൾ പൂർത്തിയാക്കി രണ്ടു മണിയോടു കൂടി ഗവിയോടു യാത്ര പറഞ്ഞു. കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒരു കാര്യം ഓഫീസ് സ്റ്റാഫിന്റെ പെരുമാറ്റമാണ്. ടൂറിസ്റ്റുകളോടു വളരെ സൗഹാർദത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. അടുത്ത പ്രാവശ്യം ജംഗിൾ ക്യാമ്പിനുകൂടി ( അതായതു കാട്ടിനുള്ളിൽ ഒരു രാത്രി ) തയാറായി വേണം വരാൻ എന്നാണു ബിജുപറഞ്ഞിരിക്കുന്നത് . ഞങ്ങൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഞങ്ങളോടൊപ്പം കൂടാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്.
ഗൈഡ് ബിജുവിനോടൊപ്പ൦
തിരികെയുള്ള യാത്രയിൽ പത്തൊൻപതു കിലോമീറ്റർ വളരെ പതുക്കെ, കാടിനെ നന്നായി കണ്ടുകൊണ്ടാണ് പോന്നത്.
കുടുംബവുമൊന്നിച്ചു യാത്ര പോകാനായി ഈ സ്ഥലം തിരഞ്ഞെടുക്കാൻ ഒട്ടും തന്നെ മടിക്കേണ്ടതില്ല. അടുത്ത അവധിക്കാലത്തു രണ്ടു ദിവസം ഇതിനായി മാറ്റിവെക്കുക. തീർച്ചയായും എല്ലാവരും ഇഷ്ടപ്പെട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം. പ്രത്യേകിച്ച് പിറന്നാൾ ഗൃഹപ്രവേശം മുതലായ അവസരങ്ങളിൽ. തീർച്ചയായും നമ്മളിൽ പലർക്കും പലപ്പോഴും ഒരു സമ്മാനം തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ, യാതൊരു സംശയവും കൂടാതെ ഒരു ബോൺസായ് സമ്മാനമായി നല്കുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്. ബോൺസായ് സമ്മാനമായി നല്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ വളരെയേറെയാണ്.
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം.
ഇത് വളരെയധികം ഭംഗിയുള്ള ഒരു കലാരൂപമാണ്.
ഫുകിൻ ടീ ട്രീ ബോൺസായ്
ബോൺസായ് സമ്മാനമായി നൽകുന്നത് പ്രോത്സാഹിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അതിന്റെ കലാമൂല്യം തന്നെയാണ്. തീർച്ചയായും മറ്റേതൊരു കലാരൂപത്തെയും പോലെ വളരെയധികം ക്ഷമയും അർപ്പണമനോഭാവവും ഒരു ബോൺസായിയുടെ രൂപീകരണത്തിനും ആവശ്യമാണ്.
സ്വർണം, പണം എന്നിങ്ങനെയുള്ള വസ്തുക്കളെപ്പോലെ തന്നെ ബോൺസായ് മരങ്ങളും അതിന്റെ മൂല്യം നഷ്ടപ്പെടാതെ ദീർഘകാലം സൂക്ഷിച്ചു വെക്കാൻ സാധിക്കും. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ജപ്പാൻ, ചൈന മുതലായ രാജ്യങ്ങളിൽ ഇതൊരു സംസ്കാരം തന്നെയാണ്. സാധാരണയായി ഈ നാടുകളിലെ ആൾക്കാർ തങ്ങളുടെ മുൻ തലമുറക്കാരിൽ നിന്നു ലഭിച്ച ബോൺസായ് മരങ്ങൾ പൂർവിക സ്വത്തായി സൂക്ഷിക്കാറുണ്ട്.
ബോൺസായ് മരങ്ങൾ വീട്ടിൽ ഏതു ഭാഗത്തും വെക്കാവുന്നതാണ്.
