
കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം ആസ്വദിക്കാം. വേമ്പനാട്ടു കായലിന്റെ പ്രധാന ഭാഗമായ കുമരകത്തിന്റെ ഏറ്റവും വലിയ ആകർഷണീയത പ്രകൃതി സൗന്ദര്യം തന്നെയാണ്.
കൂടാതെ പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം വളരെ പ്രശസ്തമാണ്. ഇവിടെ എത്തിച്ചേരുന്നവർക്ക് ആസ്വദിക്കാനായി മറ്റു പല വിനോദങ്ങളുമുണ്ട്. ചെറുവള്ളങ്ങൾ തുഴഞ്ഞു നടക്കുന്നതിനും ചൂണ്ടയിടുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനതായ ഗ്രാമീണ സൗന്ദര്യം നുകരുന്നതിന് ഇത്രയും യോജിച്ച മറ്റൊരു സ്ഥലം കേരളത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. അതിലുപരി ഇവിടെയുള്ള കള്ളുഷാപ്പുകൾ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതമാണ്. ശുദ്ധമായ ഇളം കള്ളിനോടൊപ്പം രുചിയൂറുന്ന കേരളീയ വിഭവങ്ങൾ ഇവിടത്തെ ഷാപ്പുകളുടെ പ്രത്യേകതയാണ്.
ഏതായാലും അടുത്ത അവധിക്കാലത്തു സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കുമരകം കൂടി ഉൾപ്പെടുത്തുക. രണ്ടു ദിവസം ഇതിനായി മാറ്റിവെക്കുക.
കുമരകം സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയം.
ഓഗസ്റ്റ് മാസം മുതൽ ഇവിടം സന്ദർശിക്കുന്നതിനു യോജിച്ച കാലാവസ്ഥയാണ്. എന്നാൽ മഴക്കാലത്തും മൺസൂൺ ടൂറിസം ആസ്വദിക്കുന്നതിനായി ധാരാളം പേർ എത്തിച്ചേരാറുണ്ട്.
എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം?
കോട്ടയം പട്ടണത്തിൽ നിന്നും കുമരകത്തേക്കുള്ള ദൂരം വെറും പതിനൊന്നു കിലോമീറ്റർ മാത്രമാണ്. മിക്കവാറും എല്ലാ സമയത്തും ഇവിടേക്കുള്ള ബസ്സുകൾ ലഭിക്കും. കൂടാതെ ഓട്ടോറിക്ഷ, ടാക്സി എന്നീ മാർഗ്ഗങ്ങളെയും ആശ്രയിക്കാവുന്നതാണ്. എന്തായാലും പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള ഈ യാത്ര നിങ്ങൾക്കു വേറിട്ടൊരു അനുഭവം തന്നെയായിരിക്കും .
കൂട്ടത്തിൽ പറയട്ടെ, ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചിയാണ്. ഇവിടെ നിന്നും ഏകദേശം എഴുപതു കിലോമീറ്റർ ദൂരമുണ്ട്.
എവിടെ താമസിക്കാം?

ഏതു തരത്തിലുള്ള താമസ സൗകര്യവും ലഭിക്കുമെന്നുള്ളത് കുമരകത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ എന്നിവ കൂടാതെ സാധാരണക്കാർക്കു വേണ്ടിയുള്ള ബഡ്ജറ്റ് ഹോട്ടലുകളും ലഭിക്കും. ഇതിനു പുറമേ ധാരാളം ഹോംസ്റ്റേകളും ഇവിടെയുണ്ട്.
എന്തെല്ലാമാണ് ഇവിടുത്തെ വിനോദങ്ങൾ? കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം.
1 . ഹൗസ് ബോട്ടുകൾ
ഇവിടുത്തെ ഏറ്റവും പ്രധാനമായ ആകർഷണം ഹൗസ് ബോട്ടുകൾ അഥവാ പുര വഞ്ചികൾ തന്നെയാണ്. ശരിക്കും പഴയ കാലത്തേ കെട്ടുവള്ളങ്ങളുടെ പരിഷ്കരിച്ച രൂപമാണിത്. പക്ഷെ, ഇതിലെ യാത്രയുടെ കൗതുകം അനുഭവിച്ചു തന്നെ മനസ്സിലാക്കണം എന്നുള്ളതാണ് വാസ്തവം.
പുര വഞ്ചിയിലെ യാത്ര.

ഒഴുകി നടക്കുന്ന ഒരു നക്ഷത്ര ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇതിനുള്ളിലെ സൗകര്യങ്ങൾ. ഒന്ന് മുതൽ പത്തും പന്ത്രണ്ടും വരെ കിടക്ക മുറികളോടു കൂടിയ പുരവഞ്ചികളുണ്ട്. കുടുംബത്തോടൊത്തു ഉല്ലസിക്കുന്നതിനും, ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും ( കോൺഫറൻസുകൾക്കും മറ്റും ) സൗകര്യമുള്ള ബോട്ടുകൾ ഇവിടെയുണ്ട്.
കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം – ഭക്ഷണം.
രുചികരമായ മീൻ, ഇറച്ചി വിഭവങ്ങളാണ് പ്രധാനമായും ഇതിൽ വിളമ്പുന്നത്. എങ്കിലും വെജിറ്റേറിയൻ ഭക്ഷണം ആവശ്യമുള്ളവർക്ക് അതും ലഭിക്കും. തീർച്ചയായും വേമ്പനാട്ടു കായലിൽ നിന്നുള്ള കരിമീൻ പൊള്ളിച്ചത് പുര വഞ്ചിയിലെ വിശേഷപ്പെട്ട വിഭവമാണ്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിന്റെ രുചി അറിഞ്ഞിരിക്കണം.

സാധാരണയായി രാവിലെ പതിനൊന്നു മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് യാത്രയുടെ സമയം. വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ഇളം കാറ്റേറ്റുള്ള യാത്ര ശരിക്കും നിങ്ങൾ ആസ്വദിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. പാതിരാമണൽ എന്ന ചെറു ദ്വീപും യാത്രക്കിടയിൽ കാണാൻ സാധിക്കും.
കൂടാതെ ഒരു രാത്രി ബോട്ടിൽ താമസിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യവുമുണ്ടു്. മുൻകൂട്ടി ബുക്കുചെയ്യണമെന്നു മാത്രം.
ഇനി അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതുമാവാം. ഹൗസ് ബോട്ടിൽ നിന്നും നേരെ സ്പീഡ് ബോട്ടിൽ കയറിയുള്ള യാത്ര. പ്രത്യേകിച്ചു ചെറുപ്പക്കാരെ ഇത് വളരെയധികം ആകർഷിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
2 . പക്ഷി നിരീക്ഷണം- കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം.
സാധാരണയായി, സൈബീരിയൻ കൊക്കുകളുൾപ്പടെ ധാരാളം ദേശാടന പക്ഷികൾ ഇവിടെ വിരുന്നിനെത്താറുണ്ട് . ഇവരെ കൂടാതെ നാട്ടുകാരായ വിവിധ തരത്തിലുള്ള പക്ഷികൾ വേറെയും.
3 . രുചികളിലെ വൈവിധ്യം.
ഇവിടെയുള്ള മിക്കവാറും എല്ലാ കള്ളു ഷാപ്പുകളും ഫാമിലി റസ്റ്റോറന്റുകൾ തന്നെയാണ് . കുടുംബവുമൊത്തു ഭക്ഷണം കഴിക്കാനായി മാത്രം ധാരാളം പേർ ഇവിടെയെത്താറുണ്ട്.
4 . ഷോപ്പിംഗ്.

മറ്റെല്ലാ വിനോദയാത്ര കേന്ദ്രങ്ങളിലും ഉള്ളതു പോലെ ഇവിടെയും കൗതുക വസ്തുക്കളും മറ്റും വിൽക്കുന്ന കഥകളുണ്ട്. പക്ഷെ, വില കേൾക്കുമ്പോൾ ഇതു വിദേശികളെ മാത്രം ഉദ്ദേശിച്ചുള്ളവയാണോ എന്നു ചിന്തിച്ചു പോകും.
ഒരു യഥാർത്ഥ കേരളീയഗ്രാമത്തിന്റെ സൗന്ദര്യവും ഗ്രാമീണരുടെ നന്മയും ഒത്തുചേർന്ന ഈ സ്ഥലം ഒരിക്കലെങ്കിലും സന്ദർശിക്കാൻ ശ്രമിക്കുക. അതുപോലെ അടുത്ത അവധിക്കാലത്തു രണ്ടു ദിവസം കുമരകത്തിനായി മാറ്റി വെക്കുക.

*****************
Really very interesting and informative.