ചെടികൾ സ്നേഹ സമ്മാനമായി നൽകാം.

ചെടികൾ സ്നേഹ സമ്മാനമായി നൽകാം – പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കുവെയ്ക്കാം. നമ്മുടെ സ്നേഹിതർക്ക്  അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളിൽ നൽകാവുന്ന ഏറ്റവും അനുയോജ്യമായ സമ്മാനമാണു ചെടികൾ. അതായതു ജന്മദിനം, വിവാഹം, ഗൃഹപ്രവേശം അങ്ങനെ വിശേഷ ദിവസങ്ങൾ ഏതുമാകട്ടെ, അവർക്കു ‌ മനോഹരമായ ഒരു ചെടി സമ്മാനമായി നൽകു. മറ്റേതൊരു സമ്മാനത്തെയും പോലെ, അല്ലെങ്കിൽ അതിനേക്കാളേറെ അവർ അത് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സമ്മാനം നല്കാൻ വിശേഷാവസരങ്ങൾക്കായി കാത്തിരിക്കണമെന്നുമില്ല. കാരണം  പ്രിയപ്പെട്ടവരിൽ നിന്നു  ചെറുതെങ്കിലും ഒരു സ്നേഹസമ്മാനം ലഭിക്കുന്ന ദിവസം  തീർച്ചയായും നമുക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കുമല്ലോ. അതുകൊണ്ടു പണം ഒരു പ്രശ്നമാകാതെ എപ്പോൾ വേണമെങ്കിലും നല്കാൻ സാധിക്കുന്ന മികച്ച സമ്മാനം തന്നെയാണു ചെടികൾ എന്നുള്ളതും നമുക്കു മറക്കാൻ പറ്റില്ല.

മറ്റുള്ള സമ്മാനങ്ങളെയപേക്ഷിച്ചു ഇതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1.              പൂക്കളോടു കൂടിയവയോ അല്ലാത്തതോ ആയ ചെടികൾ കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം നൽകുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനം. പൂന്തോട്ടങ്ങളിലും  വീടിനുള്ളിലും വളർത്താൻ സാധിക്കുന്ന മനോഹരമായ ധാരാളം  ചെടികളുണ്ടല്ലോ. ഇവയിൽ നിന്നു നമുക്കിഷ്ടപ്പെട്ടവ അനായാസം തിരഞ്ഞെടുക്കാം.

2.              മറ്റുള്ള സമ്മാനങ്ങൾ പോലെ വില വലിയ ഒരു പ്രശ്നമാകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.  നമ്മുടെ വീട്ടിൽ വളർത്തുന്ന ചെടിയിൽ നിന്നു ശേഖരിക്കുന്ന തൈകൾ ശ്രദ്ധയോടെ  ഒരു കളിമൺ ചട്ടിയിൽ നട്ടു വളർത്തിയാൽ അതു മനോഹരമായ ഒരു സമ്മാനമായി.

3.              നമ്മളിൽ പലരും പനിനീർ പൂക്കളും പൂച്ചെണ്ടുകളും വിശേഷ അവസരങ്ങളിൽ പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകാറുണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അവയുടെ സ്ഥാനം വീട്ടിലെ ചവറ്റു കുട്ടയിലായിരിക്കും എന്നുള്ളതും യാഥാർഥ്യമാണ്.  ഉണങ്ങിയതും ചീഞ്ഞു പോയതുമായ പൂക്കളെ നമ്മളാരും സൂക്ഷിച്ചു വെക്കാറില്ല. അതിന്റെ ആവശ്യവുമില്ല എന്നതാണ് വാസ്തവം .

  നേരെമറിച്ചു നമ്മൾ ഒരു ചെടിയാണു സമ്മാനമായി നല്കുന്നതെങ്കിലോ? അൽപ്പം ശ്രദ്ധയോടുകൂടി പരിചരിച്ചാൽ ജീവിതകാലം മുഴുവനും അതു നമ്മോടൊപ്പം ഉണ്ടാകും. ചൈനയിലും ജപ്പാനിലും മറ്റും ബോൺസായ് മരങ്ങൾ ഏറ്റവും വിലപിടിപ്പുള്ള പൂർവിക സ്വത്തായി കൈമാറ്റം ചെയ്യപ്പെടാറുണ്ട്. ചെടികൾ സമ്മാനമായി നൽകുന്നതിന്റെ പ്രാധാന്യം തെളിയിക്കുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണിത്.

 സമ്മാനമായി നൽകുന്നതിന് യോജിച്ചതും, കേരളത്തിലെ കാലാവസ്ഥയിൽ നന്നായിവളരുന്നതുമായ ഏതാനും ചെടികളെ നമുക്ക് പരിചയപ്പെടാം. 

 സാധാരണയായി  എല്ലാവരും ഇഷ്ടപ്പെടുന്നതു പൂച്ചെടികൾ തന്നെയാകും. പല നിറങ്ങളിലുള്ള പൂക്കളോടു കൂടിയ ചെടികൾ തന്നെയാണ് കാഴ്ച്ചക്ക് ഏറെ മനോഹരം എന്നുള്ളതാണിതിന് കാരണം. എന്നാൽ നല്ല വെയിൽ ആവശ്യമായതിനാൽ ഫ്‌ളാറ്റുകളിലും  മറ്റും താമസിക്കുന്നവർക്ക് ഇത് വളർത്തുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എങ്കിലും ബാൽക്കണിയിലും  അൽപ്പമെങ്കിലും വെയിൽ ലഭിക്കുന്ന മറ്റു സ്ഥലങ്ങളിലും   ഇത്തരം ചെടികൾ നമുക്ക് വളർത്താം.

ഏതാനും ഉദാഹരണങ്ങൾ നോക്കാം.

Desert rose എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടികൾ പല നിറങ്ങളിലുള്ള പൂക്കളോടു കൂടിയവയാണ്. പൂന്തോട്ടങ്ങളിലോ ബാൽക്കണിയിലോ നന്നായി വെയിൽ ലഭിക്കുന്ന സ്ഥലത്തു ഇവയെ നമുക്കു വളർത്താം. അഡീനിയം കുടുംബത്തിൽ വിവിധ തരത്തിലുള്ള പൂക്കളോടുകൂടിയ ധാരാളം ചെടികളുണ്ട്.

ഇവയുടെ തൈകൾ മിക്കവാറും എല്ലാ നഴ്സറികളിലും നിന്നു നമുക്ക് വാങ്ങാൻ സാധിക്കും. വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകൾ ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ പുഷ്പിച്ചു തുടങ്ങും. അതുകൊണ്ടു സമ്മാനം കൊടുക്കാനായി ഏതു പ്രായത്തിലുമുള്ള ചെടികൾ വേണമെങ്കിലും നമുക്കു തിരഞ്ഞെടുക്കാം.

പിങ്ക് നിറത്തിലുള്ള പൂക്കളോടുകൂടി  അഡീനിയം ചെടി.

വലിയ പരിചരണം ഒന്നുമില്ലാതെ തന്നെ ഇവയെ നമുക്കു വളർത്താൻ സാധിക്കും. എന്നാൽ Succulent  ഇനത്തിൽ പെട്ട ചെടിയായതിനാൽ നല്ല നീർ വാർച്ചയുള്ള നടീൽ മിശ്രിതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം അഡീനിയം ചെടികൾ പെട്ടെന്ന് ചീഞ്ഞു പോകാൻ സാധ്യതയുണ്ട് .

 കാലക്രമത്തിൽ മനോഹരമായ ഒരു ശിൽപ്പം പോലെ രൂപാന്തരപ്പെടുന്ന ഈ ചെടികൾ നമുക്കു വീട്ടിനുള്ളിൽ മറ്റു അലങ്കാര വസ്തുക്കൾ പോലെ  ഉപയോഗിക്കാമെന്നുള്ള പ്രത്യേകതയും ഇതിനുണ്ട് .

