
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം. പ്രത്യേകിച്ച് പിറന്നാൾ ഗൃഹപ്രവേശം മുതലായ അവസരങ്ങളിൽ. തീർച്ചയായും നമ്മളിൽ പലർക്കും പലപ്പോഴും ഒരു സമ്മാനം തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ, യാതൊരു സംശയവും കൂടാതെ ഒരു ബോൺസായ് സമ്മാനമായി നല്കുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്. ബോൺസായ് സമ്മാനമായി നല്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ വളരെയേറെയാണ്.
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം.
-
ഇത് വളരെയധികം ഭംഗിയുള്ള ഒരു കലാരൂപമാണ്.

ബോൺസായ് സമ്മാനമായി നൽകുന്നത് പ്രോത്സാഹിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അതിന്റെ കലാമൂല്യം തന്നെയാണ്. തീർച്ചയായും മറ്റേതൊരു കലാരൂപത്തെയും പോലെ വളരെയധികം ക്ഷമയും അർപ്പണമനോഭാവവും ഒരു ബോൺസായിയുടെ രൂപീകരണത്തിനും ആവശ്യമാണ്.
സ്വർണം, പണം എന്നിങ്ങനെയുള്ള വസ്തുക്കളെപ്പോലെ തന്നെ ബോൺസായ് മരങ്ങളും അതിന്റെ മൂല്യം നഷ്ടപ്പെടാതെ ദീർഘകാലം സൂക്ഷിച്ചു വെക്കാൻ സാധിക്കും. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ജപ്പാൻ, ചൈന മുതലായ രാജ്യങ്ങളിൽ ഇതൊരു സംസ്കാരം തന്നെയാണ്. സാധാരണയായി ഈ നാടുകളിലെ ആൾക്കാർ തങ്ങളുടെ മുൻ തലമുറക്കാരിൽ നിന്നു ലഭിച്ച ബോൺസായ് മരങ്ങൾ പൂർവിക സ്വത്തായി സൂക്ഷിക്കാറുണ്ട്.
-
ബോൺസായ് മരങ്ങൾ വീട്ടിൽ ഏതു ഭാഗത്തും വെക്കാവുന്നതാണ്.
വിലപിടിപ്പുള്ള സമ്മാനങ്ങൾ നമ്മൾ എപ്പോഴും സുരക്ഷിതമായി സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. എന്നാൽ , ബോൺസായ് മരങ്ങൾ വീട്ടിൽ ഏതു ഭാഗത്തും വെക്കാവുന്നതാണ്. വീട്ടിനുള്ളിലോ പുറത്തോ നന്നായി വളരുന്ന ധാരാളം ബോൺസായ് മരങ്ങൾ ലഭ്യമാണ്. തന്നെയുമല്ല, ദിവസത്തിൽ ഒരിക്കലെങ്കിലും ഇതു നമ്മൾ കാണുകയും അപ്പോഴെല്ലാം ഈ മനോഹരമായ സമ്മാനം നൽകിയ പ്രിയപ്പെട്ടവരേ ഓർക്കുകയും ചെയ്യുന്നു.
-
പച്ച നിറം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്നു.
കൂടാതെ പച്ചപ്പ് എപ്പോഴും നമുക്ക് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്നു. രക്ത സമ്മർദ്ദം, മാനസിക പിരിമുറുക്കം തുടങ്ങിയ പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സസ്യങ്ങൾക്കുള്ള കഴിവിനെപ്പറ്റി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ പല ചെടികളും വീട്ടിനുള്ളിൽ സൂക്ഷിച്ചാൽ കാർബൺ ഡൈ ഓക്സയിഡ് പോലെ ദോഷകരമായ വാതകങ്ങൾ അവ വലിച്ചെടുക്കുന്നു. പിന്നീട് ഓക്സിജൻ പുറത്തേക്കു വിട്ട് അന്തരീക്ഷം ശുദ്ധമാക്കുന്നു.

-
വീട്ടിൽ ബോൺസായ് മരങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമായി കരുതുന്നു.
വാസ്തുശാസ്ത്രം, ഫെങ്ങ്ഷുയി എന്നിവയൊക്കെ അനുസരിച്ചു ചില മരങ്ങൾ വീട്ടിൽ വളർത്തുന്നത് ഐശ്വര്യ ലക്ഷണമായി കരുതുന്നു. ഉദാഹരണമായി ജെയ്ഡ് , മുള എന്നീ മരങ്ങൾ.
ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്ക് നല്കാൻ അനുയോജ്യമായ സമ്മാനം.
ഏതൊക്കെ മരങ്ങളാണ് ഉത്തമം?
ഓരോരുത്തർക്കും അവരവരുടെ ചുറ്റുപാടിൽ നന്നായി വളരുന്ന മരങ്ങൾ തിരഞ്ഞെടുക്കാം. ആൽ ( ഫൈക്കസ് ) കുടുംബത്തിൽപ്പെട്ട മരങ്ങൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നന്നായി വളരും. ഇന്ത്യ പോലെയുള്ള ട്രോപ്പിക്കൽ പ്രദേശങ്ങളിൽ വാളൻ പുളി, ജെയ്ഡ്, കണിക്കൊന്ന, തുടങ്ങിയ മരങ്ങളും ബോൺസായ് ആയി വളർത്തുന്നതിന് ഏറെ അനുയോജ്യമാണ്. വിവിധ നിറങ്ങളിലുള്ള പൂക്കളോടു കൂടിയ തെറ്റി,( Ixora ), ബൊഗെയ്ൻവില്ല മുതലായ പൂച്ചെടികളും വളരെ നന്നായിരിക്കും.
വിവിധ നിറങ്ങളിലുള്ള പൂക്കളോടു കൂടിയ അഡീനിയം ബോൺസായ്( Desert rose ) ഇന്നു വളരെയധികം പ്രചാരത്തിലുണ്ട്.

സമ്മാനം സ്വീകരിക്കുന്നത് ഈ രംഗത്ത് പുതിയ ആളാണെങ്കിൽ ഒരു ബോൺസായ് കിറ്റ് കൂടി നൽകാവുന്നതാണ് ( ഇതിൽ പല തരത്തിലുള്ള കട്ടറുകൾ, കത്രിക മുതലായ സാധനങ്ങളുണ്ടാകും ).
ചുരുക്കിപ്പറഞ്ഞാൽ ഒരു ബോൺസായ് മരത്തിന്റെ ആരോഗ്യവും സൗന്ദര്യവും, അതിനെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ ബോൺസായ് സമ്മാനമായി നല്കാൻ തീരുമാനിച്ചാൽ, അതു സ്വീകരിക്കുന്നയാളിന്റെ താത്പര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിനു വേണ്ടി നടത്തിയ ശ്രമങ്ങൾ എല്ലാം വ്യർത്ഥമാകുമല്ലോ.
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ചുകൊണ്ടു തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ബോൺസായ് മരം സമ്മാനമായി നൽകുക.
അതുപോലെതന്നെ ഒരു ബോൺസായ് മരം സമ്മാനമായി നിങ്ങൾക്കു ലഭിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുക. വളരെ ശ്രദ്ധയോടു കൂടി അതിനെ സംരക്ഷിക്കുക.