വിലപിടിപ്പുള്ള സമ്മാനങ്ങൾ നമ്മൾ എപ്പോഴും സുരക്ഷിതമായി സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. എന്നാൽ , ബോൺസായ് മരങ്ങൾ വീട്ടിൽ ഏതു ഭാഗത്തും വെക്കാവുന്നതാണ്. വീട്ടിനുള്ളിലോ പുറത്തോ നന്നായി വളരുന്ന ധാരാളം ബോൺസായ് മരങ്ങൾ ലഭ്യമാണ്. തന്നെയുമല്ല, ദിവസത്തിൽ ഒരിക്കലെങ്കിലും ഇതു നമ്മൾ കാണുകയും അപ്പോഴെല്ലാം ഈ മനോഹരമായ സമ്മാനം നൽകിയ പ്രിയപ്പെട്ടവരേ ഓർക്കുകയും ചെയ്യുന്നു.
പച്ച നിറം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്നു.
കൂടാതെ പച്ചപ്പ് എപ്പോഴും നമുക്ക് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്നു. രക്ത സമ്മർദ്ദം, മാനസിക പിരിമുറുക്കം തുടങ്ങിയ പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സസ്യങ്ങൾക്കുള്ള കഴിവിനെപ്പറ്റി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ പല ചെടികളും വീട്ടിനുള്ളിൽ സൂക്ഷിച്ചാൽ കാർബൺ ഡൈ ഓക്സയിഡ് പോലെ ദോഷകരമായ വാതകങ്ങൾ അവ വലിച്ചെടുക്കുന്നു. പിന്നീട് ഓക്സിജൻ പുറത്തേക്കു വിട്ട് അന്തരീക്ഷം ശുദ്ധമാക്കുന്നു.
വീട്ടിൽ ബോൺസായ് മരങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമായി കരുതുന്നു.
വാസ്തുശാസ്ത്രം, ഫെങ്ങ്ഷുയി എന്നിവയൊക്കെ അനുസരിച്ചു ചില മരങ്ങൾ വീട്ടിൽ വളർത്തുന്നത് ഐശ്വര്യ ലക്ഷണമായി കരുതുന്നു. ഉദാഹരണമായി ജെയ്ഡ് , മുള എന്നീ മരങ്ങൾ.
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്ക് നല്കാൻ അനുയോജ്യമായ സമ്മാനം.
ഏതൊക്കെ മരങ്ങളാണ് ഉത്തമം?
ഓരോരുത്തർക്കും അവരവരുടെ ചുറ്റുപാടിൽ നന്നായി വളരുന്ന മരങ്ങൾ തിരഞ്ഞെടുക്കാം. ആൽ ( ഫൈക്കസ് ) കുടുംബത്തിൽപ്പെട്ട മരങ്ങൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നന്നായി വളരും. ഇന്ത്യ പോലെയുള്ള ട്രോപ്പിക്കൽ പ്രദേശങ്ങളിൽ വാളൻ പുളി, ജെയ്ഡ്, കണിക്കൊന്ന, തുടങ്ങിയ മരങ്ങളും ബോൺസായ് ആയി വളർത്തുന്നതിന് ഏറെ അനുയോജ്യമാണ്. വിവിധ നിറങ്ങളിലുള്ള പൂക്കളോടു കൂടിയ തെറ്റി,( Ixora ), ബൊഗെയ്ൻവില്ല മുതലായ പൂച്ചെടികളും വളരെ നന്നായിരിക്കും.
വിവിധ നിറങ്ങളിലുള്ള പൂക്കളോടു കൂടിയ അഡീനിയം ബോൺസായ്( Desert rose ) ഇന്നു വളരെയധികം പ്രചാരത്തിലുണ്ട്.
സമ്മാനം സ്വീകരിക്കുന്നത് ഈ രംഗത്ത് പുതിയ ആളാണെങ്കിൽ ഒരു ബോൺസായ് കിറ്റ് കൂടി നൽകാവുന്നതാണ് ( ഇതിൽ പല തരത്തിലുള്ള കട്ടറുകൾ, കത്രിക മുതലായ സാധനങ്ങളുണ്ടാകും ).
ചുരുക്കിപ്പറഞ്ഞാൽ ഒരു ബോൺസായ് മരത്തിന്റെ ആരോഗ്യവും സൗന്ദര്യവും, അതിനെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ ബോൺസായ് സമ്മാനമായി നല്കാൻ തീരുമാനിച്ചാൽ, അതു സ്വീകരിക്കുന്നയാളിന്റെ താത്പര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിനു വേണ്ടി നടത്തിയ ശ്രമങ്ങൾ എല്ലാം വ്യർത്ഥമാകുമല്ലോ.
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ചുകൊണ്ടു തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ബോൺസായ് മരം സമ്മാനമായി നൽകുക.
അതുപോലെതന്നെ ഒരു ബോൺസായ് മരം സമ്മാനമായി നിങ്ങൾക്കു ലഭിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുക. വളരെ ശ്രദ്ധയോടു കൂടി അതിനെ സംരക്ഷിക്കുക.
ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ, ഒരേ സമയം കൃഷി എന്ന രീതിയിലും എന്നാൽ വളരെയധികം ശ്രദ്ധ നേടിത്തരുന്ന ഒരു കലാ രൂപമെന്ന രീതിയിലും. നൂറ്റാണ്ടുകൾക്കു മുൻപ് ജപ്പാൻ ,ചൈന മുതലായ രാജ്യങ്ങളിൽ ആരംഭിച്ച ഈ വിദ്യ മിക്കവാറും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ബോൺസായ് വളരെയധികം പ്രചാരത്തിൽ ആയിട്ടുണ്ട്. ഹോബി എന്നതിലുപരി ഒരു പ്രധാന വരുമാന മാർഗ്ഗമായും പലരും ബോൺസായ് മരങ്ങൾ വളർത്തുന്നുണ്ട്.
സാധാരണയായി വിത്ത് മുളപ്പിച്ചും കമ്പു മുറിച്ചു നട്ടുമാണ് ബോൺസായ് മരങ്ങൾ വളർത്തുന്നത്. ഒരു മരം, ബോൺസായ് എന്ന മനോഹരമായ കലാരൂപമായി മാറുന്നതിനു വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇത് അതുല്യവും സാമാന്യം വിലപിടിപ്പുള്ളതും ആയിരിക്കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ വില കൊടുത്തു ഒരു ബോൺസായ് വാങ്ങുകഎന്നത് ബുദ്ധിമുട്ടായിരിക്കും. വളരെയധികം താല്പര്യമുണ്ടെങ്കിലും താങ്ങാനാവാത്ത വിലയാണ് പലരെയും ബോൺസായ് വളർത്തലിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, വളരെ കുറഞ്ഞ ചിലവിൽ ഈ കലാരൂപം എങ്ങനെ സ്വന്തമാക്കാം എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണല്ലോ.
തീർച്ചയായും അൽപ്പം ക്ഷമയും മരങ്ങളെ സ്നേഹിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ ആർക്കും ബോൺസായ് മരങ്ങൾ വളർത്താവുന്നതാണ്. ഒരു സാധാരണ ചെടിയെ സംരക്ഷിക്കുന്ന അത്ര ശ്രദ്ധയും പരിചരണവും മാത്രമേ ഒരു ബോൺസായ് മരം വളർത്തുന്നതിനും ആവശ്യമായി വരുന്നുള്ളു.
ബോൺസായ് വളർത്താം കുറഞ്ഞചിലവിൽ – എങ്ങനെ എന്ന് നോക്കാം
1 . മരം തിരഞ്ഞെടുക്കൽ.
അതാതു സ്ഥലങ്ങളിൽ സുലഭമായിവളരുന്ന മരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. കാരണം കാലാവസ്ഥയും മണ്ണിന്റെ ഘടനയും മരങ്ങൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ട്രോപ്പിക്കൽ പ്രദേശമായ കേരളത്തിലെ കാലാവസ്ഥക്കു യോജിച്ച മരങ്ങളായ വാളൻ പുളി, കണിക്കൊന്ന, ആൽ കുടുംബത്തിൽപ്പെട്ട മരങ്ങൾ മുതലായവ ഏറ്റവും അനുയോജ്യമാണ്. ഇവയുടെയെല്ലാം തൈകൾ വലിയ മരങ്ങളുടെ ചുവട്ടിൽ നിന്നും അനായാസം ശേഖരിക്കാൻ കഴിയും. അതുപോലെ ബോൺസായ് ആയി വളർത്താൻ ഏറ്റവും അനുയോജ്യമായ മരങ്ങളായ ജേഡ്, ഫൈക്കസ് ബെഞ്ചമിനാ എന്നിവയുടെ കമ്പുകൾ ശേഖരിച്ചു നട്ടു വളർത്തിയും തൈകൾ ഉൽപ്പാദിപ്പിക്കാവുന്നതാണ്.
അരയാൽ മരത്തിന്റെ തൈ
2. തൈകൾ നടുന്ന രീതി.
ആദ്യമായി മണ്ണ്, മണൽ, വളം ( ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ) 4 :3 : 3 എന്ന അനുപാതത്തിൽ യോജിപ്പിക്കുക. പിന്നീട് ഈ മിശ്രിതം ഒരു സാധാരണ ചെടി ചട്ടിയിൽ മുക്കാൽ ഭാഗം നിറയ്ക്കുക. ചട്ടിയിൽ നല്ല നീർ വാർച്ചയുണ്ടായിരിക്കണം.
നല്ല ആരോഗ്യമുള്ള തൈ തിരഞ്ഞെടുത്തു ചട്ടിയിൽ നടുക. ആദ്യ ദിവസങ്ങളിൽ തണലിൽ സൂക്ഷിക്കുകയും കൃത്യമായി നനയ്ക്കുകയും ചെയ്യുക. ചെടിയുടെ വേര് പിടിച്ചു തുടങ്ങുകയും പുതിയ ഇലകൾ വരുകയും ചെയ്താൽ ക്രമേണ വെയിലത്തേക്കു മാറ്റുക. ഇങ്ങനെ പതിവായി നനയ്ക്കുകയും ഇടയ്ക്കിടയ്ക്ക് നേർപ്പിച്ച ജൈവ വളം നൽകുകയും ചെയ്യുക. ഏകദേശം രണ്ടോ മൂന്നോ വർഷങ്ങൾ ചെടിയെ യഥേഷ്ടം വളരാൻ അനുവദിക്കുക.
3. പ്രൂണിങ്.
ബോൺസായിയിലേക്കുള്ള യഥാർത്ഥ പരിണാമത്തിന്റെ ആദ്യ ഘട്ടമാണിത്. ആവശ്യത്തിനുള്ള ശിഖരങ്ങളും ഇലകളും മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുന്നതിനാണ് പ്രൂണിങ് എന്നു പറയുന്നത്.
4. റീപോട്ടിങ്.
പ്രൂണിംഗിന് ശേഷം ചെടിയെ മണ്ണോടുകൂടി മുഴുവനായി പുറത്തെടുക്കുക. അതിനു ശേഷം മൂർച്ചയുള്ള കത്രിക ഉപയോഗിച്ച് വേരുകളുടെ മൂന്നിൽ രണ്ടു ഭാഗം നിർത്തി ബാക്കി മുറിച്ചു മാറ്റുക. (ഇതിനായുള്ള പ്രത്യേക ഉപകാരണങ്ങളായ കത്രിക, കട്ടറുകൾ, പ്ലയർ മുതലായവഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്).
ചട്ടിയിൽ ആദ്യം സൂചിപ്പിച്ച അതേ അനുപാതത്തിൽ നടീൽ മിശ്രിതം നിറച്ചതിനു ശേഷം ചെടി നടുക. പതിവായി നനയ്ക്കുകയും കൃത്യമായ ഇടവേളകളിൽ വളമിട്ടു പരിപാലിക്കുകയും വേണം.
5. വയറിങ് .
വയറിംഗ് ചെയ്ത ചെറി ബോൺസായ്
അവരവരുടെ ഭാവനക്കനുസരിച്ചു ബോൺസായ് മരത്തിനുരൂപ ഭംഗി വരുത്തുന്നഘട്ടമാണിത്. ശിഖരങ്ങൾ മൃദുവായ കമ്പികൾ ഉപയോഗിച്ച് അനുയോജ്യമായ രീതിയിൽ വളച്ചു കെട്ടി വെക്കുന്നു.
അലൂമിനിയം അല്ലെങ്കിൽ ചെമ്പു കമ്പികൾ ഇതിനായി ഉപയോഗിക്കാം. കമ്പി ചുറ്റുമ്പോൾ അധികം മുറുകി കമ്പുകളിൽ പാടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ക്രമേണ ചെടി മനോഹരമായ ഒരു ബോൺസായ് ആയി മാറുന്നു. ഓരോ ചെടിയുടെയും വളർച്ച രീതികൾ വ്യത്യസ്തമായതിനാൽ ബോൺസായ് രൂപത്തിലേക്ക് മാറുന്നതിനു വേണ്ടിവരുന്ന സമയവും അതിനനുസരിച്ചായിരിക്കും
6. ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റം .
ഫൈക്കസ് അലി ബോൺസായ് – ബോൺസായ് ചട്ടിയിൽ
ഇങ്ങനെ ബോൺസായ് രൂപത്തിലായ ചെടിയെ പ്രത്യേകം രൂപകൽപന ചെയ്തു നിർമിച്ചിട്ടുള്ള ചട്ടിയിലേക്കു മാറ്റി നടാവുന്നതാണ്. നടീൽ മിശ്രിതം ആദ്യ ഘട്ടത്തിൽ പ്രതിപാദിച്ചിട്ടുള്ള അനുപാതത്തിൽ തന്നെ മതിയാകും. ബോൺസായ് ചട്ടികൾ കടകളിൽ നിന്നോ ഓൺലൈൻസ്റ്റോറുകളിൽ നിന്നോ വാങ്ങാവുന്നതാണ്.
തീർച്ചയായും ലളിതവും ചിലവു കുറഞ്ഞതുമായ ഈ രീതിയിലൂടെ ഒരു ബോൺസായ് വളർത്താൻ നിങ്ങൾക്കും ശ്രമിച്ചു നോക്കാവുന്നതാണ്. അതായതു, ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ, എന്നുള്ള കാര്യം സ്വന്തം അനുഭവത്തിലൂടെ തന്നെ ബോധ്യമാകുമല്ലോ.
( All pics shown in this article, are from the collection of Tamarind Bonsai, Kottayam)
ബോൺസായ് മരം വളർത്തൽ സംരക്ഷണം. യഥാർത്ഥത്തിൽ ബോൺസായ് എന്ന വാക്കിന്റെ അർത്ഥം പാത്രങ്ങളിൽ വളരുന്ന മരം എന്നാണ്. അതായത് വൃക്ഷങ്ങളെ പല രീതികളിലൂടെ, അവയുടെ യഥാർത്ഥ ലക്ഷണങ്ങളോടുകൂടി കുഞ്ഞൻ മരങ്ങളായി വളർത്തുന്ന രീതിയാണിത്. അതിനേക്കാളേറെ പൂക്കളോടും കായ്കളോടും കൂടിയ ഈ ചെറുമരങ്ങൾ കാഴ്ചയിൽ വളരെ കൗതുകമുണർത്തുന്നവ യാണ്. താങ്ങു വേരുകളോടു കൂടിയ ആൽ വർഗത്തിൽ പെട്ട മരങ്ങൾ ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായവയാണ്.
അൽപം ബോൺസായ് ചരിത്രം.
ജപ്പാനിൽ ബോൺസായ് എന്ന കലാരൂപം ആരംഭിച്ചിട്ട് ഏകദേശം ആയിരം വർഷത്തോളം ആയിട്ടുണ്ടെന്നു കരുതുന്നു. എന്നാൽ കിഴക്കൻ ഏഷ്യൻ രാജ്യമായ ചൈനീസ് വാക്ക് ‘ പെൻസി’ എന്ന വാക്കിൽ നിന്നാണ് ബോൺസായ് എന്ന വാക്കിന്റെ ഉത്ഭവം എന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഏതായാലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ലോകത്തിലെ മറ്റു കോണുകളിലേക്ക് ബോൺസായ് എന്ന കലാരൂപം വ്യാപിച്ചിട്ടുള്ളത് എന്നത് തർക്കമറ്റ വസ്തുത തന്നെയാണ്. എന്നാൽ ആർഷഭാരത സംസ്കാരത്തിന്റെ പ്രധാന ഭാഗമായിരുന്ന മുനിമാരുടെ സംഭാവനയാണ് ഈ മനോഹരമായ സൃഷ്ടികൾ എന്ന് വിശ്വസിക്കാനാണല്ലോ ഭാരതീയരായ നമുക്ക് തീർച്ചയായും താല്പര്യം.
ബൊഗെയ്ൻവില്ല
ബോൺസായ് മരം വളർത്തൽ സംരക്ഷണം – ലക്ഷ്യങ്ങൾ.
പ്രധാനമായും കലാപരമായ മേന്മയാണ് ബോൺസായ് എന്ന കുഞ്ഞൻ മരങ്ങളെ ഇത്രയധികം പ്രശസ്തമാക്കിയിട്ടുള്ളത്. സ്വന്തം മക്കളെയെന്ന പോലെ മരങ്ങളെ പരിപാലിച്ച് വളർത്തിയെടുക്കുക എന്നത് വളരെയേറെ നിർവൃതി നല്കുന്നു എന്നതാണ് വാസ്തവം. അതിലുപരി വളരെയധികം ക്ഷമയുംഅർപ്പണ ബോധവും ആവശ്യമായയായതിനാൽ ബോൺസായ് പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കാൻ ഈ കലാ രൂപത്തിനു കഴിയുന്നു.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ബോൺസായ് മരങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരുന്നു. വാസ്തു ശാസ്ത്രവും ഫെങ് ഷൂയി പോലെയുള്ള മറ്റു ശാസ്ത്രങ്ങളും ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.
ബോൺസായ് അനുയോജ്യമായ മരങ്ങൾ.
സാധാരണ യായി ഒരു മരം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ലക്ഷണമൊത്ത ഒരു ബോൺസായ് ആയിത്തീരുന്നതിന് കുറഞ്ഞ ത് പത്തു വർഷത്തെ കാത്തിരിപ്പെങ്കിലും ആവശ്യമാണ്. ചില മരങ്ങൾക്ക് അത്ര നീണ്ട കാലാവധി ആവശ്യമായി വരുന്നില്ല. എന്നാൽ അരയാൽ പോലെ യുള്ള ചില മരങ്ങൾക്ക് ഇരുപതോ അതിലധികമോ വർഷങ്ങൾ വേണ്ടിവന്നേക്കാം. കൂടാതെ വളരെ വേഗത്തിൽ ബോൺസായ് രുപത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ‘ജേഡ്’ പോലെയുള്ള മരങ്ങളും ലഭ്യമാണ്.
നടീൽ രീതികൾ.
വിവിധ രീതികളിലൂടെ തൈകൾ വളർത്തിയെടുക്കാൻ സാധിക്കും. വാളൻ പുളി, അഡീനിയം തുടങ്ങിയവ വിത്തു മുളപ്പിച്ച് നട്ടു വളർത്തുന്ന രീതിയാണ് അഭികാമ്യം. എന്നാൽ ആൽ കുടുംബത്തിൽ പെട്ട ‘ഫൈക്കസ്’ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന മരങ്ങൾ കമ്പു മുറിച്ചു നട്ടു വളർത്തുന്നു. നേഴ്സറി കളിൽ നിന്നും തൈകൾ നേരിട്ടു വാങ്ങി ബോൺസായ് ആയി രൂപപ്പെടുത്തിയെടുക്കുന്ന രീതിയും കണ്ടുവരുന്നു.
ബോൺസായ് മരം വളർത്തൽ സംരക്ഷണം – വിവിധ ഘട്ടങ്ങൾ.
അഡീനിയം ബോൺസായ്
1. ചട്ടിയിൽ തൈകൾ നടുന്നു.
വിത്തു മുളപ്പിച്ചോ മറ്റു രീതിയിലോ ലഭിക്കുന്ന തൈകൾ ഒരു സാധാരണ ചെടിച്ചട്ടിയിൽ വളരാൻ അനുവദിക്കുക. മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയും 4:3:3 എന്ന അനുപാതത്തിൽ കലർത്തിയ നടീൽ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പതിവായി നനയ്ക്കുകയും രണ്ടാഴ്ചയിലൊരിക്കൽ നേർപ്പിച്ച ജൈവ വളം മിതമായ തോതിൽ നല്കുകയും വേണം. ഇങ്ങനെ തൈകൾ വളർന്ന് ശിഖരങ്ങൾ രൂപപ്പെട്ടു കഴിയുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.
2. പ്രൂണിങ്ങ്.
ഈ ഘട്ടത്തിൽ ആവശ്യമായ ഇലകളും ശിഖരങ്ങളും നിർത്തിയതിനു ശേഷം മറ്റുള്ളവ നീക്കം ചെയ്യുന്നു. ഈ ഘട്ടം മുതൽ അല്പം ഭാവനയും കൂടി പ്രയോഗിക്കേണ്ടതുണ്ട്. ബോൺസായ് എന്ന കലാരൂപത്തിന്റെ പ്രാരംഭ ഘട്ടമാണിത്.
3. വയറിംഗ്.
ശിഖരങ്ങൾ കനം കുറഞ്ഞ മൃദുവായ കമ്പി ഉപയോഗിച്ച് വളച്ച് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തുന്നതിന് വയറിംഗ് എന്നു പറയുന്നു. സാധാരണ അലൂമിനിയം, ചെമ്പ് കമ്പി കളാണ് ഇതിന് കൂടുതൽ അനുയോജ്യം.
4. റീ പോട്ടിംഗ് – ബോൺസായ് മരം വളർത്തൽ സംരക്ഷണം .
ചെടികൾ വലിപ്പമനുസരിച്ച് മറ്റൊരു ചട്ടിയി ലേക്കു മാറ്റുക. സ്ഥിരമായ പരിചരണം ആവശ്യമായ ഘട്ടമാണിത്. മുൻപ് വിവരിച്ച പരിചരണ രീതികൾ അതേപടി ഈ ഘട്ടത്തിലും ആവശ്യമാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ബോൺസായ് പരിണാമത്തിലേക്കുള്ള തൈകൾ ചട്ടിയിൽ നിന്നും പുറത്തെടുക്കുക. എന്നിട്ട് ഏകദേശം മൂന്നിൽ രണ്ടു ഭാഗം വേരുകൾ മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുക. നടീൽ മിശ്രിതം നേരത്തെ പ്രതിപാദിച്ച അതേ രീതിയിൽ തന്നെ ചട്ടിയിൽ നിറച്ച ശേഷം വീണ്ടും നടുക. വേരുകളും ശാഖകളും മുറിച്ചു മാറ്റുന്ന തിനാവശ്യമായ ഉപകരണങ്ങൾ ( കത്രിക, കോൺകേവ് കട്ടർ, വയർ, പ്ളയർ, ബ്രാഞ്ച് കട്ടർ മുതലായവ ) ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.
5. ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റം.
ആഴം കുറഞ്ഞ പ്രത്യേക തരം ചട്ടികളാണ് ബോൺസായ് ചട്ടികൾ അഥവാ ബോൺസായ് പോട്സ്. ഓവൽ, ചതുരം, വൃത്തം തുടങ്ങി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചട്ടികൾ ലഭ്യമാണ്. ചെടികളുടെ വലുപ്പവും ആകൃതിയും അനുസരിച്ച് ചട്ടികൾ തിരഞ്ഞെടുക്കാം.
ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റത്തോടെ മരങ്ങൾ യഥാർത്ഥ കലാ രൂപമായി യിട്ടുണ്ടാവും. എന്നാൽ, സ്ഥിരമായ പരിചരണം ബോൺസായ് മരങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
( ഈ ലേഖനത്തോടൊപ്പം ചേർത്തിട്ടുള്ള ബോൺസായ് ചിത്രങ്ങൾ കോട്ടയം Tamarind Bonsai യിൽ നിന്നുമാണ് ).