കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം


കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം – നിങ്ങൾക്കും ശ്രമിച്ചു നോക്കാം. കേരളത്തിന്റെ സംസ്ഥാന പുഷ്പം കൂടിയാണല്ലോ കണിക്കൊന്ന ( Golden shower tree ). വിഷുക്കണി ഒരുക്കാനായി ഈ പൂവിനെ വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ അന്വേഷിക്കാറുണ്ട്. കൊന്നപ്പൂവിന്റെ ഒരിതൾ എങ്കിലുമില്ലാത്ത വിഷുക്കണി അപൂർണമാണ് എന്നാണു സങ്കല്പം.

കണിക്കൊന്ന ബോൺസായ് ഉപയോഗിച്ചുള്ള വിഷുക്കണി.
വിഷുക്കണി – കണിക്കൊന്ന ബോൺസായ് ഉപയോഗിച്ച്.

ഏതായാലും ഇനി നിങ്ങൾ കൊന്നപ്പൂവു തേടി അലയേണ്ടി വരില്ല. കാരണം ഒരു കണിക്കൊന്ന ബോൺസായ്  നിങ്ങൾ ക്കും അനായാസം വീട്ടിൽ നട്ടു വളർത്താം. തന്നെയുമല്ല, കേരളത്തിലെ കാലാവസ്ഥ കണിക്കൊന്ന ബോൺസായ് വളർത്തുന്നതിന് ഏറ്റവും അനുയോജ്യവുമാണ്.

കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം എന്നു നോക്കാം.

തീർച്ചയായും വിത്തുകൾ മുളപ്പിച്ചു നമുക്ക് കണിക്കൊന്ന തൈകൾ ഉൽപാദിപ്പിക്കാം. മുരിങ്ങക്കായ പോലെ നീണ്ട കായ്കൾക്കുള്ളിൽ ധാരാളം വിത്തുകൾ ഉണ്ടാകും. പഴുത്തു പാകമായി ഉണങ്ങിയ കായ്കളിൽ നിന്ന് വിത്തുകൾ ശേഖരിക്കാം. പുഴുക്കുത്തോ മറ്റു കേടുപാടുകളോ ഇല്ലാത്ത വിത്തുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  1. വിത്തുകൾ മുളപ്പിക്കാം.

    കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം
    കായോടു  കൂടിയ കണിക്കൊന്ന ബോൺസായ്.


ആദ്യമായി നമുക്ക് വിത്ത് പാകുന്നതിനുള്ള മിശ്രിതം തയ്യാറാക്കാം. ഇതിനായി മണ്ണ്, ആറ്റുമണൽ, വളം എന്നിവ 1 :1 :1 എന്ന അനുപാതത്തിൽ യോജിപ്പിച്ചെടുക്കുക. നന്നായി ഉണങ്ങിയ ചാണകപ്പൊടി, വെർമി കമ്പോസ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ജൈവ വളം എന്നിവ ഇതിനായി ഉപയോഗിക്കാം. ഈ മിശ്രിതം ഒരു ചട്ടിയിൽ മുക്കാൽ ഭാഗം നിറക്കുക. ഇതിൽ ഓരോ വിത്തുകൾ ഏകദേശം രണ്ടിഞ്ച് അകലത്തിൽ അര ഇഞ്ചു താഴ്ത്തി പാകുക.

ഇത് ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കുക. ദിവസവും രണ്ടു നേരം മിതമായ തോതിൽ നനച്ചു കൊടുക്കാൻ മറക്കരുത്.

ഏകദേശം രണ്ടാഴ്ചക്കുള്ളിൽ വിത്തുകൾ മുളയ്ക്കാൻ തുടങ്ങും.

കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന മരമാണല്ലോ കണിക്കൊന്ന. അതുകൊണ്ടു വലിയ മരങ്ങളുടെ ചുവട്ടിൽ നിന്ന് തൈകൾ നമുക്ക് അനായാസം ശേഖരിക്കാം. കൂടാതെ തൈകൾ നഴ്സറികളിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിക്കും.

കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം.

തൈകൾ മാറ്റി നടാം ( Training period).

കണിക്കൊന്ന തൈകൾ ഏകദേശം 6 മുതൽ 8 ഇഞ്ചു വരെ പൊക്കം വെക്കുമ്പോൾ അവയെ നമുക്കു ചട്ടികളിലേക്കു മാറ്റി നടാം. ഈ ഘട്ടമാണ്

Training period.

കണിക്കൊന്ന ബോൺസായ് എങ്ങനെ വളർത്താം
ബോൺസായ് ട്രെയിനിങ് ചട്ടിയിൽ.


ആദ്യം ഇതിനായി ചട്ടികളിൽ നടീൽ മിശ്രിതം നിറയ്ക്കുക. മുകളിൽ സൂചിപ്പിച്ച അതേ അനുപാതത്തിൽ തന്നെയുള്ള മിശ്രിതം ഇതിനും ഉപയോഗിക്കാം. ചട്ടികളിൽ നല്ല നീർ വാർച്ചയുണ്ടായിരിക്കാൻ പ്രതൃേകം ശ്രദ്ധിക്കണം.

ഇനി കണിക്കൊന്ന തൈകൾ ഓരോന്നു വീതം ശ്രദ്ധിച്ചു മണ്ണോടു കൂടി ഇളക്കി യെടുത്ത് ഓരോ ചട്ടിയിൽ നടുക. ആദ്യത്തെ കുറച്ചു ദിവസം തണലിൽ സൂക്ഷിക്കുകയും ദിവസേന രണ്ടു നേരം മിതമായ രീതിയിൽ നനച്ചു കൊടുക്കുകയും വേണം. പുതിയ ചട്ടികളിൽ വേരു പിടിച്ചു ചെടി വളർന്നു തുടങ്ങിയാൽ ക്രമേണ നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്തേക്കു മാറ്റി വയ്ക്കാം.

തീർച്ചയായും മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ജൈവ വളം ചേർത്തു കൊടുക്കാൻ പ്രതൃേകം ശ്രദ്ധിക്കണം. അങ്ങനെ നിങ്ങളുടെ കണിക്കൊന്ന മരം പുതിയ ശിഖരങ്ങളോടെ വളരാൻ അനുവദിക്കുക.

പ്രൂണിങ് ( Pruning ).

ഇനി നമുക്ക് കണിക്കൊന്ന മരം പ്രൂണിങ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
തീർച്ചയായും നമ്മുടെ കണിക്കൊന്ന ബോൺസായ് എങ്ങനെ ആയിരിക്കണം എന്നുള്ള ധാരണ ആദൃമേ ഉണ്ടാകണം. അതിനു ശേഷം ആവശ്യമായ ശിഖരങ്ങൾ നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുക. ഇതിനായി നല്ല മൂർച്ചയുള്ള കത്തി ( അല്ലെങ്കിൽ Pruning shears ) തന്നെ ഉപയോഗിക്കണം.

വയറിംഗ് ( Wiring).

ബോൺസായ് മരത്തിന് യോജിച്ച ആകൃതി നല്കുന്നതിന് വയറിംഗ് അതൃാവശൃമാണ്. മൃദുവായ ചെമ്പ് അല്ലെങ്കിൽ അലൂമിനിയം കമ്പികൾ ഇതിനായി ഉപയോഗിക്കാം. ശിഖരങ്ങൾ ഇഷ്ടംപോലെ കമ്പി ഉപയോഗിച്ച് വളച്ച് നിർത്താം.
വയറിംഗ് ചെയ്യുമ്പോൾ കമ്പി കൂടുതൽ മുറുകി ശിഖരങ്ങൾ ഒടിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
ഏകദേശം ഒന്നു രണ്ടു വർഷം ഇതേ അവസ്ഥയിൽ വളരാൻ അനുവദിക്കുക. ദിവസേന നനയ്ക്കുകയും മാസത്തിൽ ഒരിക്കൽ വളം ചേർത്തു കൊടുക്കുകയും വേണം.

കണിക്കൊന്ന മരത്തെ ബോൺസായ് ചട്ടിയിലേക്കു മാറ്റാം.

കണിക്കൊന്ന ബോൺസായ്
പൂക്കളോടുകൂടിയ കണിക്കൊന്ന ബോൺസായ് മരം

അവസാനമായി  നമുക്കു കണിക്കൊന്ന  മരത്തെ ഒരു ബോൺസായ് ചട്ടിയിലേക്കു മാറ്റാം.

പല വലിപ്പത്തിലും ആകൃതിയിലുമുള്ള ബോൺസായ് ചട്ടികൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽനിന്നു ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.
ആദ്യമായി ചട്ടിയിൽ നടീൽ മിശ്രിതം നിറയ്ക്കുക. മുകളിൽ സൂചിപ്പിച്ച അതേ അനുപാതത്തിൽ തന്നെയുള്ള മിശ്രിതം ഈ ഘട്ടത്തിലും ഉപയോഗിക്കാം. അതിനുശേഷം കണിക്കൊന്ന മരത്തെ ചട്ടയിൽ നിന്നും ഇളക്കിയെടുക്കാം.
ഈ സമയം വേരുകൾ വളർന്നു ചട്ടിയിൽ നിറഞ്ഞിരിക്കുന്നതു കാണാം. ഏകദേശം മൂന്നിൽ രണ്ടു ഭാഗം വേരുകൾ നിർത്തി ബാക്കി മുറിച്ചു മാറ്റുക. ഇതിന് റൂട്ട് പ്രൂണിങ് ( root pruning ) എന്നു പറയുന്നു.
റൂട്ട് പ്രൂണിങ് നടത്തിയതിനു ശേഷം കണിക്കൊന്ന മരത്തെ ബോൺസായ് ചട്ടിയിലേക്കു മാറ്റി നടാം.
ഇതിനെ ആദ്യം കുറച്ചു ദിവസം തണലിലും പിന്നീട് ക്രമേണ വെയിലത്തും സൂക്ഷിക്കാം. അതുപോലെ പതിവായി നനച്ചു കൊടുക്കാനും കൃത്യമായ ഇടവേളകളിൽ വളം ചെയ്യാനും  മറക്കരുത്.
എന്തായാലും നിങ്ങളും ഒരു കണിക്കൊന്ന ബോൺസായ് വളർത്താൻ ശ്രമിക്കുക.
അടുത്ത പ്രാവശ്യം വിഷുക്കണിയൊരുക്കാൻ സ്വന്തം കൊന്ന മരത്തിൽ നിന്നുള്ള പൂക്കൾ തന്നെയാകട്ടെ.

%d bloggers like this: