ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്രയ്ക്കു യോജിച്ച സ്ഥലം. പശ്ചിമ ഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗവി എന്ന സ്ഥലത്തെക്കുറിച്ചു അറിയാൻ തുടങ്ങിയിട്ടു വളരെ നാളുകളായി. എങ്കിലും 2013 ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഇതിന്റെ മനോഹാരിത മലയാളികൾ കൂടുതൽ മനസ്സിലാക്കിയത്. കുടുംബസമേതം പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനും കാടിനെ അടുത്തറിയാനും ഇതിനേക്കാൾ സൗകര്യപ്രദമായ ഒരു സ്ഥലം കേരളത്തിൽ വളരെ വിരളമായിരിക്കും. വെറുമൊരു വിനോദയാത്ര എന്നതിലുപരി ഇവിടേക്കുള്ള യാത്ര വിജ്ഞാനപ്രദവുമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

യഥാർത്ഥത്തിൽ പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലാണ് ഗവി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . കോട്ടയത്തു നിന്നും വളരെ സൗകര്യപ്രദമായി ഇവിടെ എത്തിച്ചേരാൻ സാധിക്കും. കേരള സർക്കാർ വനം വകുപ്പിൽ ഉൾപ്പെടുന്ന KFDC ( കേരള ഫോറെസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ) യുടെ പൂർണ നിയന്ത്രണത്തിലാണ് ഗവിയിലേക്കുള്ള യാത്ര. അതുകൊണ്ടു തന്നെ മുൻകൂട്ടി അനുമതി വാങ്ങിയിട്ടുള്ളവർക്കു മാത്രമേ അങ്ങോട്ടേക്കു യാത്ര ചെയ്യാൻ സാധിക്കൂ.

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര.

എങ്ങനെയെല്ലാം ഇവിടെ എത്തിച്ചേരാം?

1. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 6 .30 നു പുറപ്പെടുന്ന കുമളി ബസ്സിൽ കയറിയാൽ ഗവിയിൽ എത്തിച്ചേരാൻ സാധിക്കും. 11 .30 നു ഗവിയിൽ എത്തിച്ചേരുന്ന ഈ യാത്രക്ക് പാസ് നിർബന്ധമാണ്. കുമളിയിൽ നിന്നും ഉച്ച തിരിഞ്ഞു 3 മണിക്കു ഗവിയിൽ എത്തുന്ന ബസ്സിൽ മടക്ക യാത്രയും ആവാം. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ചു യാത്ര ചെയ്യാമെന്നല്ലാതെ മറ്റു പ്രയോജനമൊന്നും ഉണ്ടാവില്ല. കാരണം മുൻകൂട്ടി ബുക്ക് ചെയ്തു വരുന്നവർക്ക് മാത്രമേ ഇക്കോ ടൂറിസം പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമുണ്ടാകുകയുള്ളു.

തന്നെയുമല്ല പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനമില്ലാതെ നമുക്കു ഗവി സന്ദർശിക്കാനാവില്ല. എന്തായാലും ഈ രീതിയിൽ ബസ്സിൽ വരുന്നവർ അത്യാവശ്യം ഭക്ഷണ സാധനങ്ങളും വെള്ളവും കരുതുന്നതു നന്നായിരിക്കും. ഗവി എന്ന കൊച്ചു ഗ്രാമത്തിൽ ഹോട്ടലുകൾ ഒന്നും തന്നെയില്ല. എങ്കിലും ചില വീടുകളിൽ അത്യാവശ്യക്കാർക്കു ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.

2. പത്തനംതിട്ട ജില്ലയിലെ തന്നെ ആങ്ങമൂഴി എന്ന സ്ഥലത്തു നിന്നും ഏകദേശം 65 കിലോമീറ്റർ യാത്ര ചെയ്താലും ഗവിയിൽ എത്തിച്ചേരാം. കാട്ടിലൂടെയുള്ള യാത്രയിൽ ഭൂരിഭാഗവും ഓഫ് റോഡ് ആയതിനാൽ ജീപ്പു പോലെയുള്ള വാഹനങ്ങളെ ആശ്രയിച്ചു വേണം യാത്ര ചെയ്യാൻ. പക്ഷെ ഈ യാത്രയും വളരെ ആസ്വാദ്യകരമാണെന്ന കാര്യത്തിൽ സംശയമില്ല.

