ബോൺസായ് വളർത്തൽ കേരളത്തിൽ.

ബോൺസായ് വളർത്തൽ കേരളത്തിൽ. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ബോൺസായ്, നിങ്ങൾക്കും അനായാസം വളർത്താൻ സാധിക്കും. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ കലാരൂപം പണ്ടു മുതലേ വളരെയധികം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനങ്ങൾ ഇതു വളരെ താല്പര്യമുള്ള ഹോബിയായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും കാലാവസ്ഥക്ക് അനുയോജ്യമായ മരങ്ങൾ ഇതിനായി തിരഞ്ഞെടുക്കണം എന്നു മാത്രം.ഏതായാലും കേരളത്തിൽ വളരുന്ന ധാരാളം മരങ്ങൾ നമുക്ക് ബോൺസായ് ആയി വളർത്താൻ സാധിക്കും. ശരിക്കും ഒരു ഹോബി എന്നതിലുപരി ഒരു വരുമാന മാർഗ്ഗമായും ഇതിനെ നമുക്ക് മാറ്റിയെടുക്കാം. ദിവസവും കുറച്ചു സമയം ഇതിനായി മാറ്റി വച്ചാൽ മതി.കേരളത്തിൽ ബോൺസായ് ആയി വളർത്താൻ അനുയോജ്യമായ മരങ്ങൾ ഏതെല്ലാമാണെന്നു നോക്കാം. തീർച്ചയായും ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന മിക്കവാറും എല്ലാ മരങ്ങളും നമുക്ക് കേരളത്തിലും പരീക്ഷിച്ചു നോക്കാം.അതിൽ തന്നെ, ആൽ ( Ficus ) കുടുംബത്തിൽ പെട്ട മരങ്ങൾ ഏറ്റവും അനുയോജ്യമായവയാണ്. ഏകദേശം 800 ൽ അധികം തരത്തിലുള്ള ആൽ മരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നമ്മുടെ സ്വന്തം മരങ്ങളായ കണിക്കൊന്ന, വാളൻ പുളി എന്നിവയും യോജിച്ചവ തന്നെ. ബോഗെയ്ൻവില്ല , തെറ്റി മുതലായ പൂച്ചെടികളും മനോഹരമായ ബോൺസായ് ആയി നമുക്ക് വളർത്തിയെടുക്കാം. പല നിറങ്ങളിലുള്ള പൂക്കളോടു കൂടിയ അഡീനിയം, കേരളത്തിലെ കാലാവസ്ഥക്കു ഏറ്റവും യോജിച്ച ബോൺസായ് ആണ്.

ബോൺസായ് വളർത്തൽ കേരളത്തിൽ അഡീനിയം.

പിങ്ക് പൂക്കളോടു കൂടിയ അഡീനിയം ബോൺസായ്.

ആൽ കുടുംബത്തിൽ പെട്ട ഏതാനും മരങ്ങളെ ഇവിടെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്താം .

അരയാൽ ( Ficus religiosa ). ബോൺസായ് വളർത്തൽ കേരളത്തിൽ .

ബോൺസായ് വളർത്തൽ കേരളത്തിൽ അരയാൽ
അരയാൽ ബോൺസായ്

തീർച്ചയായും, അരയാൽ മരങ്ങൾക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . കാരണം, കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളുടെയും സമീപത്തു ആൽ മരങ്ങളെ നമുക്ക് കാണാം. മനോഹരമായ ഇലകളും ബോൺസായ്‌ക്ക്‌ അനുയോജ്യമായ ശിഖരങ്ങളുമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിന്റെ തൈകൾ നമുക്ക് വില കൊടുത്തു വാങ്ങേണ്ട ആവശ്യം തന്നെ വരുന്നില്ല. കാരണം, വലിയ മരങ്ങളുടെ ചുവട്ടിൽ നിന്നും തൈകൾ ശേഖരിക്കാം.

പേരാൽ (Ficus benghalensis ).