അഡീനിയം പോലെത്തന്നെ നമ്മുടെ കാലാവസ്ഥയിൽ അനായാസം വളർത്താവുന്ന മറ്റൊരു ചെടിയാണു യൂഫോർബിയ. ഭംഗിയുള്ള പൂക്കളയോടുകൂടിയ യൂഫോർബിയ കുടുംബത്തിൽ വളരെയധികം ഇനങ്ങളുണ്ട്. തണ്ടുകൾ മുറിച്ചു നട്ടുവളർത്തുന്ന ഈ ചെടികളും സമ്മാനമായി നൽകുന്നതിനു പരിഗണിക്കാവുന്നതാണ്.

യൂഫോർബിയ ചെടികൾ സമ്മാനമായി നൽകാം.
യൂഫോർബിയ ചെടി.

കള്ളിമുൾച്ചെടിയുടെ വർഗത്തിൽപ്പെട്ട യൂഫോർബിയ ചെടികളിൽ മുള്ളുകൾ ഉള്ളതിനാൽ  കൈകാര്യം ചെയ്യുമ്പോൾ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും  പൂക്കളോടുകൂടിയ ഈ ചെടികൾ വളരെ മനോഹരമായ ഒരു സമ്മാനമായിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

3. ബോഗെയിൻവില്ല ( Bougainville).

കേരളത്തിലേതു പോലെയുള്ള ട്രോപ്പിക്കൽ കാലാവസ്ഥയിൽ, വർഷത്തിൽ ഏകദേശം ഒൻപതു മാസത്തോളം ബോഗെയിൻവില്ല ചെടിയിൽ പൂക്കളുണ്ടാകും. പലനിറങ്ങളിലുള്ള പൂക്കളോടുകൂടിയ ബോഗെയിൻവില്ല സമ്മാനമായി നല്കാൻ ഏറ്റവും അനുയോജ്യമായ ചെടിയാണെന്നു തന്നെ പറയാം . കൃത്യമായി പ്രൂണിങ് അടക്കമുള്ള പരിചരണം നൽകിയാൽ ഇവയെ നമുക്കു ബോൺസായ് ആയും വളർത്താൻ സാധിക്കും.

ബോഗെയ്ൻവില്ല ചെടിയിൽ പർപ്പിൾ നിറത്തിലുള്ള പൂക്കൾ

4. തെറ്റി ( Ixora).

തെറ്റി ചെടിയിൽ ഇളം പിങ്ക് നിറത്തിലുള്ള പൂക്കുലകൾ.

ചെത്തി, തെച്ചി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ചെടികൾ നമ്മുടെ നാട്ടിൽ വളരെ സാധാരണയായി കാണുന്നവയാണ്. എന്നാൽ പൊക്കം തീരെ കുറഞ്ഞ, പല നിറത്തിലുള്ള പൂക്കളോടുകൂടിയ Dwarf ixora ചെടികൾ ചട്ടികളിൽ വളർത്താൻ വളരെ യോജിച്ചവയാണ്. കമ്പുകൾ മുറിച്ചു നട്ടുവളർത്തുന്നതിനാൽ ഇവയെ നമുക്ക് അനായാസം സംഘടിപ്പിക്കാം. കൂടാതെ  കേരളത്തിലെ മിക്കവാറും എല്ലാ നഴ്സറികളിൽ നിന്നും  ഇതിന്റെ തൈകൾ വാങ്ങാനും സാധിക്കും .

ഒരു മൺചട്ടിയിൽ, പൂങ്കുലകളോടുകൂടിയ തെറ്റിച്ചെടി മറ്റേതൊരു സമ്മാനവും പോലെ  പ്രിയപ്പെട്ടതു തന്നെയായിരിക്കും .

നമ്മുടെ നാട്ടിലെ  കാലാവസ്ഥയിൽ മനോഹരമായ പൂക്കളോടുകൂടി വളരെ നന്നായി വളരുന്ന ചെടികളാണ് ഓർക്കിഡുകൾ.

ഓർക്കിഡ് ചെടികൾ സ്നേഹ സമ്മാനമായി നൽകാം.
പർപ്പിൾ നിറത്തിലുള്ള ഓർക്കിഡ് പൂക്കൾ.

          എത്ര കുറഞ്ഞസ്ഥലത്തും  വളർത്താൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 60 % സൂര്യപ്രകാശം ലഭിക്കുന്ന എവിടെയും നമുക്കു ഓർക്കിഡുകൾ വളർത്താം. മണ്ണു കലർന്ന നടീൽ മിശ്രിതം  (potting mixture ) ആവശ്യമില്ല എന്നതും ഓർക്കിഡ് ചെടികളെ നമുക്കു ഏറെ പ്രിയപ്പെട്ടതാക്കുന്നു. മരക്കൊമ്പുകളിലും മറ്റും തൂക്കിയിട്ട് ( Hanging potting baskets ഉപയോഗിച്ച് ) സ്ഥലപരിമിതി ഒരു  പ്രശ്നമാകാതെ ഓർക്കിഡ്  ചെടികൾ  നമുക്ക്‌ അനായാസം വളർത്താം.

സമ്മാനമായി നല്കാൻ, തായ് ചെടിയിൽ ( mother  plant ) നിന്നു വേരോടുകൂടി അടർത്തിയെടുത്ത തൈകൾ ഉപയോഗിക്കാം.

പൂക്കളുടെ റാണിയായ റോസ  (Rose ) യെക്കുറിച്ചു എന്തുകൊണ്ട്  ഇവിടെ പരാമർശിച്ചില്ല എന്നുള്ള സംശയം നിങ്ങളിൽ ചിലർക്കെങ്കിലുമുണ്ടായേക്കാം. കേരളത്തിൽ ഹൈറേഞ്ച് പ്രദേശങ്ങളിലെ കാലാവസ്ഥ റോസ ചെടികൾക്ക് അനുകൂലമാണ്. പക്ഷെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടോ

  മൂന്നോ വർഷത്തിൽ അധികം അതിജീവിക്കാൻ ഈ ചെടികൾക്കാവില്ല  എന്നതാണു യാഥാർഥ്യം.

സമ്മാനം നൽകാനായി തിരഞ്ഞെടുക്കാൻ പൂക്കളുണ്ടാകുന്ന ചെടികളുടെ ഏതാനും ഉദാഹരണങ്ങളാണല്ലോ മുകളിൽ പ്രതിപാദിച്ചത്.

എന്നാൽ പൂക്കൾക്കു വലിയ പ്രാധാന്യമില്ലാത്ത,  ഭംഗിയുള്ള ധാരാളം ഇലച്ചെടികളിൽ നിന്ന് നമുക്കിഷ്ടപ്പെട്ടവയും  ഇതിനായി തിരഞ്ഞെടുക്കാം ( ഉദാ : Aglaonema , Syngonium , Caladium etc ).  ഇവയെക്കൂടാതെ വളരെ കുറഞ്ഞ പ്രകാശത്തിൽ നന്നായി വളരുന്ന indoor plants , Money plant പോലെ, മണ്ണു കലർന്ന നടീൽ മിശ്രിതം ആവശ്യമില്ലാതെ വെള്ളത്തിൽ വളരുന്ന ചെടികൾ തുടങ്ങി പലതും നമുക്കു പരിഗണിക്കാം. ഇതിനെപ്പറ്റിയുള്ള വിശദ വിവരങ്ങൾ തീർച്ചയായും അടുത്ത പ്രാവശ്യം നിങ്ങളുമായി പങ്കുവെയ്ക്കാം.

%d bloggers like this: