മഹാബലിപുരം ചരിത്രം ഇവിടെ ഉറങ്ങുന്നു. മാമല്ലപുരം എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഈ സ്ഥലത്തെ കാഴ്ചകൾ അതിശയിപ്പിക്കുന്നവയാണ്. അതിൽ ഏറ്റവും പ്രധാനം ഗുഹാ ക്ഷേത്രങ്ങളും കല്ലിലെ നിർമ്മിതികളുമാണ്. കൂടാതെ മനോഹരമായ കടൽ തീരം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശരിക്കും ഇവിടേക്കുള്ള യാത്ര പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ആസ്വദിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല .
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
അല്പം ചരിത്രം
ഇവിടുത്തെ പ്രധാന നിർമ്മിതികളെല്ലാം 7 – 8 നൂറ്റാണ്ടുകളിലാണ് ഉണ്ടായിട്ടുള്ളത്. പല്ലവ രാജ വംശത്തിലെ പ്രധാനിയായിരുന്ന നരസിംഹവർമൻ ആയിരുന്നു അന്ന് ഇവിടം ഭരിച്ചിരുന്നത്. അദ്ദേഹം ഒരു നല്ല ഗുസ്തിക്കാരൻ കൂടി ആയിരുന്നത്രെ. അങ്ങനെ മല്ലൻ എന്ന വാക്കിൽ നിന്നാണ് മാമല്ലപുരം എന്ന പേര് ലഭിച്ചത് എന്ന് ചരിത്ര രേഖകൾ പറയുന്നു.
മഹാബലിപുരം സന്ദർശിക്കുന്നതിന് ഏറ്റവും യോജിച്ച സമയം.
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
സാധാരണയായി ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വളരെ നല്ല കാലാവസ്ഥയായിരിക്കും. അതുകൊണ്ടു ഇവിടം സന്ദർശിക്കാൻ ഈ സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം
ഏറ്റവും അടുത്ത വിമാനത്താവളം ചെന്നൈ ആണ്. അവിടെനിന്നും ബസ്സിലോ ടാക്സിയിലോ മഹാബലിപുരത്തു എത്തിച്ചേരാം . അതുപോലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്കൽപെട്ട് ആണ് . ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലത്തേക്കും ഇവിടെ നിന്നു ട്രെയിൻ ലഭിക്കും. ഇവിടെ എത്തിക്കഴിഞ്ഞാൽ കാഴ്ചകൾ കാണുന്നതിന് ടാക്സി, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിക്കാവുന്നതാണ്. മിക്കവാറും ഡ്രൈവർമാർ എല്ലാവരും തന്നെ നല്ല ഗൈഡുകൾ കൂടിയാണ്. അതുകൊണ്ടു കൂലി നേരത്തെ പറഞ്ഞുറപ്പിച്ച ശേഷം ഏതെങ്കിലും വാഹനം വാടകക്കെടുത്തു എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നതായിരിക്കും നല്ലത്.
എവിടെ താമസിക്കാം
വിവിധ നിരക്കുകളിലുള്ള റിസോർട്ടുകൾ മുതൽ സാധാരണ ലോഡ്ജുകൾ വരെ ഇവിടെ ലഭ്യമാണ്. എന്നാൽ ചെന്നൈയിൽ നിന്നു വരുന്നവർക്ക് പ്രധാന കാഴ്ച കൾ എല്ലാം കണ്ട് അന്നു തന്നെ മടങ്ങി പോകണമെങ്കിൽ അങ്ങനയാകാം.
എവിടെ നിന്ന് ആഹാരം കഴിക്കാം.
വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ധാരാളം ഹോട്ടലുകൾ ഇവിടെയുണ്ട്. എങ്കിലും ഇവിടത്തെ കടൽ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
ചരിത്രം ഉറങ്ങുന്ന മഹാബലി പുരം.
ഇനി പ്രധാന കാഴ്ചകൾ എന്തെല്ലാമെന്നു നോക്കാം.
നേരത്തെ പറഞ്ഞതുപോലെ ഇവിടത്തെ ശിലാ നിർമ്മിതികൾ ശരിക്കും അത്ഭുതം തന്നെയാണ്.
1. പഞ്ച രഥങ്ങൾ.
2. ഗുഹാ ക്ഷേത്രങ്ങൾ.
3. കൃഷ്ണന്റെ വെണ്ണയുരുള ( Krishna’s Butter ball).
ഒരു പാറപ്പുറത്ത് ഇപ്പോൾ ഉരുണ്ടു പോകുമോ എന്നു തോന്നുന്ന തരത്തിൽ നില്ക്കുന്ന വലിയ മറ്റൊരു പാറയാണിത്. ബ്രിട്ടീഷ് കാരുടെ കാലത്തു സുരക്ഷ മുൻനിർത്തി, ആനകളെ ഉപയോഗിച്ച് ഈ പാറകൾ ഇളക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. പക്ഷെ പൂർണ്ണമായും പരാജയപ്പെടുകയാണുണ്ടായത് എന്നതു മറ്റൊരു ചരിത്രം.
4. ഗണേശ രഥം.
കല്ലിൽ കൊത്തിയെടുത്തിട്ടുള്ള ക്ഷേത്ര മാതൃകയിലുള്ള ഈ നിർമ്മിതിയും വളരെ ആകർഷകമാണ്.
5. ഇതിനടുത്തായി തന്നെ ലെറ്റ് ഹൗസ്, ഈശ്വര ക്ഷേത്രം എന്നിവയും കാണാം.
ശാന്തമായ തിരകളോടു കൂടിയ കടലും മണൽത്തരികൾ മിന്നിത്തിളങ്ങുന്ന തീരവും ഇവിടത്തെ ഏറ്റവും വലിയ പ്രതേകതയാണ്. യാതൊരു മടുപ്പുമില്ലാതെ എത്ര സമയം വേണമെങ്കിലും നമുക്കിവിടെ ചിലവഴിക്കാം.
7. കടൽക്കരൈ കോവിൽ.
ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ഈ ക്ഷേത്രവും പല്ലവ രാജവംശത്തിന്റെ സംഭാവനയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ ക്ഷേത്രവും പരിസരവും വളരെ മനോഹരമാണ് .
8. സീ ഷെൽ മൃൂസിയം.
മഹാബലിപുരത്തെ മറ്റൊരു വിസ്മയമാണ് സീ ഷെൽ മൃൂസിയം. കടലിൽ നിന്നും ശേഖരിച്ച ഏതാണ്ട് അഞ്ഞൂറിലധികം തരത്തിലുള്ള കക്കകളും മറ്റും വളരെ മനോഹരമായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാ മുഹമ്മദ് എന്നയാൾ 33 വർഷം കൊണ്ട് ഒറ്റയ്ക്ക് ശേഖരിച്ചവയാണ് ഇതെല്ലാം എന്നതാണ് ഈ മൃൂസിയത്തെ സംബന്ധിച്ച ഏറ്റവും വലിയ അതിശയം.
ചരിത്രം ഉറങ്ങുന്ന മഹാബലിപുരം.
മഹാബലിപുരത്തേക്കുള്ള വഴിയിലുടനീളം ഇരു വശത്തും ധാരാളം കൽപ്രതിമകളുടെ നിർമ്മാണ ശാലകൾ കാണാം. ശരിക്കും പല്ലവ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശില്പികളുടെ പിൻഗാമികളാണ് ഇവിടെയുള്ളത്. മറ്റൊന്നുമല്ല, ഇവർ നിർമ്മിച്ച പ്രതിമകൾ തന്നെയാണ് ഇതിനുള്ള യഥാർത്ഥ തെളിവായി നമുക്കു കാണാൻ കഴിയുന്നത്.