ബോൺസായ് വളർത്തൽ കേരളത്തിൽ പേരാൽ ബോൺസായ്
പേരാൽ ബോൺസായ്

കൂടുതലായും വടക്കേ ഇന്ത്യയിലാണ് പേരാൽ മരങ്ങൾ കണ്ടുവരുന്നത്. കേരളത്തിലും ഇവ നന്നായി വളരുന്നു. മുകളിൽ നിന്ന് താഴേക്ക് തൂങ്ങി വളരുന്ന വേരുകളാണ് പേരാൽ മരങ്ങളുടെ പ്രത്യേകത. തിളക്കമുള്ള ഇലകളും പേരാൽ ബോൺസായ് മരങ്ങളെ ആകർഷകമാക്കുന്നു. ഇതിന്റെ വേരിൽ നിന്ന് മുളച്ചു വരുന്ന തൈകൾ അടർത്തിയെടുത്തു നമുക്ക് ചട്ടികളിൽ വളർത്താം.

ഫൈക്കസ് റട്ടൂസ ( Ficus retusa ) ബോൺസായ് വളർത്തൽ കേരളത്തിൽ.

ബോൺസായ് വളർത്തൽ കേരളത്തിൽ ഫൈക്കസ് റട്ടൂസ
ഫൈക്കസ് റട്ടൂസ ബോൺസായ്

ഇന്ന് കേരളത്തിൽ പല സ്ഥലങ്ങളിലും ഗാർഡൻ ഡിസൈൻ ചെയ്യുന്നതിന് ഈ മരങ്ങൾ ധാരാളമായി ഉപയോഗിച്ച് വരുന്നു.പേരാൽ, അരയാൽ എന്നീ മരങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ബോൺസായ് രൂപം കൈവരിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.കടും പച്ച നിറത്തിലുള്ള ഇലകളും പേരാലിനെപ്പോലെ താഴേക്ക് വളരുന്ന വേരുകളും ഈ ബോൺസായിയെ മനോഹരമാക്കുന്നു.കമ്പുകൾ മുറിച്ചു നട്ട് അനായാസം ഇവയെ നമുക്ക് വളർത്താൻ സാധിക്കും. തന്നെയല്ല, തുടക്കക്കാരായ ബോൺസായ് പ്രേമികൾക്ക് എന്തുകൊണ്ടും യോജിച്ച മരമാണ് ഫൈക്കസ് റട്ടൂസ.

ഫൈക്കസ് ആലി ( Ficus alii ).

ബോൺസായ് വളർത്തൽ കേരളത്തിൽ ഫൈക്കസ് ആലി
ഫൈക്കസ് ആലി

ആൽ കുടുംബത്തിൽപ്പെട്ട മറ്റൊരു മരമാണ് ഫൈക്കസ് ആലി. നീളമുള്ള ഇലകളാണ് ഇതിനെ മറ്റുള്ള ആൽ മരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതും കമ്പ് മുറിച്ചു നട്ടു നമുക്ക് വളർത്തിയെടുക്കാം . ശരിക്കും വളരെ മനോഹരമായ ഈ ബോൺസായ് എല്ലാവരും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ബോധി ആൽ ( Ficus rumphii ).

ബോൺസായ് വളർത്തൽ കേരളത്തിൽ ബോധി ആൽ
ബോധി ആൽ

കാഴ്ച്ചയിൽ അരയാലിനെപ്പോലെ തോന്നിക്കുമെങ്കിലും ഇവ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും ഇലകളുടെ ഘടനയിലുള്ള വ്യത്യാസമാണ്. ഇതും കമ്പ് മുറിച്ചു നട്ടു നമുക്ക് വളർത്താൻ സാധിക്കും. ഈ മരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായി ഇരുന്നപ്പോഴാണ് ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. മുകളിൽ വിവരിച്ചിരിക്കുന്ന മരങ്ങൾ എല്ലാം കേരളത്തിൽ സുലഭമായി ലഭിക്കുന്നവയാണ്. പ്രതേകിച്ച് പണം മുടക്കാതെ തന്നെ. അതുകൊണ്ടു നിങ്ങളും തീർച്ചയായും ഇതിൽ ഏതെങ്കിലും ബോൺസായ് മരങ്ങൾ വളർത്താൻ ശ്രമിക്കുമല്ലൊ.മറ്റു ചെടികൾ വളർത്തുന്നതിനോടൊപ്പം ഒരു ബോൺസായ് മരം കൂടി ഉൾപ്പെടുത്തുക. അതിനായി അധിക അദ്ധ്വാനം ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. ഓരോ മരങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും നടീൽ രീതികളും അടുത്ത പ്രാവശ്യം ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാം.( ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾക്ക് കടപ്പാട് – Tamarind Bonsai, Kottayam )

……………………..

Leave a Reply

%d bloggers like this: