Site icon

നിങ്ങളുടെ ഓഫീസിലും ഒരു ബോൺസായ്.


നിങ്ങളുടെ ഓഫീസിലും ഒരു ബോൺസായ് വളർത്താം – അതും അനായാസം ചുരുങ്ങിയ ചിലവിൽ. ഈ കലാരൂപം ജപ്പാൻ ചൈന തുടങ്ങിയ രാജ്യങ്ങളിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ നാട്ടിലും വളരെയധികം ആളുകൾ ഹോബിയായും ബിസിനസ് എന്ന നിലയിലും ബോൺസായ് വളർത്തുന്നുണ്ട്.

വാസ്തു ശാസ്ത്രം, ഫെങ് ഷൂയി എന്നിവയെല്ലാം ബോൺസായ് മരങ്ങൾ വളർത്തുന്നതിനു വളരെ പ്രാധാന്യം നൽകുന്നുണ്ട്.

വീടുകളിലെന്ന പോലെ ഓഫീസിലും നമുക്ക് ഒരു ബോൺസായ് മരമെങ്കിലും അനായാസം വളർത്താം.

ഞങ്ങളുടെ www.tamarindbonsai.in എന്ന  ബോൺസായ് വെബ്സൈറ്റിലേക്ക് ഇതിനെക്കുറിച്ചു ധാരാളമായി വരുന്ന അന്വേഷണങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

ചെടികളും മരങ്ങളും നമുക്ക് എപ്പോഴും പോസിറ്റീവ് എനർജി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീർച്ചയായും, വിരസത തോന്നുന്ന അവസരങ്ങളിൽ ഒരു മരത്തിന്റെയോ പച്ചിലകളുടെയോ സാമീപ്യം നമുക്ക് ഊർജം പകരുക തന്നെ ചെയ്യും. തന്നെയല്ല, മരങ്ങൾ പകൽ സമയങ്ങളിൽ പ്രാണവായു ( oxygen ) ധാരാളമായി പുറത്തേക്കു വിടുന്നതിനാൽ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതിന്റെ സാമീപ്യം ഉപകരിക്കുന്നു.

അതാതു സ്ഥലങ്ങളിൽ സുലഭമായി വളരുന്ന മരങ്ങൾ ഇതിനായി നമുക്കു തിരഞ്ഞെടുക്കാം. ഓഫീസിനുള്ളിൽ വളർത്താനായി കുറഞ്ഞ പ്രകാശത്തിലും നന്നായി വളരുന്ന ധാരാളം മരങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്.

കേരളത്തിലെ കാലാവസ്ഥക്കു യോജിച്ചതും, കുറഞ്ഞ പ്രകാശത്തിൽ നന്നായി വളരുന്നതുമായ ഏതാനും മരങ്ങളെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്താം.

1. ഫൈക്കസ് റട്ടൂസ ( Ficus retusa) ബോൺസായ് നിങ്ങളുടെ ഓഫീസിലും വളർത്താം .



ഫൈക്കസ് റട്ടൂസ ബോൺസായ്


Microcarpa എന്ന പേരിലും അറിയപ്പെടുന്ന ഈ മരങ്ങൾക്ക് ബോൺസായ് വളർത്തൽ രംഗത്ത് വളരെ പ്രാധാനൃമുണ്ട്.  കേരളം പോലെയുള്ള ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരെ പെട്ടെന്നു തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ പ്രതൃേകത.

നേരിയ പ്രകാശത്തിൽ പോലും ആരോഗ്യത്തോടെ വളരുന്ന ഈ മരത്തെ കുറഞ്ഞ സമയത്തിനുള്ളിൽ ബോൺസായ് ആയി മാറ്റിയെടുക്കാൻ നമുക്കു സാധിക്കും.

കമ്പുകൾ മുറിച്ചു നട്ടാണ് ഫൈക്കസ് റട്ടൂസ മരങ്ങൾ വളർത്തുന്നത്. അതു കൊണ്ടു തന്നെ വലിയ മുതൽ മുടക്കൊന്നുമില്ലാതെ തൈകൾ സംഘടിപ്പിക്കുകയും ചെയ്യാം.

രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഓഫീസിനുള്ളിൽ വളർത്താനായി ഈ മരം നമുക്കു തിരഞ്ഞെടുക്കാം. ആൽ കുടുംബത്തിൽ പെട്ട മരങ്ങളുടെ പ്രതൃേകതയായ താങ്ങു വേരുകൾ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു.

2. ഫുക്കിൻ ടീ ട്രീ ( Fukien tea tree).


ഫുക്കിൻ ടീ ട്രീ ബോൺസായ്

Carmona retusa എന്ന പേരിലും അറിയപ്പെടുന്ന ഈ മരം കേരളത്തിലെ കാലാവസ്ഥക്കു വളരെ അനുയോജ്യമാണ്. ഇവയും വളരെ കുറഞ്ഞ പ്രകാശത്തിൽ നന്നായി വളരുന്നവയാണ്.

ബോൺസായ് മരങ്ങളുടെ ഏറ്റവും വലിയ പ്രതൃേകതയായ ചെറിയ ഇലകളാണ് ഈ മരങ്ങളുടേത്. നക്ഷത്രങ്ങൾ പോലെ യുള്ള വെളുത്ത പൂക്കൾ, പച്ചയും ചുവപ്പും നിറങ്ങളിലുള്ള കായ്കൾ എന്നിവ യെല്ലാം ഇവയെ ഏറെ മനോഹരമാക്കുന്നു.

ഫൈക്കസ് പോലെ ഈ മരവും കമ്പുകൾ മുറിച്ചു നട്ടാണ് വളർത്തുന്നത്.

3. ജേഡ് മരം. ( Jade or Money tree) ബോൺസായ് നിങ്ങളുടെ ഓഫീസിലും വളർത്താം.


ജേഡ് ബോൺസായ്.
Lucky tree, Money tree എന്നീ പേരുകളിലും ഈ മരം അറിയപ്പെടുന്നു. ഈ മരം നട്ടു വളർത്തിയാൽ സമ്പത്തു താനേ വരും എന്നൊരു വിശ്വാസം പരക്കെയുള്ള താണ് ഇതിന്റെ കാരണം. ജേഡ് എന്ന ഭാഗൃ രത്നത്തിനോടു വളരെ സാമൃമുള്ള തിളങ്ങുന്ന പച്ച ഇലകളാണ് ഇവയ്ക്ക്.

ആഫ്രിക്കൻ കാടുകളിൽ സുലഭമായി വളരുന്ന ഈ മരം ആനകളുടെ ഇഷ്ട ഭക്ഷണം കൂടിയാണ്. അതു കൊണ്ടു തന്നെ Elephant bush എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഏതായാലും, നമ്മുടെ നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് ബോൺസായ് ആയി വളർത്തുന്നതിനു ഏറ്റവും യോജിച്ച ഒരു മരമാണിത്. ഈ മരവും വിട്ടിനുള്ളിൽ, അതായതു വളരെ കുറഞ്ഞ പ്രകാശത്തിൽ നന്നായി വളരുന്നവയാണ്.

ഇതിന്റെ നടീൽ രീതികളും സംരക്ഷണവും വിശദമായി ഇവിടെ നിന്നു വായിച്ചു മനസ്സിലാക്കാൻ സാധിക്കും.

4. അഡീനിയം ബോൺസായ് ( Adenium).

അഡീനിയം ബോൺസായ്

ഇനി, പൂക്കളുണ്ടാകുന്ന ബോൺസായ് വളർത്താനാണു നിങ്ങൾക്കു താല്പരൃമെങ്കിൽ, അഡീനിയം തിരഞ്ഞെടുക്കാം. പല നിറത്തിലുള്ള മനോഹരമായ പൂക്കളും കട്ടിയുള്ള ഇലകളുമാണ് ഈ ചെടികൾക്ക്. തണ്ടിൻെറ അടിഭാഗം രൂപാന്തരപ്പെട്ടു ണ്ടാകുന്ന ഉരുണ്ട കോഡക്സ് (Caudex) ഈ ചെടികളുടെ പ്രതൃേകതയാണ്. ( സാമാന്യം നല്ല പ്രകാശം ആവശ്യമുള്ള ചെടിയായതിനാൽ ഇടയ്ക്കിടെ വെയിലത്ത് വെക്കാൻ ശ്രദ്ധിക്കണം).

വിത്തുകൾ മുളപ്പിച്ചു അഡീനിയം ബോൺസായ് വളർത്തുന്ന രീതി വിശദമായി ഇവിടെ നിന്നു വായിച്ചു മനസ്സിലാക്കാം.

മേൽപ്പറഞ്ഞ ബോൺസായ് ചെടികളെല്ലാം ഓഫീസിനുള്ളിൽ കുറച്ചെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ജനലിന്റെയോ വാതിലിന്റെയോ സമിപത്തുള്ള സൗകര്യപ്രദമായ സ്ഥലം ഇതിനായി തിരഞ്ഞെടുക്കാമല്ലൊ.

അതുപോലെ വല്ലപ്പോഴുമൊരിക്കൽ നിങ്ങളുടെ ബോൺസായ് ചെടിയെ മുറിക്കു പുറത്തു അല്പസമയം വെയിൽ കൊള്ളാൻ അനുവദിക്കുക. ചെടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ഇതു സഹായിക്കും.

നിങ്ങളുടെ ബോൺസായ് ചെടികൾക്കു കൃത്യമായ ഇടവേളകളിൽ വളം ചെയ്യാൻ മറക്കാതിരിക്കുക. തന്നെയല്ല ദിവസവും മിതമായ രീതിയിൽ നനച്ചു കൊടുക്കുകയും വേണം.

ഓഫീസിനുള്ളിൽ സൂക്ഷിക്കുന്നതു കൊണ്ട് ബോൺസായ് ചെടികളുടെ ഇലകളിൽ പൊടി പിടിക്കുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. മൃദുവായ തുണി നനച്ചു ഇടയ്ക്കിടെ ഇലകൾ തുടച്ചു വൃത്തിയാക്കി സൂക്ഷിക്കാൻ പ്രതൃേകം ശ്രദ്ധിക്കണം. ഇലകളിലുള്ള സൂഷ്മമായ സുഷിരങ്ങൾ അടഞ്ഞു പോകാതെയിരിക്കാൻ ഇതുകൊണ്ടു സാധിക്കും.

മുകളിൽ വിവരിച്ചിരിക്കുന്നവയിൽ ഏതെങ്കിലും ബോൺസായ്, ഓഫീസിനുള്ളിൽ വളർത്താനായി നിങ്ങൾക്കു തിരഞ്ഞെടുക്കാം. അങ്ങനെ നിങ്ങളുടെ ഓഫീസിലും ഒരു ബോൺസായ് വളർത്താം. …………….

Exit mobile version