അടുക്കളയിൽ ശുദ്ധവായു നിറയാൻ ചെടികൾ നിങ്ങൾക്കും അനായാസം വളർത്താം. നമ്മുടെ വീടുകളിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നത് അടുക്കളയിൽ ആണെന്നത് വാസ്തവമാണല്ലോ. അതായതു ദിവസവും പാചകം ചെയ്യുമ്പോൾ തന്നെ ധാരാളം കാർബൺ ഡൈ ഓക്സൈഡ് , കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങളെല്ലാം നമ്മുടെ അടുക്കളകളിൽ നിറയുന്നു. അതുപോലെ രാസ പദാർത്ഥങ്ങളടങ്ങിയ ലോഷനുകൾ ഡിറ്റർജന്റുകൾ തുടങ്ങി പലതും നമ്മുടെ അടുക്കളകളെ വിഷലിപ്തമാക്കുന്നവയാണ് .
നമ്മുടെ അടുക്കളകളിൽ നിന്നു വിഷവാതകങ്ങളെ നീക്കം ചെയ്തു ശുദ്ധവായു നിറക്കുന്നതിനു ചെടികൾ വഹിക്കുന്ന പങ്കു വളരെ വലുതാണ്. പല പഠനങ്ങളിൽ നിന്നും ഇതു സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ വിഷയവുമായി ബന്ധപെട്ടു നാസ ( NASA – National Aeronautics and Space Administration ) നടത്തിയ പഠനങ്ങൾക്കു ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഇത്തരത്തിലുള്ള ധാരാളം ചെടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ പലതും നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ അനായാസം വളർത്താൻ സാധിക്കും എന്നുള്ളതാണ് ഏറെ പ്രധാനം .
നമ്മുടെ അടുക്കളയിൽ ശുദ്ധവായു നിറയാൻ വേണ്ടി വളർത്താൻ സാധിക്കുന്ന ഏതാനും ചെടികളെ പരിചയപ്പെടാം.
1 . Sansevieria ( The Snake Plant or Mother-in-law’s tongue).

‘അമ്മായിയമ്മയുടെ നാക്ക്’ എന്ന പേരിൽ നമ്മുടെ നാട്ടിൽ വളരെ സാധാരണയായി കാണുന്ന ചെടിയാണിത്. ഏറ്റവും അധികം കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുന്നതിനും അതുപോലെ തന്നെ ഓക്സിജൻ പുറത്തേക്കു വിടുന്നതിനും കഴിവുള്ള വളരെ പ്രധാനപ്പെട്ട ഒരു ചെടിയാണ് Snake plant. എത്ര കുറഞ്ഞ പ്രകാശത്തിലും നന്നായി വളരാൻ സാധിക്കും എന്നുള്ളതാണ് ഈ ചെടിയുടെ പ്രത്യേകത. അതുപോലെ അത്ര വലിയ സംരക്ഷണമില്ലാതെ തന്നെ കൂടുതൽ നാൾ അതിജീവിക്കുവാനും ഇതിനു കഴിയും
മാതൃ സസ്യത്തിൽ നിന്ന് ശേഖരിക്കുന്ന തൈകളാണ് സാധാരണയായി നടാൻ ഉപയോഗിക്കുന്നത്. ഇലകൾ മുറിച്ചു നട്ടും നമുക്കു Snake plants വളർത്താം. എന്നാൽ തൈകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
ഇപ്പോൾ മനോഹരമായ വിവിധ തരത്തിലുള്ള Snake plants നഴ്സറികളിൽ നിന്നു നമുക്കു വാങ്ങാൻ സാധിക്കും.
ആറ്റുമണൽ, മണ്ണ്, വെർമി കമ്പോസ്റ്റ് എന്നിവ 1 : 1 : 1 എന്ന അനുപാതത്തിൽ യോജിപ്പിച്ചെടുത്ത നടീൽ മിശ്രിതം ഇതിനായി ഉപയോഗിക്കാം. ചെടികൾ നട്ടതിനു ശേഷം ദിവസവും മിതമായ തോതിൽ നനച്ചു കൊടുക്കാൻ മറക്കരുത്. അതുപോലെ നടീൽ മിശ്രിതം നല്ല നീർ വാർച്ചയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഇടയ്ക്കിടെ നനഞ്ഞ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് ഇലകൾ തുടച്ചു വൃത്തിയാക്കണം. ഇലകളിലുള്ള സുഷിരങ്ങൾ അടഞ്ഞു പോകാതെ സൂക്ഷിക്കാൻ വേണ്ടിയാണിത്.
2. Spider plant (Chlorophytum).

മാതൃ സസ്യത്തിൽ നിന്നു ശേഖരിക്കുന്ന ചിലന്തിയുടെ ആകൃതിയിലുള്ള തൈകൾ നട്ടാണ് ഈ ചെടികൾ വളർത്തുന്നത്. വളരെ വേഗത്തിൽ വളരുന്ന സ്പൈഡർ പ്ലാന്റ്സ് അടുക്കളയിൽ വളർത്തുന്നതിന് എന്തുകൊണ്ടും അനുയോജ്യമാണ്. പച്ചയിൽ വെളുത്ത വരകളോടു കൂടിയതും മറ്റു പല തരത്തിലുള്ളതുമായ ഇലകളോടുകൂടിയ ചെടികൾ ഈ കുടുംബത്തിലുണ്ട്. റിബ്ബൺ പോലെ നീളമുള്ള ഇലകളോടുകൂടിയ ഈ ചെടികൾ ‘റിബ്ബൺ പ്ലാന്റ് ‘എന്ന പേരിലും അറിയപ്പെടുന്നു.
നീർ വാർച്ചയുള്ള സാധാരണ നടീൽ മിശ്രിതം മൺ ചട്ടിയിൽ നിറച്ചു നമുക്കു സ്പൈഡർ പ്ലാന്റ്സ് നടാം. ദിവസവും അൽപ്പമെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഏതു സ്ഥലവും ഇവക്കു ധാരാളം മതിയാകും. ചട്ടികളിൽ തൂക്കിയിട്ടു വളർത്താനും സ്പൈഡർ പ്ലാന്റ്സ് ഏറെ അനുയോജ്യമാണ്.
3. മണി പ്ലാന്റ് ( Money plant )

ഭാഗ്യവും പണവും കൊണ്ടുവരുമെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെടികൾ അടുക്കളയിലെന്നല്ല, വീട്ടിനുള്ളിൽ എവിടെയും അനായാസം വളർത്താം. മണ്ണോടുകൂടിയ നടീൽ മിശ്രിതം തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭംഗിയുള്ള കുപ്പിയിലോ പാത്രങ്ങളിലോ വെള്ളം നിറച്ചു ഇവയെ നമുക്കു നട്ടു വളർത്താം. വെള്ളത്തിൽ ഏതാനും തുള്ളി നേർപ്പിച്ച വളം ചേർത്തുകൊടുക്കുന്നതു ഈ ചെടികളുടെ ശരിയായ വളർച്ചക്ക് സഹായിക്കും.
പച്ചയും വെളുപ്പും മഞ്ഞയും കലർന്ന പല തരത്തിലുള്ള ഇലകളോടുകൂടിയ മനോഹരമായ മണി പ്ലാന്റുകളുണ്ട്. സാധാരണയായി തണ്ടുകൾ മുറിച്ചു നട്ടാണ് മണി പ്ലാന്റുകൾ വളർത്തുന്നത്. രണ്ടോ മൂന്നോ മുട്ടുകളോടുകൂടിയ തണ്ടുകൾ നമുക്കിതിനായി ഉപയോഗിക്കാം. വള്ളിച്ചെടിയായോ കുറ്റിച്ചെടിയായോ ഇവയെ നമുക്കു വളർത്താൻ സാധിക്കും എന്നുള്ളതാണു ഇതിന്റെ മറ്റൊരു പ്രത്യേകത.
തിളക്കം നിലനിർത്താനായി ഇടയ്ക്കിടെ ഇലകൾ തുടച്ചു വൃത്തിയാക്കുന്നതു നന്നായിരിക്കും.
കാർബൺ ഡൈ ഓക്സൈഡിന്റെ നേരിയ അംശം പോലും ശേഷിക്കാതെ അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവ് മണി പ്ലാന്റുകൾക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
4. സിങ്കോണിയം ചെടികൾ ( Syngonium plants )

വളരെയധികം വൈവിധ്യങ്ങളോടു കൂടിയ ധാരാളം ചെടികളുള്ള കുടുംബമാണ് സിങ്കോണിയം. വള്ളിച്ചെടികളായും കുറ്റിച്ചെടികളായും വളർത്താൻ സാധിക്കുന്ന പല നിറത്തിലും തരത്തിലുമുള്ള സിങ്കോണിയം ചെടികളുണ്ട്. മാതൃ സസ്യത്തിൽ നിന്നു വേരോടുകൂടി അടർത്തിയെടുത്തോ നഴ്സറികളിൽ നിന്നു തൈകൾ വാങ്ങിയോ നമുക്ക് ഇവയെ വളർത്താം.
നേരിട്ടുള്ള സൂര്യപ്രകാശം താങ്ങാൻ തീരെ കഴിവില്ലാത്ത ഈ ചെടികൾ നമുക്കു വീട്ടിനുള്ളിൽ എവിടെയും വളർത്താം.
നല്ല നീർ വാർച്ചയുള്ള നടീൽ മിശ്രിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം മാംസളമായ ഇതിന്റെ തണ്ടുകൾ പെട്ടെന്നു ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.
5. ഫൈക്കസ് ബെഞ്ചാമിന ( Ficus benjamina ).

ആൽ കുടുംബത്തിൽപ്പെട്ട മരമായ ഫൈക്കസ് ബെഞ്ചാമിന വായു ശുദ്ധീകരിക്കാൻ കഴിവുള്ള പ്രധാനപ്പെട്ട മരങ്ങളിൽ ഒന്നാണ്. ഏകദേശം പത്തു മീറ്ററിലധികം ഉയരം വെയ്ക്കുന്ന ഈ മരം, ശിഖരങ്ങൾ കൃത്യമായി മുറിച്ചു മാറ്റി കുറ്റിച്ചെടിയായി നമുക്കു വളർത്താം.
ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ ഫൈക്കസ് ബെഞ്ചാമിന കാഴ്ചക്കും വളരെ മനോഹരമാണ്.
വളരെ കുറഞ്ഞ സൂര്യ പ്രകാശം ഇഷ്ടപ്പെടുന്ന ഈ മരങ്ങൾ നമുക്കു വീടിനുള്ളിലോ, ബാൽക്കണിയിലോ വളരെ അനായാസം വളർത്താം.
6. കറ്റാർ വാഴ ( Aloe Vera ).

Succulent ഇനത്തിൽപ്പെട്ട കറ്റാർ വാഴ ചെടികൾ വീട്ടിനുള്ളിൽ വളർത്തുന്നതുകൊണ്ടു ധാരാളം പ്രയോജനങ്ങളുണ്ട്. വായു ശുദ്ധീകരിക്കുന്നതിനുള്ള കഴിവിനുപരിയായി ഇതിന്റെ ഔഷധ ഗുണങ്ങൾ നമുക്ക് വളരെ പരിചിതമാണല്ലോ. അത്യാവശ്യ ഘട്ടങ്ങളിൽ ചെറിയ രീതിയിലുള്ള പൊള്ളൽ, അലർജി മൂലമുള്ള ചൊറിച്ചിൽ എന്നിവക്കെല്ലാം പ്രതിവിധിയായി കറ്റാർവാഴയുടെ നീര് വളരെ ഫലപ്രദമാണ്
ചട്ടികളിൽ നട്ടു വളർത്തുന്നതിനായി ഇവയുടെ തൈകൾ ഉപയോഗിക്കാം.
ദിവസവും നനച്ചു കൊടുത്തില്ലെങ്കിലും കറ്റാർവാഴ ചെടികൾക്കു നിലനിൽക്കാനാകും. എന്നാൽ മണ്ണിൽ നീർവാർച്ച കുറഞ്ഞാൽ പെട്ടെന്ന് തന്നെ ചെടി അഴുകി പോകാൻ സാധ്യതയുണ്ട് . അതിനാൽ ചെടി നടുന്നതിനുള്ള മിശ്രിതം തയ്യാറാക്കുമ്പോൾ തന്നെ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
7. ബോസ്റ്റൺ ഫേൺ ( Boston fern or Nephrolepis).

പന്നൽ ചെടികളുടെ വിഭാഗത്തിൽപെട്ട ബോസ്റ്റൺ ഫേൺ സാധാരണയായി തണുപ്പുള്ള നിഴൽ പ്രദേശങ്ങളിലാണു കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ അടുക്കളകൾ ഇവയ്ക്കു ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന കാര്യത്തിൽ സംശയമില്ല.
മാതൃ സസ്യത്തിൽ നിന്നും വേരോടുകൂടി അടർത്തിയെടുത്ത ബോസ്റ്റൺ ഫേൺ തൈകൾ നമുക്കു നടുന്നതിനായി ഉപയോഗിക്കാം.
മണൽ, മണ്ണ്, പീറ്റ് മോസ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ യോജിപ്പിച്ച നടീൽ മിശ്രിതം ഉപയോഗിക്കാം. നേർപ്പിച്ച ഏതെങ്കിലും ജൈവവളം ഇടയ്ക്കിടെ ചേർത്തു കൊടുക്കാൻ മറക്കരുത് .
മണ്ണിലും ഇലകളിലും എപ്പോഴും ഈർപ്പം നിലനിർത്താനായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. എന്നാൽ ചട്ടിയിൽ വെള്ളം കെട്ടി നിന്നു വേരുകൾ ചീഞ്ഞു പോകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
തീർച്ചയായും ചട്ടികളിൽ തൂക്കിയിട്ടു വളർത്തുന്ന ബോസ്റ്റൺ ഫേൺ ചെടികൾ കാഴ്ച്ചക്കു വളരെ മനോഹരമാണ്.
അടുക്കളയിൽ ശുദ്ധവായു നിറയാൻ സഹായിക്കുന്ന ചെടികളുടെ ഏതാനും ഉദാഹരണങ്ങളാണു മുകളിൽ പ്രതിപാദിച്ചത്.
മനസ്സിന് സന്തോഷം നൽകുന്നതിനും വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനുമെല്ലാം ചെടികൾ വഹിക്കുന്ന പങ്കു വളരെ പ്രധാനമാണല്ലോ
അതുകൊണ്ടു നിങ്ങളും തീർച്ചയായും ഇവയിൽ ഏതെങ്കിലും ചെടികൾ വളർത്താൻ ശ്രമിക്കുക. വീട്ടിനുള്ളിൽ ശുദ്ധവായു നിറയട്ടെ, ജീവിതം ആരോഗ്യ പൂർണ്ണമാകട്ടെ.
