
ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ, ഒരേ സമയം കൃഷി എന്ന രീതിയിലും എന്നാൽ വളരെയധികം ശ്രദ്ധ നേടിത്തരുന്ന ഒരു കലാ രൂപമെന്ന രീതിയിലും. നൂറ്റാണ്ടുകൾക്കു മുൻപ് ജപ്പാൻ ,ചൈന മുതലായ രാജ്യങ്ങളിൽ ആരംഭിച്ച ഈ വിദ്യ മിക്കവാറും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ബോൺസായ് വളരെയധികം പ്രചാരത്തിൽ ആയിട്ടുണ്ട്. ഹോബി എന്നതിലുപരി ഒരു പ്രധാന വരുമാന മാർഗ്ഗമായും പലരും ബോൺസായ് മരങ്ങൾ വളർത്തുന്നുണ്ട്.
സാധാരണയായി വിത്ത് മുളപ്പിച്ചും കമ്പു മുറിച്ചു നട്ടുമാണ് ബോൺസായ് മരങ്ങൾ വളർത്തുന്നത്. ഒരു മരം, ബോൺസായ് എന്ന മനോഹരമായ കലാരൂപമായി മാറുന്നതിനു വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇത് അതുല്യവും സാമാന്യം വിലപിടിപ്പുള്ളതും ആയിരിക്കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ വില കൊടുത്തു ഒരു ബോൺസായ് വാങ്ങുകഎന്നത് ബുദ്ധിമുട്ടായിരിക്കും. വളരെയധികം താല്പര്യമുണ്ടെങ്കിലും താങ്ങാനാവാത്ത വിലയാണ് പലരെയും ബോൺസായ് വളർത്തലിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, വളരെ കുറഞ്ഞ ചിലവിൽ ഈ കലാരൂപം എങ്ങനെ സ്വന്തമാക്കാം എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണല്ലോ.
തീർച്ചയായും അൽപ്പം ക്ഷമയും മരങ്ങളെ സ്നേഹിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ ആർക്കും ബോൺസായ് മരങ്ങൾ വളർത്താവുന്നതാണ്. ഒരു സാധാരണ ചെടിയെ സംരക്ഷിക്കുന്ന അത്ര ശ്രദ്ധയും പരിചരണവും മാത്രമേ ഒരു ബോൺസായ് മരം വളർത്തുന്നതിനും ആവശ്യമായി വരുന്നുള്ളു.
ബോൺസായ് വളർത്താം കുറഞ്ഞചിലവിൽ – എങ്ങനെ എന്ന് നോക്കാം
1 . മരം തിരഞ്ഞെടുക്കൽ.
അതാതു സ്ഥലങ്ങളിൽ സുലഭമായിവളരുന്ന മരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. കാരണം കാലാവസ്ഥയും മണ്ണിന്റെ ഘടനയും മരങ്ങൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ട്രോപ്പിക്കൽ പ്രദേശമായ കേരളത്തിലെ കാലാവസ്ഥക്കു യോജിച്ച മരങ്ങളായ വാളൻ പുളി, കണിക്കൊന്ന, ആൽ കുടുംബത്തിൽപ്പെട്ട മരങ്ങൾ മുതലായവ ഏറ്റവും അനുയോജ്യമാണ്. ഇവയുടെയെല്ലാം തൈകൾ വലിയ മരങ്ങളുടെ ചുവട്ടിൽ നിന്നും അനായാസം ശേഖരിക്കാൻ കഴിയും. അതുപോലെ ബോൺസായ് ആയി വളർത്താൻ ഏറ്റവും അനുയോജ്യമായ മരങ്ങളായ ജേഡ്, ഫൈക്കസ് ബെഞ്ചമിനാ എന്നിവയുടെ കമ്പുകൾ ശേഖരിച്ചു നട്ടു വളർത്തിയും തൈകൾ ഉൽപ്പാദിപ്പിക്കാവുന്നതാണ്.

2. തൈകൾ നടുന്ന രീതി.
ആദ്യമായി മണ്ണ്, മണൽ, വളം ( ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ) 4 :3 : 3 എന്ന അനുപാതത്തിൽ യോജിപ്പിക്കുക. പിന്നീട് ഈ മിശ്രിതം ഒരു സാധാരണ ചെടി ചട്ടിയിൽ മുക്കാൽ ഭാഗം നിറയ്ക്കുക. ചട്ടിയിൽ നല്ല നീർ വാർച്ചയുണ്ടായിരിക്കണം.
നല്ല ആരോഗ്യമുള്ള തൈ തിരഞ്ഞെടുത്തു ചട്ടിയിൽ നടുക. ആദ്യ ദിവസങ്ങളിൽ തണലിൽ സൂക്ഷിക്കുകയും കൃത്യമായി നനയ്ക്കുകയും ചെയ്യുക. ചെടിയുടെ വേര് പിടിച്ചു തുടങ്ങുകയും പുതിയ ഇലകൾ വരുകയും ചെയ്താൽ ക്രമേണ വെയിലത്തേക്കു മാറ്റുക. ഇങ്ങനെ പതിവായി നനയ്ക്കുകയും ഇടയ്ക്കിടയ്ക്ക് നേർപ്പിച്ച ജൈവ വളം നൽകുകയും ചെയ്യുക. ഏകദേശം രണ്ടോ മൂന്നോ വർഷങ്ങൾ ചെടിയെ യഥേഷ്ടം വളരാൻ അനുവദിക്കുക.
3. പ്രൂണിങ്.
ബോൺസായിയിലേക്കുള്ള യഥാർത്ഥ പരിണാമത്തിന്റെ ആദ്യ ഘട്ടമാണിത്. ആവശ്യത്തിനുള്ള ശിഖരങ്ങളും ഇലകളും മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുന്നതിനാണ് പ്രൂണിങ് എന്നു പറയുന്നത്.
4. റീപോട്ടിങ്.
പ്രൂണിംഗിന് ശേഷം ചെടിയെ മണ്ണോടുകൂടി മുഴുവനായി പുറത്തെടുക്കുക. അതിനു ശേഷം മൂർച്ചയുള്ള കത്രിക ഉപയോഗിച്ച് വേരുകളുടെ മൂന്നിൽ രണ്ടു ഭാഗം നിർത്തി ബാക്കി മുറിച്ചു മാറ്റുക. (ഇതിനായുള്ള പ്രത്യേക ഉപകാരണങ്ങളായ കത്രിക, കട്ടറുകൾ, പ്ലയർ മുതലായവഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്).
ചട്ടിയിൽ ആദ്യം സൂചിപ്പിച്ച അതേ അനുപാതത്തിൽ നടീൽ മിശ്രിതം നിറച്ചതിനു ശേഷം ചെടി നടുക. പതിവായി നനയ്ക്കുകയും കൃത്യമായ ഇടവേളകളിൽ വളമിട്ടു പരിപാലിക്കുകയും വേണം.
5. വയറിങ് .

അവരവരുടെ ഭാവനക്കനുസരിച്ചു ബോൺസായ് മരത്തിനുരൂപ ഭംഗി വരുത്തുന്നഘട്ടമാണിത്. ശിഖരങ്ങൾ മൃദുവായ കമ്പികൾ ഉപയോഗിച്ച് അനുയോജ്യമായ രീതിയിൽ വളച്ചു കെട്ടി വെക്കുന്നു.
അലൂമിനിയം അല്ലെങ്കിൽ ചെമ്പു കമ്പികൾ ഇതിനായി ഉപയോഗിക്കാം. കമ്പി ചുറ്റുമ്പോൾ അധികം മുറുകി കമ്പുകളിൽ പാടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ക്രമേണ ചെടി മനോഹരമായ ഒരു ബോൺസായ് ആയി മാറുന്നു. ഓരോ ചെടിയുടെയും വളർച്ച രീതികൾ വ്യത്യസ്തമായതിനാൽ ബോൺസായ് രൂപത്തിലേക്ക് മാറുന്നതിനു വേണ്ടിവരുന്ന സമയവും അതിനനുസരിച്ചായിരിക്കും
6. ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റം .

ഇങ്ങനെ ബോൺസായ് രൂപത്തിലായ ചെടിയെ പ്രത്യേകം രൂപകൽപന ചെയ്തു നിർമിച്ചിട്ടുള്ള ചട്ടിയിലേക്കു മാറ്റി നടാവുന്നതാണ്. നടീൽ മിശ്രിതം ആദ്യ ഘട്ടത്തിൽ പ്രതിപാദിച്ചിട്ടുള്ള അനുപാതത്തിൽ തന്നെ മതിയാകും. ബോൺസായ് ചട്ടികൾ കടകളിൽ നിന്നോ ഓൺലൈൻസ്റ്റോറുകളിൽ നിന്നോ വാങ്ങാവുന്നതാണ്.
തീർച്ചയായും ലളിതവും ചിലവു കുറഞ്ഞതുമായ ഈ രീതിയിലൂടെ ഒരു ബോൺസായ് വളർത്താൻ നിങ്ങൾക്കും ശ്രമിച്ചു നോക്കാവുന്നതാണ്. അതായതു, ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ, എന്നുള്ള കാര്യം സ്വന്തം അനുഭവത്തിലൂടെ തന്നെ ബോധ്യമാകുമല്ലോ.

( All pics shown in this article, are from the collection of Tamarind Bonsai, Kottayam)