അഡീനിയം ചെടികളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു നോക്കാം .
Succulent വിഭാഗത്തിൽപ്പെട്ട ഈ ചെടികൾക്ക് മാംസളമായ തണ്ടുകളും കട്ടിയുള്ള ഇലകളുമാണുള്ളത്. ശിഖരങ്ങളിൽ അറ്റത്തായി ചെറിയ കുലകളായാണ് പൂക്കൾ കാണപ്പെടുന്നത്. ഒറ്റവരിയായും അടുക്കുകളായും ഉള്ള ഇതളുകളോടു കൂടിയ പൂക്കൾ കാഴ്ചക്ക് വളരെ മനോഹരമാണ്.
ചെടി വളരുന്നതോടെ, തണ്ടുകളുടെ മണ്ണിനോട് ചേരുന്ന ഭാഗം തടിച്ചു വരുന്നതായി കാണാം. ഇതിനെ Caudex എന്നു പറയുന്നു. ഓരോ ചെടിയുടെയും Caudex വ്യത്യസ്തമായ ആകൃതിയിലായിരിക്കും. അഡീനിയം ചെടികളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്.
തീർച്ചയായും അഡീനിയം ചെടികൾ നമുക്ക് ചട്ടികളിലും നിലത്തും വളർത്താം.

എന്നാൽ, നിലത്തു വളരുന്നഅഡീനിയം ചെടികളുടെ Caudex ചട്ടിയിൽ വളരുന്ന വയെപ്പോലെ വികസിക്കാറില്ല. അതുകൊണ്ടുതന്നെ അഡീനിയം ചെടിച്ചട്ടികളിൽ ബോൺസായ് ആയി വളർത്തുന്നതാണ് കൂടുതൽ നല്ലത്.
അഡീനിയം ബോൺസായ് എങ്ങനെ വളർത്താം.
സാധാരണയായി വിത്തുകൾ മുളപ്പിച്ചാണ് അഡീനിയം തൈകൾ ഉൽപ്പാദിപ്പിക്കുന്നത്. നന്നായി മൂപ്പെത്തിയ കായ്കളിൽ നിന്ന് അപ്പൂപ്പൻ താടി പോലെയുള്ള ധാരാളം വിത്തുകൾ ലഭിക്കും. ഇത് ശേഖരിച്ചു പാകി മുളപ്പിച്ചാൽ പുതിയ ചെടികൾ ലഭിക്കും.
ഇപ്പോൾ കേരളത്തിലെ മിക്കവാറും എല്ലാ നഴ്സറികളിലും അഡീനിയം തൈകൾ ലഭ്യമാണ്.
1. വിത്തുകൾ മുളപ്പിക്കുന്ന രീതി .

ആദ്യമായി വിത്ത് പാകുന്നതിനുള്ള മിശ്രിതം തയാറാക്കാം. ഇതിനായി മണ്ണ് മണൽ ചാണകപ്പൊടി എന്നിവ 1 :1 :1 എന്ന അനുപാതത്തിൽ യോജിപ്പിക്കുക. ഈ മിശ്രിതം ചട്ടിയിൽ നിറച്ചതിനു ശേഷം ഏകദേശം അര ഇഞ്ച് ആഴത്തിൽ വിത്തുകൾ പാകാം.
ഇത് ഭാഗികമായി വെയിൽ ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കുക. ദിവസവും രണ്ടു നേരം നനച്ചുകൊടുക്കണം . എന്നാൽ ചട്ടിയിൽ നല്ല നീർ വാർച്ചയുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വിത്തുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. സാധാരണയായി പത്തു ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കാൻ തുടങ്ങും.
2. ഇനി തൈകൾ ചട്ടികളിലേക്കു മാറ്റി നടാം.

ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം തൈകൾ നമുക്ക് ചട്ടികളിലേക്കു മാറ്റി നടാം. ഇതിനായി മണലും ചാണകമോ മറ്റേതെങ്കിലും ജൈവ വളമോ 1 :3 എന്ന അനുപാതത്തിൽ യോജിപ്പിച്ച മിശ്രിതം തയ്യാറാക്കുക. ഇതു ചെറിയ ചട്ടികളിൽ നിറച്ചു തൈകൾ നടാവുന്നതാണ്. നല്ല നീർ വാർച്ചയുണ്ടാകാൻ ആറ്റുമണൽ തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഈ ചട്ടികൾ വെയിലത്ത് സൂക്ഷിക്കുകയും ദിവസവും മിതമായ തോതിൽ നനച്ചു കൊടുക്കുകയും ചെയ്യുക.
3 . ട്രെയിനിങ് ( Training ).

ബോൺസായ് വളർത്തലിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ട്രെയിനിങ്. ചട്ടികളിലേക്കു മാറ്റി നട്ട ചെടികൾ ഏകദേശം ഒരു വർഷം കൊണ്ട് തന്നെ പൂക്കൾ ഉൽപ്പാദിപ്പിച്ചു തുടങ്ങും. അതുപോലെ ഓരോ ചെടിയുടെയും Caudex വികസിച്ചു പ്രത്യേക ആകൃതി കൈവരിക്കുന്നതായി കാണാം.
ഈ സമയത്തു അഡീനിയം ചെടികളെ വലിയ ചട്ടികളിലേക്കു മാറ്റി നടാവുന്നതാണ്. മുകളിൽ വിവരിച്ച അതേ അനുപാതത്തിലുള്ള നടീൽ മിശ്രിതം തന്നെ ഈ ഘട്ടത്തിലും ഉപയോഗിക്കാം. മാറ്റി നടുമ്പോൾ Caudex ഏകദേശം മുക്കാൽ ഭാഗം മണ്ണിനു മുകളിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.
4. പ്രൂണിങ് ( Pruning ).

ക്രമേണ ഈ മുറിവിൽ നിന്നും ധാരാളം പുതിയ ശിഖരങ്ങൾ വളരാൻ തുടങ്ങും. അധികം വൈകാതെ തന്നെ ഓരോ ശിഖരങ്ങളിലും പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നത് കാണാം .
5. വയറിംഗ് ( Wiring ).
അഡീനിയം ബോൺസായ്‌ക്കു നിങ്ങളുടെ ഭാവനക്കനുസരിച്ചുള്ള ആകൃതി നൽകുന്നതിന് വയറിംഗ് സഹായിക്കുന്നു. മൃദുവായ ചെമ്പ് അല്ലെങ്കിൽ അലൂമിനിയം കമ്പി ഇതിനായി ഉപയോഗിക്കാം. കമ്പികൾ ചുറ്റുമ്പോൾ കൂടുതൽ മുറുകി ചെടിയുടെ തണ്ടിൽ പാടുകൾ വരാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റം ( Repotting ).
ഇനി നിങ്ങളുടെ അഡീനിയം ഒരു യഥാർത്ഥ ബോൺസായ് ചട്ടിയിലേക്കു മാറ്റി നടാം. നടീൽ മിശ്രിതം മുകളിൽ ( Step 2 ) പ്രതിപാദിച്ച അതെ അനുപാതത്തിൽ തന്നെ ആകാം. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നിങ്ങളുടെ ബോൺസായ് ചെടിയെ ചട്ടിയിൽ നിന്നും ഇളക്കി നടേണ്ടതാണ്. ഓരോ പ്രാവശ്യവും പുതിയ നടീൽ മിശ്രിതം ചട്ടിയിൽ നിറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ഇത് അത്യാവശ്യമാണ്.
തീർച്ചയായും നിങ്ങൾക്കും അഡീനിയം ബോൺസായ് വളരെ അനായാസം വളർത്താൻ സാധിക്കും. മറ്റേതൊരു കലാരൂപത്തെയും പോലെ ഇതും നിങ്ങളുടെ വീടിന് ഏറ്റവും മികച്ച അലങ്കാരം തന്നെയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.