3 . കുടുംബവുമൊത്തു ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്ക്‌ കോട്ടയത്തു നിന്നുള്ള യാത്രയാണ് സൗകര്യപ്രദം. വണ്ടിപ്പെരിയാർ വഴി വള്ളക്കടവ് എന്ന സ്ഥലത്തു എത്തിച്ചേരാം. അവിടെയുള്ള ചെക്പോസ്റ്റിൽ നിന്നും പാസ് വാങ്ങി കാട്ടിലൂടെ പത്തൊൻപതു കിലോമീറ്റർ സഞ്ചരിച്ചാൽ ഗവിയിലെത്താം.

വണ്ടി പ്പെരിയാ൪ തേയില തോട്ടങ്ങളുടെ മനോഹാരിത

ഏതായാലും കെ എഫ് ഡി സി യുടെ പാക്കേജ് അനുസരിച്ചുള്ള രണ്ടു ദിവസത്തെ പരിപാടിക്കായി തയാറെടുക്കുന്നതാണ് അഭികാമ്യം. ഓഗസ്റ്റു മാസം മുതൽ അനുകൂലമായ കാലാവസ്ഥയായിരിക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ സാമാന്യം നല്ല തണുപ്പുണ്ടാകും. അതിനാൽ ഈ സമയത്തു ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ അത്യാവശ്യം കമ്പിളി വസ്ത്രങ്ങൾ കരുതുന്നതു നന്നായിരിക്കും.

ഞങ്ങൾ അടുത്തയിടെ ഗവിയിലേക്കു നടത്തിയ യാത്രയുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ശ്രമിക്കാം. എന്തുകൊണ്ടും യാത്ര വളരെയധികം ആസ്വദിക്കാൻ സാധിച്ചു. അതിലുപരി കുറഞ്ഞ സമയം കൊണ്ട് കാടിനെ ഇത്രയധികം അടുത്തറിയാൻ കഴിഞ്ഞു എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.

ഗവി ഇക്കോ ടൂറിസം – കുടുംബത്തോടൊപ്പം യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. എല്ലാവരെയും ഞാൻ യാത്രയ്ക്കായി സ്വാഗതം ചെയ്യുന്നു

ഗവിഇക്കോടൂറിസം – കാട്ടിലേക്കൊരു യാത്ര

യാത്രയുടെതുടക്കം.

ടീവിയിലൂടെ ഓർഡിനറി എന്ന സിനിമ വീണ്ടും കണ്ടപ്പോൾ വെറുതെ തോന്നിയതാണ് ഗവി സന്ദർശിച്ചാലോ എന്ന്. അപ്പോൾ തന്നെ സൈറ്റിൽ നിന്നും ഫോൺ നമ്പർ തപ്പിയെടുത്തു കെ എഫ് ഡി സി യുമായി ബന്ധപ്പെട്ടു. രണ്ടു ദിവസത്തേക്ക് ഒരു കുടുംബത്തിനുള്ള സൗകര്യം ലഭ്യമാണെന്നുള്ള മറുപടി കിട്ടി . അങ്ങനെ ജനുവരി ഇരുപത്തി ആറാം തീയതി രാവിലെ എട്ടര മണിയോടുകൂടി ഞങ്ങൾ കോട്ടയത്തു നിന്നും കാർ മാർഗം ഗവിയിലേക്കുള്ള യാത്ര ആരംഭിച്ചു.

പന്ത്രണ്ടു മണിയോടുകൂടി, തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനു നടുവിലൂടെ വണ്ടിപ്പെരിയാർ എന്ന ചെറു പട്ടണത്തിലെത്തി . അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം പൊതിഞ്ഞു വാങ്ങിയതിനു ശേഷം വള്ളക്കടവെന്ന സ്ഥലത്തേക്കു പുറപ്പെട്ടു. റോഡിനിരുവശവും കാപ്പി, ഏലം, തേയില എന്നിവയെല്ലാം ധാരാളമായി കൃഷി ചെയ്തിരിക്കുന്നു. വള്ളക്കടവു ചെക്പോസ്റ് വരെയുള്ള എട്ടു കിലോമീറ്റർ യാത്രയിൽ യഥാർത്ഥത്തിൽ ഞാൻ എന്റെ ബാല്യത്തിലേക്കൊരു മടക്ക യാത്ര നടത്തുകയായിരുന്നു. കാരണം, ഒന്നാം ക്ലാസ്സിൽ ചേരാനായി നാട്ടിലേക്കു വരുന്നത് വരെ ഞാൻ അച്ഛൻ ജോലി ചെയ്തിരുന്ന, കർണാടകത്തിലുള്ള എസ്റ്റേറ്റിൽ ആയിരുന്നല്ലോ.

ഏകദേശം പന്ത്രണ്ടരയോടുകൂടി ഞങ്ങൾ വള്ളക്കടവു ചെക്പോസ്റ്റിലെത്തി. നേരത്തെ ഫോണിലൂടെ പരിചയപ്പെട്ട ഗൈഡ് ബിജു അന്ന് ചെക്പോസ്റ്റിൽ ഓഫീസ് ഡ്യൂട്ടിയിലായിരുന്നതു ഞങ്ങൾക്ക് വളരെ അനുഗ്രഹമായി. അന്നത്തെ യാത്രക്കു ബുക്ക് ചെയ്തിരുന്ന മറ്റുള്ളവർ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. ബിജു എല്ലാവർക്കും പാസ് നൽകി, ഉച്ചഭക്ഷണവും കഴിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ഗവിയിലേക്കു പുറപ്പെട്ടു.

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര .

കാട്ടിലൂടെ..

കാടിനു നടുവിലൂടെ എത്ര യാത്ര ചെയ്താലും യാതൊരു മടുപ്പും തോന്നില്ല എന്നുള്ളതു വാസ്തവം തന്നെയാണ്. ഏറെ ദൂരം റോഡിന്റെ അവസ്ഥ വളരെ മോശമായിരുന്നത് ഒരനുഗ്രഹമായാണ് എനിക്ക് തോന്നിയത്. കാരണം സാവധാനത്തിലുള്ള യാത്രയായതിനാൽ കാടിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിച്ചു. കൂടാതെ പതിനെട്ടു വർഷമായി ഇതേ വകുപ്പിൽ ജോലി ചെയ്യുന്ന ബിജുവിന് കാട്ടിലുള്ള ഓരോ ജീവികളെയും സസ്യങ്ങളെയും കുറിച്ച് നല്ല അറിവാണ്. യാത്രയിലുടനീളം അതെല്ലാം കഴിയുന്നത്ര വിസ്തരിച്ചു ഞങ്ങൾക്കും പകർന്നു തന്നുകൊണ്ടിരുന്നു.

ധാരാളം ആനകളുണ്ടെന്നു ബിജു പറഞ്ഞെങ്കിലും ഒന്നിനെപ്പോലും കാണാൻ സാധിച്ചില്ല. പക്ഷെ റോഡിലുടനീളം കണ്ട ആനപ്പിണ്ടം ആനകളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കുരങ്ങ്, മാൻ, മലയണ്ണാൻ, കാട്ടുപന്നി മുതലായ ചെറു ജീവികളെ ധാരാളമായി കാണാൻ സാധിച്ചു. കാറിന്റെ ഹോൺ മുഴക്കി അവറ്റകൾക്കു ശല്യമുണ്ടാക്കാതെ സാവധാനം പോകാൻ ഞങ്ങൾ പാമാവധി ശ്രദ്ധിച്ചിരുന്നു. എങ്കിലും, അവരുടെ സാമ്രാജ്യത്തിൽ കടന്നുകയറിയെന്ന കുറ്റബോധം തോന്നാതിരുന്നില്ല.

ഉൾക്കാടുകൾ വെട്ടി നശിപ്പിച്ചു റിസോർട്ടുകളും മറ്റും പണിയുന്നവർ ഇവരെപ്പറ്റി ചിന്തിക്കാറേയില്ലായിരിക്കും. അതുപോലെ, ഏതെങ്കിലും ഒരു കാട്ടുമൃഗം നാട്ടിലിറങ്ങിയാൽ മനുഷ്യനുണ്ടാകുന്ന അസ്വസ്ഥത നമ്മൾ കാണാറുണ്ടല്ലോ. ഏതായാലും കാടിനെ ആസ്വദിച്ചു മൂന്നുമണിയോടു കൂടി ഞങ്ങൾ ഇക്കോ ടൂറിസം ഓഫീസിലെത്തി. അവിടുത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾക്കു വേണ്ടി അനുവദിച്ചിരുന്ന കോട്ടേജിലേക്കു പോയി.

വളരെ കർശനമായും നിയന്ത്രണങ്ങളോടെയും നടത്തുന്ന പാക്കേജ് ആണ്. ഒരു ദിവസം എത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും കൃത്യതയുണ്ടാകും. ആകെ പതിനേഴു കോട്ടേജുകളാണ് അവിടെയുള്ളത്. അല്ലാതെയുള്ള മുറികളും രണ്ടു ഡോർമിറ്ററികളും ലഭ്യമാണ്. കോട്ടേജിൽ താമസിച്ചു പാക്കേജിൽ പങ്കെടുക്കുന്നതിന് ആളൊന്നിന് മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. അല്ലാത്തവർക്ക് മൂവ്വായിരവും. യാത്രക്കാരുമായി വരുന്ന ഡ്രൈവർമാർക്കു൦ താമസ സൗകര്യം ലഭ്യമാണ്.

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര

കോട്ടേജ്

കോട്ടേജ്

കോട്ടേജ് എന്നാൽ കാൻവാസ്‌ വലിച്ചുകെട്ടി നിർമിച്ചിട്ടുള്ള ടെന്റുകളാണ്. കാട്ടിനു നടുവിൽ കോട്ടേജിനുള്ളിലെ താമസം എന്നെ സംബന്ധിച്ചു പുതിയ അനുഭവമായിരുന്നു. അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങളെല്ലാം തന്നെ അതിനുള്ളിലുണ്ടായിരുന്നു. വൃത്തിയുള്ള കിടക്ക, കമ്പിളി, വാഷ് റൂം, ചൂടു വെള്ളം അങ്ങനെയെല്ലാം. പിന്നെ, ചുറ്റുമുള്ള കമ്പിവേലി വൈദ്യുതീകരിച്ചിട്ടുള്ളതിനാൽ വന്യ മൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാണ്.

( മൃഗങ്ങൾ കമ്പിവേലിയിൽ തൊടാനിടയായാൽ ഭയന്നു പിന്മാറും. അവയുടെ ജീവനു കുഴപ്പമൊന്നും ഉണ്ടാവില്ല എന്നതു കേട്ടപ്പോൾ ആശ്വാസമായി ).

പാക്കേജിന്റെ ഭാഗമായി പ്രധാനമായും മൂന്നു പരിപാടികളാണുള്ളത്. ബോട്ടിംഗ്, ട്രെക്കിങ്ങ്, സഫാരി.

1 . ബോട്ടിങ് – ഗവി ഇക്കോ ടൂറിസം കാട്ടിലേക്കൊരു യാത്ര.

പമ്പാ നദിയിലൂടെയുള്ള ബോട്ടി൦ഗ്

നാലുമണിയോടുകൂടി ഞങ്ങൾ ഭക്ഷണശാലയിലെത്തി. ചൂടു ചായ കുടിച്ചതിനു ശേഷം ബോട്ടിങ്ങിനു പുറപ്പെട്ടു. പമ്പാനദിയിലൂടെ, വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ചെറുബോട്ടുതുഴഞ്ഞുള്ള

യാത്ര വളരെയേറെ രസകരമായിരുന്നു. നാലു വശവും കാട്. ഈ സമയത്തു ആനകൾ ധാരാളമായി വെള്ളം കുടിക്കാനായി വരാറുണ്ടെന്നു ബിജു പറഞ്ഞു. എങ്കിലും ഞങ്ങൾക്കൊന്നിനെയും കാണാൻ സാധിച്ചില്ല. അതിൽ യാതൊരു നിരാശയും തോന്നിയില്ല . കാരണം, മനുഷ്യരുടെ സാമീപ്യം അവർക്കും അത്ര താല്പര്യമൊന്നും കാണില്ലല്ലോ.

ആറുമണിയോടു കൂടി ബോട്ടിങ് അവസാനിപ്പിച്ച് ഞങ്ങൾ കരയിലേക്കു മടങ്ങി. ഇരുട്ടിത്തുടങ്ങിയതോടെ കോട്ടേജിലേക്കു പോയി. കുറച്ചു സമയം വരാന്തയിലിരുന്നു ‘കാടിന്റെ സംഗീതം’, അതായതു ചീവീടുകളുടെ ശബ്ദം ആസ്വദിച്ചു. ഏഴരയോടുകൂടി ഭക്ഷണം കഴിക്കാനായി ബിജു ഫോണിലൂടെ വിളിച്ചു. ബി എസ് എൻ എൽ ടവർ ഉള്ളതിനാൽ കാട്ടിനുള്ളിലും ഫോൺ പ്രവർത്തിക്കുമെന്നുള്ളത് അനുഗ്രഹമായി. ബുഫെ രീതിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണവും നല്ല ആതിഥ്യ മര്യാദയുള്ള ജോലിക്കാരുമെല്ലാമുള്ള വൃത്തിയുള്ള ഭക്ഷണശാല. ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിയാറായപ്പോഴേക്കും ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു.

അടുത്തു തന്നെ ക്യാമ്പ് ഫയർ സജ്ജീകരിച്ചിരുന്നു. അസഹ്യമായ തണുപ്പില്ലെങ്കിലും തീയുടെ സാമീപ്യം നന്നായി തോന്നി.

കൃാ൦പ് ഫയർ

അങ്ങനെ എല്ലാവരും ക്യാമ്പ്ഫയറിനു ചുറ്റും ഒത്തുകൂടി. കുട്ടികൾ പാട്ടും ഡാൻസും തുടങ്ങി. മുതിർന്നവർ പരസ്പരം പരിചയപ്പെട്ടും കുട്ടികളോടൊപ്പം പാട്ടു പാടിയും രാത്രി അതീവ ഹൃദ്യമാക്കി . രാവിലെ കൃത്യം ആറു മണിക്കു സഫാരിക്കു തയാറാകണമെന്നുള്ള നിർദ്ദേശം നൽകി ബിജു റൂമിലേക്കും ഞങ്ങൾ ടെന്റിലേക്കും പോയി. കമ്പിളി പുതച്ചു സുഖമായ ഉറക്കം.

2. ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര- ജംഗിൾ സഫാരി.

കൃത്യം ആറുമണിക്കു ഞങ്ങൾ എത്തുമ്പോഴേക്കും ജീപ്പുമായി ഡ്രൈവറും റെഡി. ദീപം എന്ന വിളിപ്പേരുള്ള രാജേശ്വരൻ ഡ്രൈവറെന്നതിലുപരി നല്ല ഗൈഡുകൂടിയാണ്. ഈ പ്രദേശത്തു ജനിച്ചുവളർന്ന അദ്ദേഹത്തിനു കാടിന്റെ ഓരോ മുക്കും മൂലയും പരിചിതമാണെന്നുള്ളതിൽ യാതൊരു അതിശയത്തിനും സ്ഥാനമില്ലല്ലോ. അടുത്തിടെ വിവാഹം കഴിഞ്ഞെത്തിയ നാലു ദമ്പതിമാരും ഞങ്ങളോടൊപ്പം ജീപ്പിലുണ്ടായിരുന്നു. കൂട്ടത്തിൽ സീനിയർ ആയ ഞാൻ മുൻസീറ്റിലും മറ്റുള്ളവരെല്ലാം പിന്നിലും. യാത്ര തുടങ്ങി.

വനത്തിനുള്ളിൽ പമ്പയുടെ മനോഹാരിത

ആദ്യമായി കാട്ടുപോത്തിന്റെ ഒരു കൂട്ടത്തെ ദൂരെയായി കണ്ടു. പിന്നീട് മാൻ ( Sambar deer ), കാട്ടുപന്നി, കാട്ടുകോഴി, മലയണ്ണാൻ, കുരങ്ങന്മാർ അങ്ങനെ പലതിനെയും കണ്ടു. ഇവിടെയും വഴിയിലുടനീളം ആനപ്പിണ്ടം കണ്ടെങ്കിലും ആനകളെ ഒന്നും തന്നെ കണ്ടില്ല.

പമ്പാ നദിക്കു കുറുകെയുള്ള ഏഴു ഡാമുകൾ ഈ പ്രദേശത്തുതന്നെയുണ്ട്. അതിൽ അഞ്ചെണ്ണവും ഞങ്ങൾക്കു കാണാൻ സാധിച്ചു. കൊടും കാട്ടിലൂടെയുള്ള യാത്ര വളരെ രസകരമായി തോന്നി. കാട്ടുപോത്തും കടുവയും എല്ലാമുള്ള കാടാണെന്നോർത്തപ്പോൾ അൽപ്പം ഭയം തോന്നാതിരുന്നില്ല. പക്ഷെ, കാട്ടുമൃഗങ്ങൾ ഒരു കാര്യവുമില്ലാതെ ഒരിക്കലും നമ്മളെ ഉപദ്രവിക്കില്ല എന്നാണ് ദീപം തറപ്പിച്ചു പറഞ്ഞത്.

ചുരുങ്ങിയ സമയം കൊണ്ട്, തമിഴുകലർന്ന മലയാളത്തിൽ വളരെയധികം കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്കു പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിൽ നിന്നും ഈ പ്രദേശത്തു കുടിയേറിയവരാണ്. അദ്ദേഹത്തിന്റെ മൂത്ത മകൾ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. ഇതു പറയുമ്പോൾ ആ പിതാവിന്റെ മുഖം അഭിമാനം കൊണ്ടു വിടർന്നിരുന്നു.

ആദിവാസികൾ, ശ്രീലങ്കയിൽ നിന്നു കുടിയേറിയ അഭയാർത്ഥികൾ എന്നിവരെയെല്ലാം പുനരധിവസിപ്പിച്ചിട്ടുള്ള കോളനികൾക്കു സമീപത്തു കൂടിയാണു ഞങ്ങൾ പോയത്. ഇവരിൽ പലരും വനത്തിനുള്ളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. പക്ഷെ പുതിയ തലമുറയിൽപ്പെട്ട പലരും വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ പല കാര്യങ്ങൾക്കായി മറ്റു നാടുകളിലാണത്രെ. ആദിവാസികൾക്കു സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ള കോളനികൾക്കു സമീപം തീരെ ചെറിയ കുടിലുകൾ കണ്ടു. ഇവർക്കൊക്കെ എത്ര വീടുകൾ കിട്ടിയാലും ഇതിനുള്ളിലേ കിടക്കു എന്നു ദീപം തെല്ലു നിരാശയോടെ പറയുന്നതു കേട്ടു.

കോളനിക്കു മുന്നിൽ യാതൊരു സങ്കോചവുമില്ലാതെ ഒരു മാനിന്റെ കുട്ടി മേഞ്ഞു നടക്കുന്നതു കണ്ടു. കൂട്ടത്തിൽ പറയട്ടെ, അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്ന പൊന്നമ്പല മേട്ടിലേക്കുള്ള വഴിയും ഞങ്ങൾ കണ്ടു. അവിടെനിന്നും നാലര കിലോമീറ്ററേയുള്ളു പൊന്നമ്പലമേട്ടിലേക്ക്.

അങ്ങനെ ഏതാണ്ടു രണ്ടു മണിക്കൂർ നീണ്ട സഫാരി അവസാനിപ്പിച്ചു ഞങ്ങൾ തിരികെയെത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു ട്രെക്കിങ്ങിനായി ബിജുവിനോടൊപ്പം പുറപ്പെട്ടു.

3. ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര -ട്രെക്കിങ്ങ്.

തുടക്കത്തിൽ മൃഗങ്ങളുടെ അസ്ഥികൂടവും കൊമ്പും മറ്റും പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം കാണാൻ കയറി. ഏറ്റവും അത്ഭുതകരമായി തോന്നിയത് ആനയുടെ അസ്ഥികൂടം മുഴുവനായി പ്രദർശിപ്പിച്ചിരിക്കുന്നതാണ്. മലയുടെമുകളിൽ നിന്നു പരസ്പരം പോരാടിയ കൊമ്പന്മാരിൽ ഒരുവൻ താഴേക്കു വീണു ചരിഞ്ഞതാണത്രേ. പക്ഷെ അതിലുള്ള കൊമ്പുകൾ കൃത്രിമമായി നിർമിച്ചതാണ്.

പിന്നീടു പതുക്കെ ട്രെക്കിങ്ങ് പാതയിലൂടെ മുകളിലേക്ക് .

ആനകൾ പതിവായി സഞ്ചരി��്കുന്ന വഴിയായ ആനത്താരകളാണ് ട്രെക്കിങ്ങിനായും തിരഞ്ഞെടുക്കാറ്. കാടിന്റെ സൗന്ദര്യം നുകർന്ന് മൃഗങ്ങൾ, പാറകൾ മരങ്ങൾ എന്നിങ്ങനെ സകലതിനെയും കുറിച്ചുള്ള ബിജുവിന്റെ വിവരണങ്ങൾ കേട്ടു മലമുകളിൽ എത്തിയത് അറിഞ്ഞതേയില്ല. അവിടെനിന്നു നോക്കിയാൽ ദൂരെയായി കാണുന്ന വെള്ളനിറത്തിലുള്ള കെട്ടിടസമുച്ചയം ശബരിമല ക്ഷേത്രവും ചുറ്റുപാടുമാണെന്നുള്ള അറിവ് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. പതിനെട്ടു മലകൾക്കു നടുവിലായാണ് ശബരിമല എന്നുള്ള സത്യം കണ്ടുമനസ്സിലാക്കാൻ തന്നെ സാധിച്ചു.

ആനയുടെ അസ്തി കൂട൦

കടുവകൾ ധാരാളമായി എത്തുന്ന സ്ഥലത്താണു ഞങ്ങൾ നിൽക്കുന്നത് എന്നുള്ള കാര്യം അല്പം ഭയത്തോടെയാണു മനസ്സിലാക്കിയത് . അവ കൊന്നു തിന്നുന്ന മാനുകളുടെയും മറ്റും രോമം ദഹിക്കാതെ പുറത്തേക്കു പോയത് അവിടെയെല്ലാം ധാരാളമായി കിടക്കുന്നതു കണ്ടു. തെളിവിനായി ബിജു കാണിച്ചു തന്നു എന്നു പറയുന്നതാണു കൂടുതൽ ശരി.

ഉച്ചക്കു ഏകദേശം 12 . 30 നു ഞങ്ങൾ തിരികെയെത്തി. ഉച്ച ഭക്ഷണം കഴിച്ചു ഓഫീസ് നടപടികൾ പൂർത്തിയാക്കി രണ്ടു മണിയോടു കൂടി ഗവിയോടു യാത്ര പറഞ്ഞു. കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒരു കാര്യം ഓഫീസ് സ്റ്റാഫിന്റെ പെരുമാറ്റമാണ്. ടൂറിസ്റ്റുകളോടു വളരെ സൗഹാർദത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. അടുത്ത പ്രാവശ്യം ജംഗിൾ ക്യാമ്പിനുകൂടി ( അതായതു കാട്ടിനുള്ളിൽ ഒരു രാത്രി ) തയാറായി വേണം വരാൻ എന്നാണു ബിജുപറഞ്ഞിരിക്കുന്നത് . ഞങ്ങൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഞങ്ങളോടൊപ്പം കൂടാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്.

ഗൈഡ് ബിജുവിനോടൊപ്പ൦

തിരികെയുള്ള യാത്രയിൽ പത്തൊൻപതു കിലോമീറ്റർ വളരെ പതുക്കെ, കാടിനെ നന്നായി കണ്ടുകൊണ്ടാണ് പോന്നത്.

കുടുംബവുമൊന്നിച്ചു യാത്ര പോകാനായി ഈ സ്ഥലം തിരഞ്ഞെടുക്കാൻ ഒട്ടും തന്നെ മടിക്കേണ്ടതില്ല. അടുത്ത അവധിക്കാലത്തു രണ്ടു ദിവസം ഇതിനായി മാറ്റിവെക്കുക. തീർച്ചയായും എല്ലാവരും ഇഷ്ടപ്പെട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

2 thoughts on “ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര

Leave a Reply