ബോൺസായ് മരം വളർത്തൽ സംരക്ഷണം.

ചെറിയ ഇലകൾ പൂവ് കായ് ശിഖരങ്ങൾ എന്നിവ അനുയോജ്യം
വാളൻ പുളി ബോൺസായ്

ബോൺസായ് മരം വളർത്തൽ സംരക്ഷണം. യഥാർത്ഥത്തിൽ ബോൺസായ് എന്ന വാക്കിന്റെ അർത്ഥം പാത്രങ്ങളിൽ വളരുന്ന മരം എന്നാണ്. അതായത് വൃക്ഷങ്ങളെ പല രീതികളിലൂടെ, അവയുടെ യഥാർത്ഥ ലക്ഷണങ്ങളോടുകൂടി കുഞ്ഞൻ മരങ്ങളായി വളർത്തുന്ന രീതിയാണിത്. അതിനേക്കാളേറെ പൂക്കളോടും കായ്കളോടും കൂടിയ ഈ ചെറുമരങ്ങൾ കാഴ്ചയിൽ വളരെ കൗതുകമുണർത്തുന്നവ
യാണ്. താങ്ങു വേരുകളോടു കൂടിയ ആൽ വർഗത്തിൽ പെട്ട മരങ്ങൾ ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായവയാണ്.

അൽപം ബോൺസായ് ചരിത്രം.

ജപ്പാനിൽ ബോൺസായ് എന്ന കലാരൂപം ആരംഭിച്ചിട്ട് ഏകദേശം ആയിരം വർഷത്തോളം ആയിട്ടുണ്ടെന്നു കരുതുന്നു. എന്നാൽ കിഴക്കൻ ഏഷ്യൻ രാജ്യമായ ചൈനീസ് വാക്ക് ‘ പെൻസി’ എന്ന വാക്കിൽ നിന്നാണ് ബോൺസായ് എന്ന വാക്കിന്റെ ഉത്ഭവം എന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഏതായാലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ലോകത്തിലെ മറ്റു കോണുകളിലേക്ക് ബോൺസായ് എന്ന കലാരൂപം വ്യാപിച്ചിട്ടുള്ളത് എന്നത് തർക്കമറ്റ വസ്തുത തന്നെയാണ്. എന്നാൽ ആർഷഭാരത സംസ്കാരത്തിന്റെ പ്രധാന ഭാഗമായിരുന്ന മുനിമാരുടെ സംഭാവനയാണ് ഈ മനോഹരമായ സൃഷ്ടികൾ എന്ന് വിശ്വസിക്കാനാണല്ലോ ഭാരതീയരായ നമുക്ക് തീർച്ചയായും താല്പര്യം.

തടി ഇലകൾ പൂക്കൾ ശിഖരങ്ങൾ എന്നിവ അനുയോജ്യം

ബൊഗെയ്ൻവില്ല

ബോൺസായ് മരം വളർത്തൽ സംരക്ഷണം – ലക്ഷ്യങ്ങൾ.

പ്രധാനമായും കലാപരമായ മേന്മയാണ് ബോൺസായ് എന്ന കുഞ്ഞൻ മരങ്ങളെ ഇത്രയധികം പ്രശസ്തമാക്കിയിട്ടുള്ളത്. സ്വന്തം മക്കളെയെന്ന പോലെ മരങ്ങളെ പരിപാലിച്ച് വളർത്തിയെടുക്കുക എന്നത് വളരെയേറെ നിർവൃതി നല്കുന്നു എന്നതാണ് വാസ്തവം. അതിലുപരി വളരെയധികം ക്ഷമയുംഅർപ്പണ ബോധവും ആവശ്യമായയായതിനാൽ ബോൺസായ് പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കാൻ ഈ കലാ രൂപത്തിനു കഴിയുന്നു.

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ബോൺസായ് മരങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരുന്നു. വാസ്തു ശാസ്ത്രവും ഫെങ് ഷൂയി പോലെയുള്ള മറ്റു ശാസ്ത്രങ്ങളും ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

ബോൺസായ് അനുയോജ്യമായ മരങ്ങൾ.

സാധാരണ യായി ഒരു മരം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ലക്ഷണമൊത്ത ഒരു ബോൺസായ് ആയിത്തീരുന്നതിന് കുറഞ്ഞ ത് പത്തു വർഷത്തെ കാത്തിരിപ്പെങ്കിലും ആവശ്യമാണ്. ചില മരങ്ങൾക്ക് അത്ര നീണ്ട കാലാവധി ആവശ്യമായി വരുന്നില്ല. എന്നാൽ അരയാൽ പോലെ യുള്ള ചില മരങ്ങൾക്ക് ഇരുപതോ അതിലധികമോ വർഷങ്ങൾ വേണ്ടിവന്നേക്കാം. കൂടാതെ വളരെ വേഗത്തിൽ ബോൺസായ് രുപത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ‘ജേഡ്’ പോലെയുള്ള മരങ്ങളും ലഭ്യമാണ്.

നടീൽ രീതികൾ.

വിവിധ രീതികളിലൂടെ തൈകൾ വളർത്തിയെടുക്കാൻ സാധിക്കും. വാളൻ പുളി, അഡീനിയം തുടങ്ങിയവ വിത്തു മുളപ്പിച്ച് നട്ടു വളർത്തുന്ന രീതിയാണ് അഭികാമ്യം. എന്നാൽ ആൽ കുടുംബത്തിൽ പെട്ട ‘ഫൈക്കസ്’ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന മരങ്ങൾ കമ്പു മുറിച്ചു നട്ടു വളർത്തുന്നു. നേഴ്സറി കളിൽ നിന്നും തൈകൾ നേരിട്ടു വാങ്ങി ബോൺസായ് ആയി രൂപപ്പെടുത്തിയെടുക്കുന്ന രീതിയും കണ്ടുവരുന്നു.

ബോൺസായ് മരം വളർത്തൽ സംരക്ഷണം – വിവിധ ഘട്ടങ്ങൾ.

ഇലകൾ പൂക്കൾ കോഡക്സ് എന്ന ആകർഷകമായ തണ്ട് എന്നിവ അനുയോജ്യം
അഡീനിയം ബോൺസായ്

1. ചട്ടിയിൽ തൈകൾ നടുന്നു.

വിത്തു മുളപ്പിച്ചോ മറ്റു രീതിയിലോ ലഭിക്കുന്ന തൈകൾ ഒരു സാധാരണ ചെടിച്ചട്ടിയിൽ വളരാൻ അനുവദിക്കുക. മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയും 4:3:3 എന്ന അനുപാതത്തിൽ കലർത്തിയ നടീൽ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പതിവായി നനയ്ക്കുകയും രണ്ടാഴ്ചയിലൊരിക്കൽ നേർപ്പിച്ച ജൈവ വളം മിതമായ തോതിൽ നല്കുകയും വേണം. ഇങ്ങനെ തൈകൾ വളർന്ന് ശിഖരങ്ങൾ രൂപപ്പെട്ടു കഴിയുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.

2. പ്രൂണിങ്ങ്.

ഈ ഘട്ടത്തിൽ ആവശ്യമായ ഇലകളും ശിഖരങ്ങളും നിർത്തിയതിനു ശേഷം മറ്റുള്ളവ നീക്കം ചെയ്യുന്നു. ഈ ഘട്ടം മുതൽ അല്പം ഭാവനയും കൂടി പ്രയോഗിക്കേണ്ടതുണ്ട്. ബോൺസായ് എന്ന കലാരൂപത്തിന്റെ പ്രാരംഭ ഘട്ടമാണിത്.

3. വയറിംഗ്.

ശിഖരങ്ങൾ കനം കുറഞ്ഞ മൃദുവായ കമ്പി ഉപയോഗിച്ച് വളച്ച് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തുന്നതിന് വയറിംഗ് എന്നു പറയുന്നു. സാധാരണ അലൂമിനിയം, ചെമ്പ് കമ്പി കളാണ് ഇതിന് കൂടുതൽ അനുയോജ്യം.

4. റീ പോട്ടിംഗ് – ബോൺസായ് മരം വളർത്തൽ സംരക്ഷണം .

ചെടികൾ വലിപ്പമനുസരിച്ച് മറ്റൊരു ചട്ടിയി ലേക്കു മാറ്റുക. സ്ഥിരമായ പരിചരണം ആവശ്യമായ ഘട്ടമാണിത്. മുൻപ് വിവരിച്ച പരിചരണ രീതികൾ അതേപടി ഈ ഘട്ടത്തിലും ആവശ്യമാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ബോൺസായ് പരിണാമത്തിലേക്കുള്ള തൈകൾ ചട്ടിയിൽ നിന്നും പുറത്തെടുക്കുക. എന്നിട്ട് ഏകദേശം മൂന്നിൽ രണ്ടു ഭാഗം വേരുകൾ മാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുക. നടീൽ മിശ്രിതം നേരത്തെ പ്രതിപാദിച്ച അതേ രീതിയിൽ തന്നെ ചട്ടിയിൽ നിറച്ച ശേഷം വീണ്ടും നടുക. വേരുകളും ശാഖകളും മുറിച്ചു മാറ്റുന്ന തിനാവശ്യമായ ഉപകരണങ്ങൾ ( കത്രിക, കോൺകേവ് കട്ടർ, വയർ, പ്ളയർ, ബ്രാഞ്ച് കട്ടർ മുതലായവ ) ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

5. ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റം.

ആഴം കുറഞ്ഞ പ്രത്യേക തരം ചട്ടികളാണ് ബോൺസായ് ചട്ടികൾ അഥവാ ബോൺസായ് പോട്സ്. ഓവൽ, ചതുരം, വൃത്തം തുടങ്ങി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചട്ടികൾ ലഭ്യമാണ്. ചെടികളുടെ വലുപ്പവും ആകൃതിയും അനുസരിച്ച് ചട്ടികൾ തിരഞ്ഞെടുക്കാം.

ബോൺസായ് ചട്ടിയിലേക്കുള്ള മാറ്റത്തോടെ മരങ്ങൾ യഥാർത്ഥ കലാ രൂപമായി യിട്ടുണ്ടാവും. എന്നാൽ, സ്ഥിരമായ പരിചരണം ബോൺസായ് മരങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.

( ഈ ലേഖനത്തോടൊപ്പം ചേർത്തിട്ടുള്ള ബോൺസായ് ചിത്രങ്ങൾ കോട്ടയം Tamarind Bonsai യിൽ നിന്നുമാണ് ).

Leave a Reply

%d bloggers like this: